Connect with us

Kerala

പെസഹാ ദിവസം സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന കര്‍ദിനാളിന്റെ ഉത്തരവിനെതിരെ ഒരു വിഭാഗം വൈദികര്‍

Published

|

Last Updated

കൊച്ചി: പെസഹാ ദിവസം സ്ത്രീകളുടെ കാല്‍കഴുകേണ്ടതില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഉത്തരവിനെതിരെ ഒരു വിഭാഗം വൈദികര്‍ രംഗത്ത്. ഭൂമി വിവാദത്തില്‍ പ്രതിരോധത്തിലായിരിക്കുമ്പോഴാണ് കര്‍ദിനാളിനെതിരെ വൈദികരുടെ പുതിയ നീക്കം. വരുന്ന വൈദിക സമിതി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും. സഭയില്‍ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണെന്നാണ് ഇവരുടെ വാദം. കാനോന്‍ നിയമങ്ങളും ഇത് ഉറപ്പുനല്‍കുന്നുണ്ട്. അതിനാല്‍ പെസഹാ ദിവസം പുരുഷന്‍മാരുടെ കാലുകള്‍ മാത്രം കഴുകിയില്‍ മതിയെന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഉത്തരവ് സഭക്ക് വിരുദ്ധമാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന കര്‍ദിനാളിന്റെ ഉത്തരവിന് സിനഡ് നല്‍കിയ പിന്തുണ ചോദ്യം ചെയ്യാനാണ് വൈദികരുടെ നീക്കം. അടുത്ത സമിതി യോഗങ്ങളില്‍ തന്നെ ഇക്കാര്യം അജന്‍ഡയില്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കും. 2017ലാണ് ആലഞ്ചേരിയുടെ ഉത്തരവ് വന്നത്. യേശു 12 പുരുഷന്‍മാരുടെ കാലുകളാണ് കഴുകിയതെന്നും അതിന്റെ പ്രതീകമായിട്ടാണ് കാല്‍ കഴുകല്‍ ശുശ്രൂഷയെന്നുമാണ് വിശദീകരണം. എന്നാല്‍ കാല്‍കഴുകലിലൂടെ ഉദ്ദേശിക്കുന്നത് ഇടയന്‍ ഭൃത്യനായി മാറുന്ന മഹത്തായ സന്ദേശമാണെന്നും അതിന് സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും വൈദികര്‍ പറയുന്നു.

Latest