Connect with us

Kerala

പോലീസുകാരുടെ മനഃസംഘര്‍ഷം നിര്‍ണയിക്കാന്‍ സര്‍വേ നടത്തും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥരുടെ മനഃസംഘര്‍ഷവും പിരിമുറുക്കവും സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സര്‍വേ നടത്തും. സമീപ കാലത്തായി പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യയും മാനസിക സംഘര്‍ഷവും വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ ഇടപെടല്‍. പ്രത്യേകം തയ്യറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് വിഭാഗമാണ് സര്‍വേ നടത്തുക. എല്ലാ ജില്ലകളിലെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് ഇന്റലിജന്റ്‌സ് മേധാവി ടി കെ വിനോദ് കുമാര്‍ വിശദമായ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് സമര്‍പ്പിക്കും.

സിവില്‍ പോലിസുകാര്‍ മുതല്‍ ഡി വൈ എസ് പി വരെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സര്‍വേക്കായി തയ്യാറാക്കിയ ചോദ്യാവലി ആദ്യഘട്ടത്തില്‍ നല്‍കുന്നത്. ആത്മഹത്യകള്‍ വര്‍ധിക്കുന്നതിനൊപ്പം പോലിസുകാരുടെ അപമര്യാദയായ പെരുമാറ്റവും സേനയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യവും കണക്കിലെടുത്താണ് സര്‍വേ നടത്താനൊരുങ്ങുന്നത്.

ഇതിനായി 50 ചോദ്യങ്ങളാണ് നല്‍കുന്നത്. വിദഗ്ധരുമായുള്ള ചര്‍ച്ചക്കുശേഷമാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. തൊഴില്‍ സംസ്‌കാരം, മാനസിക പിരിമുറുക്കം, ജോലിയിലെ തൃപ്തി തുടങ്ങിയവയെക്കുറിച്ചാണ് ചോദ്യങ്ങള്‍. തൊഴിലിടത്ത് സൗകര്യങ്ങളുണ്ടോ, മേലുദ്യോഗസ്ഥരുടെ ഇടപെടല്‍, യഥാസമയം സ്ഥാനകയറ്റം ലഭിക്കുന്നുണ്ടോ, ലഭിക്കുന്ന അനുമോദനങ്ങളും അവാര്‍ഡുകളും തൃപ്തികരമാണോ, തൊഴിലിടത്തെ പ്രശ്‌നങ്ങള്‍, ജോലി സമ്മര്‍ദ്ദം കുടുംബ ജീവിതത്തെ ബാധിക്കുന്നുണ്ടോ, ജോലി സ്ഥലവും വീടും തമ്മിലുള്ള ദൂരം, ഉപയോഗിക്കുന്ന വാഹനം, വിനോദം തുടങ്ങിയ കാര്യങ്ങളിലുള്ള പ്രതികരണമാണ് തേടുന്നത്.

ഏതെങ്കിലും വിധത്തിലുള്ള ദുശ്ശീലങ്ങളുണ്ടെങ്കില്‍ അതും തുറന്നുപറയണം. തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിലും യൂനിറ്റുകളിലും ചോദ്യാവലി നല്‍കി ഉടന്‍ തന്നെ പൂരിപ്പിച്ചു വാങ്ങും. എന്നാല്‍, വ്യക്തിയെ തിരിച്ചറിയാനുള്ളതൊന്നും ചോദ്യപേപ്പറില്‍ അടയാളപ്പെടുത്തരുതെന്ന് പ്രത്യേക നിര്‍ദേശവും സര്‍വേ വിഭാഗത്തിന് നല്‍കിയിട്ടുണ്ട്.