മുസഫര്‍നഗര്‍ ഉള്‍പ്പെടെ 131 കലാപ കേസുകള്‍ യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നു

Posted on: March 22, 2018 3:46 pm | Last updated: March 23, 2018 at 10:19 am
SHARE

ലക്‌നോ: ഉത്തര്‍പ്രദേശില്‍ മുസാഫര്‍നഗര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നു. കലാപവുമായി ബന്ധപ്പെട്ട 131 കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതില്‍ മുസാഫര്‍നഗറിലും ഷാംലിയിലുമായി നടന്ന പതിമൂന്ന് കൊലപാതക കേസുകളും പതിനൊന്ന് കൊലപാതകശ്രമ കേസുകളും ഉള്‍പ്പെടും.

കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ പ്രതികള്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കേസുകളും ഒഴിവാക്കുന്നതില്‍ ഉള്‍പ്പെടും. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഒഴിവാക്കുന്ന കേസുകളില്‍ പതിനാറെണ്ണം മതവിദ്വേഷം വളര്‍ത്തുന്നതിനെതിരെ ചുമത്തുന്ന 153 എ വകുപ്പ് പ്രകാരമുള്ളതാണ്. മതത്തെയോ മതവിശ്വാസങ്ങളെയോ അപകീര്‍ത്തിപ്പെടുത്തുന്ന കേസുകളും ഒഴിവാക്കാന്‍ ആലോചിക്കുന്നുണ്ട്.
മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ റദ്ദാക്കുന്നതില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മുസാഫര്‍നഗര്‍ ജില്ലാ മജിസ്‌ട്രേറ്റിനും പോലീസ് സൂപ്രണ്ടിനും സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. യു പി മന്ത്രി സുരേഷ് റാണ, മുന്‍ കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാണ്‍, എം പി ഭാരതേന്ദു സിംഗ്, എം എല്‍ എ ഉമേഷ് മാലിക്, ബി ജെ പി നേതാവ് സ്വാധി പ്രാച്ചി തുടങ്ങിയവര്‍ക്കെതിരെയാണ് കലാപവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുതാത്പര്യം പരിഗണിച്ച് കേസുകള്‍ പിന്‍വലിക്കാന്‍ സാധിക്കുമോ എന്നതുള്‍പ്പെടെ പതിമൂന്ന് കാര്യങ്ങളില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ മജിസ്‌ട്രേറ്റിന് സര്‍ക്കാര്‍ കത്ത് നല്‍കിയത്. മുസാഫര്‍ നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ടിനോടും ഇതേ കാര്യങ്ങളില്‍ നിലപാട് ആരാഞ്ഞിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയില്‍ കലാപവുമായി ബന്ധപ്പെട്ട 179 കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി സഞ്ജീവ് ബല്യാണ്‍ പറഞ്ഞു. മുസാഫര്‍നഗര്‍, ഷാംലി ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത ഈ കേസുകളില്‍ കുറ്റാരോപിതരില്‍ 850 പേരും ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു.

2013 ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് മുസാഫര്‍നഗര്‍ കലാപം അരങ്ങേറിയത്. കലാപത്തില്‍ 63 പേര്‍ കൊല്ലപ്പെടുകയും അമ്പതിനായിരത്തിലധികം പേര്‍ അഭയാര്‍ഥികളാകുകയും ചെയ്തിട്ടുണ്ട്. 503 കേസുകളാണ് കലാപവുമായി ബന്ധപ്പെട്ട് രണ്ട് ജില്ലകളിലായി രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്‍വലിക്കുന്നതിനെ കുറിച്ച് അറിവില്ലെന്നാണ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ നിയമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി തയ്യാറായില്ല.

കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ബ്രിട്ടീഷുകാരുടെ വിഭജിച്ച് ഭരിക്കുക എന്ന നയമാണ് യോഗി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here