വിദ്യാഭ്യാസ പദ്ധതികള്‍ സംയോജിപ്പിക്കുന്നു

  • നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
  • എസ് എസ് എ, ആര്‍ എം എസ് എ പദ്ധതികള്‍ ഒന്നാകും
Posted on: March 30, 2018 6:08 am | Last updated: March 30, 2018 at 12:31 am

ന്യൂഡല്‍ഹി: കേന്ദ്രാവിഷ്‌കൃത സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതികള്‍ യോജിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ ഒന്നു മുതല്‍ എട്ട് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പ്രാഥമിക വിദ്യാഭ്യാസ പദ്ധതി സര്‍വശിക്ഷാ അഭിയാന്‍ (എസ് എസ് എ) ഒമ്പത്, പത്ത് ക്ലാസുകള്‍ക്കുള്ള രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍( ആര്‍ എം എസ് എ) അധ്യാപക വിദ്യാഭ്യാസം പരിഷ്‌ക്കരിക്കുന്നതിനുള്ള ടി ഇ പദ്ധതികള്‍ യോജിപ്പിക്കുന്നതിനുള്ള കേന്ദ്ര മാനവിഭേശേഷി മന്ത്രാലയത്തിന്റെ ശിപാര്‍ശക്കാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ സാമ്പത്തിക സമിതി അംഗീകാരം നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ 2020 മാര്‍ച്ച് 31 വരെ പദ്ധതികള്‍ സംയോജിപ്പിച്ച് നടത്തുന്നതിന് 75,000 കോടി രൂപ വകയിരുത്തി. സംസ്ഥാന സര്‍ക്കാറുകളും കേന്ദ്ര സര്‍ക്കാറുകളും ഫണ്ട് നല്‍കുന്ന പദ്ധതിയില്‍ നിലവിലെ സ്ഥിതിയില്‍ നിന്ന് ഇരുപത് ശതമാനത്തോളം കേന്ദ്ര വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്.

നഴ്‌സറി തലം മുതല്‍ സെക്കന്‍ഡറി തലം വരെയുള്ള ഇടങ്ങളില്‍ തുല്യമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതിയെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. സംയോജിത പദ്ധതി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും ടീച്ചേഴ്‌സ് ആന്‍ഡ് ടെക്‌നോളജി എന്നതിലാണ് ശ്രദ്ധകേന്ദീകരിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ പദ്ധതികള്‍ യോജിപ്പിച്ച് സംയോജിത പദ്ധതിയായി നടപ്പാക്കുന്നത് നല്ലതല്ലെന്നാണ് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പദ്ധതികള്‍ യോജിപ്പിക്കുന്നത് ഓരോ പദ്ധതികള്‍ക്കമുള്ള ലക്ഷ്യത്തില്‍ എത്തുന്നതിന് തടസ്സമാകുമെന്നും ഇത് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് തടസ്സമാകുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.