Connect with us

International

തോക്ക് നിയന്ത്രണമാവശ്യപ്പെട്ട് യു എസ് യുവത്വം തെരുവില്‍

Published

|

Last Updated

തോക്ക് നിയന്ത്രണമാവശ്യപ്പെട്ട് വാഷിംഗ്ടണ്‍ ഡി സിയില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ആയിരങ്ങള്‍

വാഷിംഗ്ടണ്‍: തോക്ക് നിയന്ത്രണം ആവശ്യപ്പെട്ട് അമേരിക്കയില്‍ പതിനായിരക്കണക്കിന് യുവാക്കളും കൗമാരക്കാരും തെരുവിലിറങ്ങി പ്രതിഷേധിച്ചു. തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും തോക്ക് മൂലമുള്ള ആക്രമണങ്ങള്‍ക്ക് അറുതിവരുത്തണമെന്നും ആവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി പ്രതിഷേധറാലികള്‍ അരങ്ങേറിയത്. ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, ചിക്കാഗോ, ഹൂസ്റ്റണ്‍, മിനേപൊലിസ്, ഫിനിക്‌സ്, ലോസ് ആഞ്ചല്‍സ്, ഒക്‌ലാന്‍ഡ്, കാലിഫോര്‍ണിയ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ആയിരക്കണക്കിന് യുവാക്കളും കൗമാരക്കാരും ഒത്തുകൂടിയിരുന്നു.

കഴിഞ്ഞ മാസം 14ന് ഫ്‌ളോറിഡയിലെ പാര്‍ക്‌ലാന്‍ഡില്‍ ഉണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് രാജ്യവ്യാപകമായി തോക്ക് നിയന്ത്രണം ആവശ്യപ്പെട്ട് പ്രതിഷേധം അരങ്ങേറിയിരുന്നു. ഒരാഴ്ച മുമ്പ് അമേരിക്കയിലുടനീളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് തോക്ക് ഭീതിയില്‍ നിന്ന് രക്ഷവേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു.

ഇന്നലെ നടന്ന പ്രതിഷേധ പരിപാടികളില്‍ പാര്‍ക്‌ലാന്‍ഡ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സംബന്ധിച്ചു. തോക്ക് നിയന്ത്രണത്തിന് വിമുഖത കാണിക്കുന്നവരെ ഇനി അധികാരത്തിലിരിക്കാന്‍ അനുവദിക്കില്ലെന്നും അവരെ വോട്ടവകാശം ഉപയോഗപ്പെടുത്തി പാഠം പഠിപ്പിക്കുമെന്നും പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു. തോക്ക് മുക്തമായ അമേരിക്ക എന്നത് തങ്ങളുടെ സ്വപ്‌നമാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, തോക്ക് നിയന്ത്രണത്തിന് വേണ്ടിയുള്ള മുറവിളി ഉയരുന്നതിനിടെ നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ മൗനം തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇതുസംബന്ധിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല.