Connect with us

Kerala

നായ വിഴുങ്ങിയ റബ്ബര്‍ പാവകള്‍ ആറ് മാസത്തിന് ശേഷം പുറത്തെടുത്തു

Published

|

Last Updated

നായയുടെ വയറ്റില്‍നിന്ന് ശസ്ത്രക്രീയയിലൂടെ പുറത്തെടുത്ത പാവകള്‍

ചെങ്ങന്നൂര്‍: ആലപ്പുഴ സ്വദേശി ആതിരയുടെ നാല് വയസ്സ് പ്രായമുള്ള ലാബ്രഡോര്‍ ഇനത്തിലുള്ള വളര്‍ത്തുനായയുടെ വയറ്റില്‍ നിന്ന് നാല് മണിക്കൂറിലധികം നീണ്ട ശസ്ത്രക്രീയയിലൂടെ റബ്ബര്‍ പാവകള്‍ പുറത്തെടുത്തു. ആറ് മാസം മുമ്പാണ് ഇത് വിഴുങ്ങിയത്. വിഴുങ്ങുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. ഒന്നര വര്‍ഷം മുമ്പ് ഇതേ നായ രണ്ട് പാവകളെ ഇതുപോലെ വിഴുങ്ങിയിരുന്നെങ്കിലും മലവിസര്‍ജനത്തിലൂടെ പുറത്തുപോയതിനാല്‍ അപ്രകാരം ഇതും പോകുമെന്ന് വീട്ടുകാര്‍ കരുതി. ഒരാഴ്ച മുന്‍പ് നായക്ക് ഛര്‍ദ്ദിലും വിശപ്പില്ലായ്മയും വിസര്‍ജ്യങ്ങള്‍ പുറത്ത് പോകാതെയുമായപ്പോള്‍ ആലപ്പുഴ ജില്ലാ മൃഗാശുപത്രിയില്‍ പരിശോധന നടത്തി. അവര്‍ മരുന്ന് കൊടുത്തിട്ടും ട്രിപ്പ് ഇട്ടിട്ടും യാതൊരു വെത്യാസവും കണ്ടില്ല. തുടര്‍ന്ന് എക്‌സ്‌റേ പരിശോധനയില്‍ ചെറുകുടലില്‍ എന്തോ വസ്തുക്കള്‍ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. റബ്ബര്‍ ആയതിനാല്‍ അത് എക്‌സ്‌റയില്‍ തെളിഞ്ഞുകണ്ടില്ല. അവിടെ നിന്നാണ് ചെങ്ങന്നൂര്‍ മൃഗാശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. ദീപു ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് റബ്ബര്‍ പാവകള്‍ പുറത്തെടുത്തത്. ദീപു ഫിലിപ്പ് മാത്യുവിനെ കൂടാതെ ഡോ. എബ്രഹാം, ഡോ. ജേക്കബ് ജോണ്‍, ഡോ. ആതിര പി നായര്‍ എന്നിവരാണ് ശസ്ത്രക്രീയയില്‍ സഹായിച്ചത്. നായ സുഖം പ്രാപിച്ചുവരുന്നു.

ചെറുകുടലില്‍ അകപ്പെട്ട വസ്തു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പുറത്തെടുത്ത പാവക്ക് ഒരെണ്ണത്തിന് 6 സെന്റീമീറ്റര്‍ നീളവും 6 സെന്റീമീറ്റര്‍ വീതിയും ഉണ്ടായിരുന്നു.

 

Latest