Connect with us

National

ഐ എസ് തീവ്രവാദികള്‍  കൊന്ന 38 ഇന്ത്യക്കാരുടെ മൃതദേഹാവശിഷ്ടങ്ങള്‍ രാജ്യത്തെത്തിച്ചു

Published

|

Last Updated

കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ട പഞ്ചാബ് സ്വദേശി ഗുര്‍ചരണ്‍ സിംഗിന്റെ ചിത്രവുമായി
വിലപിക്കുന്ന ബന്ധുക്കള്‍

അമൃത്‌സര്‍: ഇറാഖില്‍ ഐ എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊന്ന 38 ഇന്ത്യക്കാരുടെ മൃതദേഹാവശിഷ്ടങ്ങള്‍ രാജ്യത്തെത്തിച്ചു. ബഗ്ദാദില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങളുമായി എത്തിയ വിമാനം ഉച്ചക്ക് 2.30ന് അമൃത്‌സര്‍ വിമാനത്താവളത്തിലെത്തി. ഇവ കൊണ്ടുവരുന്നതിനായി വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ഞായറാഴ്ച രാവിലെ പ്രത്യേക വിമാനത്തില്‍ ഇറാഖിലേക്ക് പോയിരുന്നു. കഴിഞ്ഞ മാസമാണ് ഇവര്‍ മരിച്ച വിവരം കേന്ദ്രം പ്രഖ്യാപിക്കുന്നത്. അവശിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ മാര്‍ട്ടിയേഴ്‌സ് ഫൗണ്ടേഷന്‍ ഏറെ പ്രയാസപ്പെട്ടുവെന്ന് വിമാനത്താവളത്തില്‍ വി കെ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമവിരുദ്ധ ഏജന്റുമാര്‍ മുഖേനയാണ് നിര്‍മാണ തൊഴിലാളികള്‍ ഇറാഖിലേക്ക് പോയത് എന്നതിനാല്‍ ഇവരുടെ രേഖകള്‍ ഇന്ത്യന്‍ എംബസി കൈവശമുണ്ടായിരുന്നില്ല.

ഹര്‍ജിത് മസീഹിന്റെ വാക്കുകള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നാല്‍പ്പത് ഇന്ത്യക്കാരെയാണ് 2014ല്‍ ഐ എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ രക്ഷപ്പെട്ട ഏക വ്യക്തിയായിരുന്നു മസീഹ്. ഇറാഖില്‍ കാണാതായ ബിഹാറില്‍ നിന്നുള്ള രാജു യാദവിന്റെ ഡി എന്‍ എ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടമില്ലെന്നും വി കെ സിംഗ് പറഞ്ഞു. നേരത്തെ 40 മലയാളി നഴ്‌സുമാരെ ഇറാഖില്‍ നിന്ന് തിരികെ കൊണ്ടുവന്നിരുന്നുവെന്നും സിംഗ് പറഞ്ഞു.

അതിനിടെ, മരിച്ചവരുടെ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ ധര്‍ണ നടത്തി. ഉച്ചയോടെ എത്തിയ ഇവര്‍ കാര്‍ഗോ ഗേറ്റിന് സമീപമാണ് ധര്‍ണ നടത്തിയത്. മൃതദേഹാവശിഷ്ടങ്ങള്‍ കാണാന്‍ ബന്ധുക്കളെ അനുവദിക്കില്ലെന്നും ഔദ്യോഗിക മേല്‍നോട്ടത്തില്‍ വേഗം സംസ്‌കാരം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലിമെന്റില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിവരം അറിയിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും സാമ്പത്തിക സഹായം പ്രഖ്യാപിക്കാത്തതില്‍ ബന്ധുക്കള്‍ക്ക് അമര്‍ഷമുണ്ട്.

Latest