കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഐക്യം ശക്തിപ്പെടണം: കോടിയരി

Posted on: April 1, 2018 6:21 am | Last updated: March 31, 2018 at 11:25 pm
SHARE
സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ പന്ന്യനും കോടിയേരിയും സൗഹൃദം പങ്കിടുന്നു

തൃശൂര്‍: ആര്‍ എസ് എസ് ബിജെ പി സംഘം ഉയര്‍ത്തുന്ന വര്‍ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ മാക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിലൂന്നിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ഭൂരിപക്ഷത്തിന്റെ പ്രതീക്ഷ ഇടതുപക്ഷത്തിലാണ്. അത് ശക്തിപ്പെടുത്താന്‍ സി പി എമ്മും സി പി ഐയും കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആശയപരമായി ചില കാര്യങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകാമെങ്കിലും കാതലായ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ചുനില്‍ക്കുകയും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ ഇടത് പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കഴിയുകയും വേണം. സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി മാര്‍ക്‌സിസത്തിന്റെ സമകലിന പ്രസ്‌ക്തി എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കോടിയേരി.

ഇന്ത്യന്‍ രാഷ്ട്രീയത്തെ കോര്‍പറേറ്റുകള്‍ വിഭജിച്ചെടുക്കാന്‍ മത്സരിക്കുകയാണ്. അതിനെതിരെയുള്ള പ്രതിരോധനിര ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നു മാത്രമേ ഉണ്ടാകൂ. ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് മാര്‍ക്‌സിയന്‍ ആശയങ്ങളെ പരിഷ്‌കരിക്കാന്‍ കഴിയില്ലെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. കാലത്തിന്റെ വികാസത്തോടൊപ്പം നിരന്തരം വികാസം പ്രാപിക്കുന്നതാണ് മാര്‍ക്‌സിസം. റഷ്യ, ചൈന, ക്യൂബ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ അതാത് സാഹചര്യങ്ങള്‍ക്കനുസൃതമായ രീതിയിലാണ് കമ്മ്യൂണിസം നിലവില്‍വന്നതെന്നും കോടിയേരി പറഞ്ഞു.

ലോകത്താകമാനം മാര്‍ക്‌സിസത്തിന്റെ പ്രസക്തി വര്‍ധിച്ചുവരികയാണെന്ന് സി പി ഐ ദേശീയ സെക്രേട്ടറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സാമ്രാജ്യത്വത്തിനെതിരെ ലോകത്താകമാനം തൊഴിലാളികള്‍ തെരുവിലിറങ്ങുകയാണ്. നാളെ കേരളത്തില്‍ നടക്കുന്ന പൊതുപണിമുടക്ക് രാഷ്ട്രീയം മറന്നുള്ള തൊഴിലാളികളുടെ ഐക്യനിരയുടെ ആഭിമുഖ്യത്തിലാണ്. സാമ്രാജ്യത്വം നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ മാക്‌സിയന്‍ ആശയങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നതിന്റെ തെളിവാണെന്നും പന്ന്യന്‍ പറഞ്ഞു. സി എന്‍ ജയദേവന്‍ എം പി മോഡറേറ്ററായിരുന്നു. മന്ത്രി വി എസ് സുനില്‍കുമാര്‍, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി ബാലചന്ദ്രന്‍, അഡ്വ. വി ആര്‍ രമേഷ് കുമാര്‍, സുപല്‍ പ്രസംഗിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here