കേംബ്രിഡ്ജ് അനലിറ്റിക വിഷയത്തില്‍ കേന്ദ്രം: ഫേസ്ബുക്കിന് മുന്നറിയിപ്പ്

കോണ്‍ഗ്രസിനെതിരെ ആരോപണവുമായി ബി ജെ പി
Posted on: March 21, 2018 8:46 pm | Last updated: March 22, 2018 at 12:09 am
SHARE

ന്യൂഡല്‍ഹി: കേംബ്രിഡ്ജ് അനലിറ്റിക കമ്പനി ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയ വിഷയത്തില്‍ ഫേസ്ബുക്കിന് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഐ ടി നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇന്ത്യയിലെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നാല്‍ വിശദീകരണം പോലും ചോദിക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നിയമമന്ത്രി പറഞ്ഞു.

അതിനിടെ, വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ മന്ത്രി ആരോപണം ഉന്നയിച്ചു. കേംബ്രിഡ്ജ് അനലിറ്റികയുടെ ഇടപെടല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരിയുടെ ആവശ്യത്തോട് പ്രതികരിക്കവെയാണ് മന്ത്രി കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് ഇത്തരത്തില്‍ വിവരങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പാര്‍ട്ടി അധ്യക്ഷന്റെയും സോഷ്യല്‍ മീഡിയയില്‍ കേംബ്രിജ് അനലിറ്റിക്കയുടെ പങ്കിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഇന്ത്യയിലെ ജനങ്ങളുടെ രഹസ്യ വിവരങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി കേംബ്രിഡ്ജ് അനലിറ്റികക്ക് കൈമാറിയിട്ടുണ്ട്. ഇത് ഇവര്‍ക്ക് തിരഞ്ഞെടുപ്പ് വിജയം നല്‍കുമെന്നാണോ കരുതുന്നതെന്നും രവി ശങ്കര്‍ പ്രസാദ് ചോദിച്ചു. കോണ്‍ഗ്രസിനും കേംബ്രിഡ്ജ് കമ്പനിക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേംബ്രിഡ്ജ് അനലിറ്റിക ഇന്ത്യയില്‍ എന്ത് സേവനമാണ് ചെയ്യുന്നതെന്നും ആര്‍ക്കുവേണ്ടിയാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍, വിഷയത്തില്‍ ബി ജെ പിക്കെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസും രംഗത്തെത്തി. കേംബ്രിഡ്ജ് അനലിറ്റികയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന ബി ജെ പിയുടെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദന ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായെന്ന് വാട്സ് ആപ് സഹസ്ഥാപകന്‍ ബ്രയന്‍ ആക്ടണ്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ബ്രയന്‍ ഫേസ്ബുക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്ക് അഞ്ച് കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ആക്ടന്റെ പ്രതികരണം. ‘ഡിലീറ്റ് ഫോര്‍ ഫേസ്ബുക്ക്’ എന്ന ഹാഷ് ടാഗോട് കൂടിയാണ് ആക്ടണ്‍ ട്വിറ്ററില്‍ പോസ്റ്റിട്ടത്.

കേംബ്രിജ് അനലിറ്റിക 2014ല്‍ അഞ്ച് കോടിയോളം ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന് ബ്രീട്ടനിലെ ചാനല്‍-4 കഴിഞ്ഞ ദിവസം പുറത്തുവട്ടിരുന്നു. വിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ നിരവധി പേരാണ് ഫേസ്ബുക്കിനെതിരെ ഹാഷ് ടാഗ് ക്യാമ്പയിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. 2016ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലത്തെ റഷ്യ സ്വാധീനിച്ചുവെന്നും ബ്രിട്ടനിലെ സ്വകാര്യ കമ്പനികള്‍ അതിന് കൂട്ടു നിന്നുവെന്നും ഫേസ്ബുക്ക് അതിനുള്ള അവസരം ഒരുക്കി എന്നുമൊക്കെയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇതിന് പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയില്‍ ഫേസ്ബുക്കിന്റെ ഓഹരി വില ഇടിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here