Connect with us

International

ദൗമ പിടിക്കാന്‍ സിറിയന്‍ സൈന്യം വന്‍ മുന്നൊരുക്കത്തില്‍

Published

|

Last Updated

ദമസ്‌കസ്: കിഴക്കന്‍ ഗൗതയിലെ വിമതരുടെ അവസാന ശക്തികേന്ദ്രമായ ദൗമ പിടിച്ചെടുക്കാന്‍ സിറിയന്‍ സൈന്യം വന്‍ സൈനിക ഓപറേഷന് തയ്യാറെടുക്കുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന വിമത സംഘം ജയ്ശല്‍ഇസ്‌ലാം കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സൈനിക മുന്നേറ്റം നടത്താനാണ് സിറിയന്‍ സൈന്യത്തിന്റെ നീക്കമെന്ന് സിറിയന്‍ അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദൗമയുടെ നിയന്ത്രണം സിറിയ പിടിച്ചടക്കിയാല്‍ കിഴക്കന്‍ ഗൗതയിലെ വിമതരുടെ അവസാന ശക്തികേന്ദ്രവും അവര്‍ക്ക് നഷ്ടമാകുമെന്നും വലിയ തിരിച്ചടിയായിരിക്കും ഇതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഏഴ് വര്‍ഷമായി സിറിയന്‍ സര്‍ക്കാറിനെതിരെ തുടരുന്ന വിമതരുടെ ചെറുത്തുനില്‍പ്പും ഇതോടെ അവസാനിക്കുമെന്ന് കണക്കാക്കപ്പെടുന്നു. റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് ദൗമയുടെ നിയന്ത്രണം പിടിച്ചടക്കാന്‍ സിറിയന്‍ സൈന്യം തയ്യാറെടുക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ പ്രദേശം വിട്ടുപോകാന്‍ ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും ഇവിടുത്തെ വിമത സംഘങ്ങള്‍ വിസമ്മതിക്കുകയായിരുന്നു. ദൗമയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നാണ് വിമത സംഘം ജയ്ശല്‍ഇസ്‌ലാമിന്റെ നിലപാട്. പതിനായിരക്കണക്കിന് സൈനികര്‍ ലക്ഷക്കണക്കിന് സാധാരണക്കാര്‍ താമസിക്കുന്ന ഈ നഗരത്തിന്റെ ചുറ്റും നിലയുറപ്പിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ നിയമത്തിന് കീഴില്‍ ജീവിക്കുകയോ കീഴടങ്ങുകയോ ചെയ്യാത്ത മുഴുവന്‍ വിമതരെയും അടിച്ചമര്‍ത്തുമെന്ന് സിറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ വളരെ സങ്കീര്‍ണമാണെന്നും ഇനിയുള്ള രണ്ട് ദിവസങ്ങള്‍ വളരെ നിര്‍ണായകമായിരിക്കുമെന്നും സിറിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ദൗമയുടെ ഭാവി സംബന്ധിച്ച് ജയ്ശല്‍ഇസ്‌ലാം നിരന്തരം പരാതി ഉന്നയിക്കുന്നുണ്ട്. സിറിയയും റഷ്യയും ചേര്‍ന്ന് ദൗമയിലെ ജനങ്ങളുടെ മേല്‍ അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടരുകയാണെന്നും ഇവിടുത്തുകാരെ പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണെന്നും വിമതര്‍ ആരോപിക്കുന്നു.

Latest