Connect with us

Sports

ആ റെക്കോര്‍ഡ് കാര്‍ത്തിക്കിന് സ്വന്തം

Published

|

Last Updated

ട്രോഫിയുമായി ഇന്ത്യന്‍ ടീം

കൊളംബോ: എട്ടു പന്തില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം പുറത്താവാതെ 29 റണ്‍സ്. അവസാന പന്തില്‍ സിക്‌സറടിച്ച് ടീമിന് ജയമൊരുക്കല്‍. ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം പിടിക്കാന്‍ ഇതില്‍പ്പരം എന്ത് വേണം. പാക്കിസ്ഥാന്റെ ഇതിഹാസ താരം ജാവേദ് മിയാന്‍ദാദിന്റെ ഇന്ത്യന്‍ പതിപ്പായി ദിനേശ് കാര്‍ത്തിക് മാറി. നിദാഹാസ് ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ദിനേശ് കാര്‍ത്തിക്ക്
ആത്മവിശ്വാസത്തോടെയാണ് ഓരോ പന്തും നേരിട്ടത്. ഫൈനലിലെ വിജയത്തോടെ പല റെക്കോര്‍ഡുകളും ഇന്ത്യന്‍ ടീമും ദിനേഷ് കാര്‍ത്തികും സ്വന്തം പേരില്‍ കുറിച്ചിരുന്നു. ട്വന്റി20 ത്രിരാഷ്ട്ര പരമ്പരയില്‍ മൂന്നു ഫൈനലുകള്‍ ജയിച്ച ടീമെന്ന റെക്കോര്‍ഡാണ് നിദാഹാസ് ട്രോഫി കിരീടവിജയത്തോടെ ഇന്ത്യ സ്വന്തം പേരില്‍ കുറിച്ചത്. ഇതുവരെ ഒരു ടീമും മൂന്നു ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ ജേതാക്കളായിട്ടില്ല.

അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ സിക്‌സറിലൂടെ ട്വന്റി20യില്‍ വിജയറണ്‍സ് നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡിന് ദിനേഷ് കാര്‍ത്തിക് അര്‍ഹനായി. ഫൈനലില്‍ 56 റണ്‍സെടുത്ത് ടീമിന്റെ ടോപ്‌സ്‌കോററായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ട്വന്റി20യില്‍ 7000 റണ്‍സ് ക്ലബ്ബില്‍ അംഗമായി. ഈ നേട്ടത്തിന് അര്‍ഹനാവുന്ന മൂന്നാമത്തെ താരമാണ് രോഹിത്. ബംഗ്ലാദേശ് താരം മഹമ്മൂദുള്ള ട്വന്റി20യില്‍ 1000 റണ്‍സ് ക്ലബ്ബില്‍ ഇടംനേടി.

തമീം ഇഖ്ബാല്‍, ഷാക്വിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം എന്നിവരെക്കൂടാതെ 1000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ബ്ംഗ്ലാദേശ് താരമാണ് മഹമ്മൂദുള്ള. എട്ടു തവണയാണ് ബംഗ്ലാദേശ് താരം മഹമ്മൂദുള്ള ട്വന്റി20യില്‍ റണ്ണൗട്ടായത്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും അഫ്ഗാനിസ്താന്‍ താരം സമിയുള്ള ഷെന്‍വാരിയു മാത്രമേ നേരത്തേ ഇത്രയു മല്‍സരങ്ങള്‍ റണ്ണൗട്ടായിട്ടുള്ളൂ.

ഇന്ത്യയുടെ യുവ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദര്‍ എട്ടു വിക്കറ്റുകളാണ് നിദാഹാസ് ട്രോഫിയില്‍ നേടിയത്. 20 വയസ്സില്‍ താഴെയുള്ള ഒരു താരം ആദ്യമായാണ് ശ്രീലങ്കയില്‍ ഒരു പരമ്പരയില്‍ ഇത്രയും വിക്കറ്റുകള്‍ പോക്കറ്റിലാക്കുന്നത്. ഏഴു വിക്കറ്റുകളെന്ന ലങ്കന്‍ താരം അഖില ധനഞ്ജയയുടെ റെക്കോര്‍ഡ് സുന്ദര്‍ മറികടക്കുകയായിരുന്നു.

ഇന്ത്യന്‍ താരം ലോകേഷ് രാഹുല്‍ ട്വന്റി20യില്‍ 500 റണ്‍സ് തികച്ചു. ഇതിനായി വെറും 13 മല്‍സരങ്ങള്‍ മാത്രമേ താരത്തിനു വേണ്ടിവന്നുള്ളൂ.
ഇതു പുതിയ റെക്കോര്‍ഡ്കൂടിയാണ്. നിദാഹാസ് ട്രോഫി ഫൈനലിലേത് ഇന്ത്യയുടെ 61ാം ട്വന്റി20 വിജയം കൂടിയായിരുന്നു. 74 വിജയങ്ങളുമായി പാകിസ്താന്‍ മാത്രമേ ഇനി ഇന്ത്യക്കു മുന്നിലുള്ളൂ. ട്വന്റി20 പരമ്പരയുടെ ഫൈനലില്‍ ഒരു ടീം പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് 167 റണ്‍സ്.

2016ല്‍ കൊല്‍ക്കത്തയില്‍ നടന്ന ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ വെസ്റ്റ് ഇന്‍ഡീസ് പിന്തുടര്‍ന്നു ജയിച്ച 156 റണ്‍സെന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു.

യുവേന്ദ്ര ലോക രണ്ടാം നമ്പര്‍

ദുബൈ: നിദാഹസ് ട്രോഫിയില്‍ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ ഐ സി സി ട്വന്റി20 റാങ്കിംഗില്‍ കളിക്കാര്‍ വലിയ കുതിപ്പ് നടത്തി. റിസ്റ്റ് സ്പിന്നര്‍ യുവേന്ദ്ര ചാഹല്‍ പന്ത്രണ്ട് സ്ഥാനം കയറി രണ്ടാം റാങ്കിലെത്തി.

വാഷിംഗ്ടണ്‍ സുന്ദര്‍ 151 സ്ഥാനങ്ങളാണ് ഒറ്റയടിക്ക് മെച്ചപ്പെടുത്തിയത്. പുതിയ റാങ്കിംഗില്‍ മുപ്പത്തൊന്നാം സ്ഥാനത്ത്.
ലെഗ് സ്പിന്നര്‍ ചാഹലിന് കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റാണി(706)പ്പോള്‍. ഓഫ് സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പരമ്പരയിലെ താരമായി മാറിയപ്പോള്‍ റേറ്റിംഗും കൂടി. 496 ആണ് പുതിയ റാങ്കിംഗില്‍ റേറ്റിംഗ് പോയിന്റ്.

രണ്ട് സ്പിന്നര്‍മാരും നിദാഹാസ് ട്രോഫിയില്‍ ഇന്ത്യക്കായി അഞ്ച് മത്സരങ്ങള്‍ കളിച്ചവരാണ്. എട്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. വാഷിംഗ്ടണ്‍ സുന്ദര്‍ പവര്‍പ്ലേയിലാണ് പ്രധാനമായും തിളങ്ങിയത്. 5.70 ആണ് സുന്ദറിന്റെ എക്കോണമി റേറ്റ്. ചാഹലിന്റെത് 6.45ഉം.

നിദാഹാസ് ട്രോഫിയില്‍ തിളങ്ങിയ മറ്റ് ബൗളര്‍മാര്‍ ഇവരാണ് : ശ്രീലങ്കയുടെ അഖില ധനഞ്ജയ, ബംഗ്ലാദേശിന്റെ റുബെല്‍ ഹുസൈന്‍, ഇന്ത്യയുടെ ജയദേവ് ഉനാദ്കാത്, ഷര്‍ദുല്‍ ഠാക്കൂര്‍. ഇവരെല്ലാം കരിയര്‍ ബെസ്റ്റ് റേറ്റിംഗ് പോയിന്റുകളിലാണിപ്പോള്‍.

ഇന്ത്യന്‍ പേസര്‍മാരായ ജയദേവ് ഉനാദ്കാത് 26 സ്ഥാനവും ഷര്‍ദുല്‍ ഠാക്കൂര്‍ 85 സ്ഥാനവും മെച്ചപ്പെടുത്തി യഥാക്രമം 52, 76 റാങ്കിംഗില്‍.

 

 

Latest