ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ നീക്കം തുടങ്ങി

Posted on: March 27, 2018 8:00 pm | Last updated: March 28, 2018 at 1:21 pm
SHARE

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ നീക്കം തുടങ്ങി. എംപിമാരുടെ ഒപ്പ് ശേഖരണം ആരംഭിച്ചിട്ടുണ്ട്. 50 എംപിമാര്‍ എങ്കിലും ഒപ്പുവെച്ചെങ്കില്‍ മാത്രമേ പ്രമേയം സഭയില്‍ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞയാഴ്ച ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് ഇംപീച്ച്‌മെന്റ് നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനമായത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം തുടങ്ങി പ്രതിപക്ഷ കക്ഷികള്‍ക്ക് എല്ലാം ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണെന്ന് അറിയുന്നു.

സുപ്രീം കോടതിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് അനുകൂല നീക്കങ്ങള്‍ ഇല്ലാത്തതാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഇംപീച്ച്‌മെന്റ് നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മമതാബാനര്‍ജിയെ സന്ദര്‍ശിച്ചിരുന്നു.