മുന്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു

Posted on: March 28, 2018 6:12 am | Last updated: March 28, 2018 at 1:10 am

കിളിമാനൂര്‍: കിളിമാനൂരിനടുത്ത് മടവൂരില്‍ ഗായകനും മുന്‍ റേഡിയോ ജോക്കിയുമായ യുവാവിനെ അര്‍ധരാത്രി മുഖംമൂടിയണിഞ്ഞെത്തിയ സംഘം വെട്ടിക്കൊന്നു. കൊല്ലം നൊസ്റ്റാള്‍ജിയ നാടന്‍പാട്ട് ട്രൂപ്പിലെ അനൗണ്‍സറും ഗായകനുമായ കിളിമാനൂര്‍ പടിഞ്ഞാറ്റേല ആശാ നിവാസില്‍ രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍-വസന്ത ദമ്പതികളുടെ മകന്‍ രാജേഷാണ് (35) കൊല്ലപ്പെട്ടത്.

രാജേഷിന്റെ മടവൂരിലുള്ള റെക്കാഡിംഗ് സ്റ്റുഡിയോയിലെത്തിയാണ് നാലംഗ സംഘം കൊല നടത്തിയത്. രാജേഷിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്ലമ്പലം തേവലക്കാട് വെള്ളല്ലൂര്‍ തില്ലവിലാസത്തില്‍ കുട്ടനും(50) വെട്ടേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.45 ഓടെയായിരുന്നു സംഭവം. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല. കിളിമാനൂര്‍ മുല്ലനല്ലൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നാടന്‍ പാട്ട് അവതരണത്തിന് ശേഷം സ്റ്റുഡിയോയില്‍ എത്തിയപ്പോഴായിരുന്നു കറുത്ത തുണി കൊണ്ട് മുഖം മറച്ചെത്തിയ സംഘം ആക്രമിച്ചത്. ചുവന്ന നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിലാണ് ആക്രമി സംഘം എത്തിയത്. പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ രാജേഷ്, കുട്ടനുള്ള ആഹാരം എടുത്ത് സ്റ്റുഡിയോയിലെത്തി കുറച്ചു കഴിഞ്ഞപ്പോഴായിരുന്നു ആക്രമണം. സ്റ്റുഡിയോക്ക് മുന്നിലൂടെ പലതവണ കാര്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് കണ്ട് രാജേഷും കുട്ടനും പുറത്തേക്ക് നോക്കിയ സമയത്ത് പെട്ടെന്ന് കാര്‍ നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

കാറില്‍ നിന്ന് ആദ്യം ഇറങ്ങിയ അക്രമി കുട്ടനെ കഴുത്തില്‍ വെട്ടാന്‍ ശ്രമിച്ചു. കഴുത്തിലെ വെട്ട് തടയുന്നതിനിടെ ഇടതുകൈക്ക് വെട്ടേറ്റു. വെട്ടുകൊണ്ട കുട്ടന്‍ സംഭവ സ്ഥലത്തുനിന്ന് ഭയന്നോടി. അതിനിടെ രാജേഷിനെ സംഘം ആക്രമിച്ചു. സമീപത്തെ പല വീടുകളിലും കുട്ടന്‍ അലറി വിളിച്ച് കരഞ്ഞെത്തിയെങ്കിലും ആരും സഹായത്തിനെത്തിയില്ല. അരമണിക്കൂറിനുശേഷം ട്രൂപ്പുമായി ബന്ധമുള്ള ഗോപാലകൃഷ്ണന്‍ എന്നയാളുടെ വീട്ടിലെത്തി. ഇദ്ദേഹമാണ് സുഹൃത്തുക്കളായ ചിലരുടെയും പോലീസിന്റെയും സഹായത്തോടെ കുട്ടനേയും സ്റ്റുഡിയോയില്‍ രക്തത്തില്‍ കുളിച്ചുകിടന്ന രാജേഷിനെയും ആശുപത്രിയിലെത്തിച്ചത്.

രാജേഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ നിലയിലായിരുന്നു. കാല്‍മുട്ടും ഉപ്പൂറ്റിയുടെ പിന്‍വശവും വെട്ടേറ്റ് തകര്‍ന്നു. രക്തം വാര്‍ന്നാണ് രാജേഷ് മരിച്ചത്. റെഡ് എഫ് എമ്മില്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷ് അത് മതിയാക്കി രണ്ട് വര്‍ഷം മുമ്പ് ഗള്‍ഫില്‍ പോയിരുന്നു. തിരിച്ചെത്തിയശേഷമാണ് റെക്കാഡിംഗ് സ്റ്റുഡിയോ തുടങ്ങിയത്. ഇതോടൊപ്പം നാടന്‍ പാട്ട് ട്രൂപ്പിലും പ്രവര്‍ത്തിക്കുന്നു. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ആറ്റിങ്ങല്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. രോഹിണിയാണ് ഭാര്യ. അര്‍ജുന്‍ മകനാണ്.