ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് പ്രതിരോധ മന്ത്രി

സി ജിന്‍പിംഗിന് മറുപടി
Posted on: March 26, 2018 6:27 am | Last updated: March 25, 2018 at 11:33 pm
SHARE

ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിന് മറുപടിയുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. ദോക്‌ലാമില്‍ ഏത് അപ്രതീക്ഷിത സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. ശത്രുക്കള്‍ക്കെതിരെ രക്തം ചിന്തുന്ന പോരാട്ടത്തിന് തയ്യാറാണെന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പ്രതിരോധ മന്ത്രി രംഗത്തെത്തിയത്.

ഏത് അപ്രതീക്ഷിത സഹചര്യവും നേരിടാന്‍ ദോക്‌ലാമില്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണ്. ഇന്ത്യന്‍ സൈന്യം കടുത്ത ജാഗ്രത പാലിക്കുന്നുണ്ട്. സൈന്യത്തിന്റെ ആധുനികവത്കരണം തുടരുകയാണ്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുക തന്നെ ചെയ്യും. നമ്മുടെ ഭൂപ്രദേശം സംരക്ഷിക്കുമെന്നും അവര്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ നിലവിലുള്ള സാഹചര്യത്തിന് മാറ്റം വരുത്താനുള്ള ചൈനയുടെ ഏത് ശ്രമവും ദോക്‌ലോമിന് സമാനമായ സംഘര്‍ഷ സാഹചര്യത്തിലേക്ക് നയിക്കുമെന്ന് ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബവാലെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തര്‍ക്ക പ്രദേശത്ത് റോഡ് നിര്‍മിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യ തടഞ്ഞതോടെയാണ് ദോക്‌ലാം സംഘര്‍ഷം ഉടലെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ പതിനാറോടെ ഉടലെടുത്ത സംഘര്‍ഷാവസ്ഥ ആഗസ്റ്റ് 28 ഓടെയാണ് അവസാനിച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്ത്യന്‍ സൈന്യം പിന്മാറുകയായിരുന്നു.

ദോക്‌ലോമില്‍ ചൈനീസ് സൈന്യം ഹെലിപ്പാഡുകളും സൈനിക പോസ്റ്റുകളും ട്രഞ്ചുകളും നിര്‍മിച്ചുവരികയാണെന്ന് പ്രതിരോധ മന്ത്രി നേരത്തെ പാര്‍ലിമെന്റിനെ അറിയിച്ചിരുന്നു. ഇന്ത്യയുടെ ശ്രദ്ധ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് അതിര്‍ത്തിയിലേക്ക് മാറ്റണമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ജനുവരിയില്‍ അഭിപ്രായപ്പെട്ടിരുന്നു. ദോക്‌ലാമിലെ സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് കരസേനാ മേധാവിയുടെ പ്രതികരണമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here