പാലക്കാട്: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയുമെന്ന് നടനും എം പിയുമായ ഇന്നസെന്റ്. തനിക്ക് ഒരുപാട് പ്രശ്‌നങ്ങളും തിരക്കുകളുമുണ്ട്. സംഘടനക്കുള്ളില്‍ പ്രശ്‌നങ്ങളുള്ളതിനാല്‍ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി താന്‍ ഈ സ്ഥാനത്തുണ്ട്. കഴിഞ്ഞ നാല് തവണയും തന്നെ അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ സ്‌നേഹത്തിന്റെ സമ്മര്‍ദം കൊണ്ട് തുടരുകയായിരുന്നെന്നും ഇന്നസെന്റ് വ്യക്തമാക്കി.
മൂന്ന് വര്‍ഷമാണ് ഒരു ഭരണസമിതിയുടെ കാലാവധി. ജൂലൈയില്‍ ചേരുന്ന ജനറല്‍ ബോഡിയില്‍ തന്റെ നിലപാട് വ്യക്തമാക്കും. സ്ഥാനമോഹമില്ല, അമ്മയുടെ അധ്യക്ഷ സ്ഥാനം കഷ്ടപ്പെട്ട് നേടിയതുമല്ല. മറ്റുള്ളവരുടെ സ്‌നേഹത്തോടെയുള്ള നിര്‍ബന്ധത്തിനു വഴങ്ങിയാണ് തുടരുന്നത്. താന്‍ രാജി വെക്കുന്നതല്ല. എല്ലാ തവണയും ജനറല്‍ ബോഡിയില്‍ ചോദിക്കുന്ന കാര്യം ഇത്തവണയും ആവര്‍ത്തിക്കും. തനിക്ക് രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ഇന്നസെന്റ് പാലക്കാട്ടെ ഒരു ചടങ്ങില്‍ പങ്കെടുക്കവേ പറഞ്ഞു.