സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ യൂനിഫോം മാറുന്നു

Posted on: March 31, 2018 6:15 am | Last updated: March 30, 2018 at 11:58 pm

പാലക്കാട്: ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ യൂനിഫോം മാറുന്നു. എല്ലാ വകുപ്പിന്റെയും ജീവനക്കാരുടെ വേശം വെള്ള ഷര്‍ട്ടും പാന്റ്‌സും ആക്കാനാണ് സര്‍ക്കാര്‍ നീക്കം.

നിലവില്‍ ധന വകുപ്പിലെ ഡ്രൈവര്‍മാര്‍ ഈ യൂനിഫോമാണ് ധരിക്കുന്നത്. ഇത് എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഈ യൂനിഫോം പിന്‍തുടരണമെന്ന് ഗ്രാമ വികസന, ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മറ്റു വകുപ്പുകളും വൈകാതെ ഉത്തരവിറക്കും. കെ എസ് ആര്‍ ടി സി ബസിലൊഴിച്ച് മറ്റ് സര്‍ക്കാര്‍ വണ്ടികളിലെ ഡ്രൈവര്‍മാര്‍ യൂനിഫോം ധരിക്കാറില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

യൂനിഫോം ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനമായി. ഇത് സംബന്ധിച്ച് ഇക്കഴിഞ്ഞ 12ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനര്‍ ഉത്തരവിട്ടിരുന്നു. സര്‍ക്കാറില്‍ നിന്ന് ഡ്രൈവര്‍മാര്‍ക്ക് യൂനിഫോം അലവന്‍സ് ലഭിക്കുന്നുണ്ട.്് 2,400 രൂപയാണ് യൂനിഫോം അലവന്‍സായി ഡ്രൈവര്‍മാര്‍ കൈപ്പറ്റുന്നത്. എന്നാല്‍, ആരും തന്നെ യൂനിഫോം ധരിക്കന്‍ മെനക്കടാറില്ല. അതാത് വകുപ്പിലെ തലവന്‍മാര്‍ക്കാണ് ഇനി മുതല്‍ യൂനിഫോം ധരിക്കുന്നുണ്ടോ എന്ന് നോക്കേണ്ട ചുമതല. ഏകീകൃത യൂനിഫോംനടപ്പാക്കുന്നതിനെ ഡ്രൈവര്‍മാരുടെ സംഘടന സ്വാഗതം ചെയ്തു.