സൂപ്പര്‍ ക്ലൈമാക്‌സ്

  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ ഇന്ന് - രാത്രി 8.00ന് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍
Posted on: March 17, 2018 6:20 am | Last updated: March 16, 2018 at 11:53 pm
SHARE
ബെംഗളുരു എഫ് സി ടീം പരിശീലനത്തില്‍

ബെംഗളുരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് കിരീടധാരണം. കന്നിസീസണില്‍ തന്നെ കിരീടം നേടി ചരിത്രമിടാന്‍ ബെംഗളുരു എഫ് സി ഒരു ഭാഗത്ത്. 2015 ലെ ചാമ്പ്യന്‍പട്ടം വീണ്ടെടുക്കാന്‍ ചെന്നൈയിന്‍ എഫ് സി മറുഭാഗത്ത്. കലാശപ്പോരില്‍ ബെംഗളുരുവിന് മുന്‍തൂക്കമുണ്ട്. ഹോംഗ്രൗണ്ടിലാണ് മത്സരമെന്നത് തന്നെ ആദ്യ കാരണം. ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്ത സ്ഥിരതയാണ് മറ്റൊരു അനുകൂല ഘടകം.
ലീഗ് റൗണ്ടില്‍ പതിനെട്ട് മത്സരങ്ങളില്‍ പതിമൂന്നിലും ജയിച്ചാണ് ബെംഗളുരു സെമി ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചെന്നൈയിന്‍ എഫ് സിയുമായി എട്ട് പോയിന്റിന്റെ ലീഡിലായിരുന്നു ബെംഗളുരു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

മുന്നേറ്റ നിരയില്‍ തകര്‍പ്പന്‍ ഗോളടിക്കാര്‍. മിക്കുവും സുനില്‍ ഛേത്രിയും. രണ്ട് പേരും കൂടി 24 ഗോളുകളാണ് അടിച്ച് കൂട്ടിയത്. പതിനാല് ഗോളുകള്‍ നേടിയ മിക്കു ഐ എസ് എല്ലിലെ രണ്ടാമത്തെ ടോപ് സ്‌കോററാണ്. ഛേത്രി പത്ത് ഗോളുകളുമായി അഞ്ചാം സ്ഥാനത്ത്. സെമിയില്‍ എഫ് സി പൂനെ സിറ്റിക്കെതിരെ ഛേത്രി നേടിയ ഹാട്രിക്ക് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്നാണ്.

ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നാട്ടുകാര്‍ക്ക് മുന്നില്‍ തിളങ്ങുന്ന നിഷു കുമാര്‍, ഉദാന്ത സിംഗ്, എറിക് പര്‍താലു എന്നിവരും ബെംഗളുരുവിന്റെ കിരീട പ്രതീക്ഷയാണ്.

ബെംഗളുരു നിരയില്‍ ഡിഫന്‍ഡര്‍ ഹര്‍മന്‍ജോത് ഖാബ്രയുണ്ടാകില്ല. പുറം വേദന അലട്ടുന്നതിനാല്‍ ഖാബ്രക്ക് പകരം ചീഫ് കോച്ച് ആല്‍ബര്‍ട്ട് റോക മറ്റൊരു പ്രതിരോധ ലൈനപ്പ് തന്നെയാണ് പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. സ്പാനിഷ് താരം ദിമാസ് ഡെല്‍ഗാഡോ, ജോണ്‍ ജോണ്‍സന്‍, യുവാനന്‍, ലെനി റോഡ്രിഗസ്, രാഹുല്‍ ബെക്കെ, സുബാശിഷ്് ബോസ് എന്നിവരാണ് റോക്കയുടെ കൈയ്യിലുള്ള പ്രതിരോധ ആയുധങ്ങള്‍. തകര്‍പ്പന്‍ സ്‌ട്രൈക്കര്‍മാരും കളം വാഴുന്ന മിഡ്ഫീല്‍ഡര്‍മാരുമുള്ള ബെംഗളുരുവിന്റെ ഗോള്‍ വല കാക്കുന്നത് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവാണ്. ചില മത്സരങ്ങളില്‍ നിര്‍ണായക സേവുകളാണ് സന്ധു നടത്തിയത്.

രണ്ട് ഐ ലീഗ് കിരീടങ്ങള്‍, രണ്ട് ഫെഡറേഷന്‍ കപ്പുകള്‍ സ്വന്തമാക്കിയ ബെംഗളുരു എഫ് സി 2017 നവംബറിലാണ് ഐ എസ് എല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് ചുവട് മാറ്റിയത്.

ഐ ലീഗില്‍ നാല് സീസണുകള്‍ കളിച്ച ബെംഗളുരു എഫ് സി ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രൊഫഷണല്‍വത്കരണത്തിന്റെ മുഖമാണ്. രാജ്യത്തെ ആദ്യ കോര്‍പറേറ്റ് ക്ലബ്ബ് എന്ന വിശേഷണവും ബെംഗളുരുവിന് സ്വന്തം.
സെറ്റ് പീസ് ഗോളുകള്‍ നേടുന്നതില്‍ ബെംഗളുരു മുന്നിലാണ്. ഐ എസ് എല്‍ സീസണില്‍ മുംബൈ സിറ്റി, ഡല്‍ഹി ഡൈനമോസ് ടീമുകള്‍ക്കെതിരെ ബെംഗളുരു മത്സരം ജയിച്ചത് സെറ്റ് പീസ് ഗോളാക്കുന്നതില്‍ കാണിച്ച മിടുക്കിലാണ്.

ചെന്നൈയിന്‍ എഫ് സി സെമിഫൈനല്‍ യോഗ്യത നേടുന്നത് അവസാന റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ്. ഇംഗ്ലണ്ട് കോച്ച് ജോണ്‍ ഗ്രിഗറിയുടെ ശിക്ഷണത്തില്‍ ചെന്നൈയിന്‍ എഫ് സി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ആത്മവിശ്വാസത്തോടെയാണ് ടീം സെമിഫൈനല്‍ കളിച്ചത്. എഫ് സി ഗോവയെ ഫൈനലില്‍ പ്രതീക്ഷിച്ചവര്‍ ചെന്നൈയുടെ അപ്രതീക്ഷിത കുതിപ്പായിരുന്നു. ജെജെ ലാല്‍പെകുല നേടിയ രണ്ട് ഗോളുകള്‍ ഗോവയുടെ സ്വപ്‌നം തകര്‍ത്തു. ഐ എസ് എല്ലില്‍ ജെജെ ഒമ്പത് ഗോളുകള്‍ നേടി. ജെജെക്കൊപ്പം റാഫേല്‍ അഗസ്റ്റോയും ചേരുന്നതോടെ ചെന്നൈയിന്‍ എഫ് സി അട്ടിമറി സംഘമാകുന്നു. കരണ്‍ജിത് സിംഗ്, ബിക്രംജിത് സിംഗ്, ധനപാല്‍ ഗണേശ് എന്നിവരും ഫോം നിലനിര്‍ത്തുന്നു. ഒരവസരം നല്‍കിയപ്പോള്‍ അത് മുതലെടുത്ത മിഡ്ഫീല്‍ഡര്‍ അനിരുദ്ധ് ഥാപ, ജെര്‍മന്‍പ്രീത് എന്നിവരെ കോച്ച് ഗ്രിഗറി ഫൈനലില്‍ തന്ത്രപരമായി ഉപയോഗപ്പെടുത്തും.

ഇത് പ്രധാന മത്സരം : ഛേത്രി

ബെംഗളുരു: തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാന മത്സരമാകും ചെന്നൈയിന്‍ എഫ് സിക്കെതിരായ ഫൈനലെന്ന് ബെംഗളുരു എഫ് സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. തന്റെ ക്ലബ്ബ് നാല് വര്‍ഷത്തിനിടെ നാല് ട്രോഫികള്‍ സ്വന്തമാക്കി. ഐ എസ് എല്‍ കിരീടം നേടുക അത്ര എളുപ്പമല്ല. പക്ഷേ, ടീം ഫൈനലില്‍ എത്തിയിരിക്കുന്നു. കലാശപ്പോരില്‍ എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ല. പക്ഷേ, ഒന്നുണ്ട് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമാകും ഇത് – സുനില്‍ ഛേത്രി പറഞ്ഞു.

ലീഗ് റൗണ്ടില്‍ ചെന്നൈയിന്‍ എഫ് സിയോട് ബെംഗളുരു പരാജയപ്പെട്ടിരുന്നു. എന്നാല്‍, അതിന് ശേഷം ടീം ശക്തമായി തിരിച്ചുവരവ് നടത്തിയെന്നത് ഛേത്രി ഓര്‍മിപ്പിക്കുന്നു. ബെംഗളുരുവിന്റെ നേട്ടങ്ങള്‍ക്ക് പിറകില്‍ കോച്ച് ആല്‍ബര്‍ട്ട് റോക്കയുടെ കഠിനാധ്വാനവും കളിക്കാരോടുള്ള സമീപനവുമാണെന്ന് ഛേത്രി അഭിപ്രായപ്പെടുന്നു. കളിക്കാരെ വിശ്വാസത്തിലെടുക്കുന്ന കോച്ചാണ് റോക്ക. ഐ എസ് എല്ലിലും എ എഫ് സി കപ്പിലും വ്യത്യസ്ത ടീമുകളെ അദ്ദേഹം കളത്തിലിറക്കുന്നത് ഓരോ താരത്തിലും അദ്ദേഹത്തിന് ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ്. സീസണിന് മുമ്പ് ചില പ്രധാന താരങ്ങളെ ബെംഗളുരുവിന് നഷ്ടമായി. എന്നാല്‍, പുതിയ കളിക്കാരുമായി കഠിനാധ്വാനം ചെയ്യാനാണ് റോക്ക ശ്രമിച്ചത്.

ടീമിന് വേണ്ടി താന്‍ പ്രത്യേകമായി ഒന്നും ചെയ്യുന്നില്ല. തനിക്ക് അനായാസം കളിക്കാന്‍ സാധിക്കുമെന്നത് സഹതാരങ്ങളുടെ മിടുക്കാണ്. മിക്കുവും ഡിമാസ് ഡെല്‍ഗാഡോയും ഓരോ മത്സരത്തിലും അവസരോചിത പ്രകടനം പുറത്തെടുത്തു. ഓരോ കളിക്കാരനും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമിന്റെ ക്യാപ്റ്റനാകാന്‍ സാധിച്ചത് വലിയ പുണ്യമായി കരുതുന്നുവെന്നും ഛേത്രി. ഐ എസ് എല്‍ കഴിഞ്ഞ സീസണിനേക്കാള്‍ മെച്ചപ്പെട്ടു. പ്രത്യേകിച്ച് ഷെഡ്യൂളിംഗില്‍. കളിക്കാര്‍ക്ക് വേണ്ടത്ര വിശ്രമം ഉറപ്പുവരുത്തുവാന്‍ സഹായകമായി. അടുത്ത സീസണില്‍ കുറേക്കൂടി മെച്ചപ്പെടണം – ഛേത്രി പറഞ്ഞു.

ചെന്നൈയിന്റെ ആത്മവിശ്വാസം

സീസണിന്റെ തുടക്കത്തില്‍ ബെംഗളുരു എഫ് സിക്കെതിരെ ശ്രീ കാണ്ഠീരവ സ്റ്റേഡിയത്തില്‍ 2-1ന് ജയിച്ചിരുന്നു ചെന്നൈയിന്‍ എഫ് സി. ഫൈനലിന് ഇറങ്ങുമ്പോള്‍ തന്റെ കുട്ടികള്‍ക്ക് വലിയ ആത്മവിശ്വാസമേകുന്നത് ഈ വിജയമാണ്.

എഫ് സി ഗോവയെ പോലൊരു മികച്ച ടീമിനെയാണ് സെമിഫൈനലില്‍ പരാജയപ്പെടുത്തിയത്. തുടക്കത്തിലെ പാളിച്ചകള്‍ പരിഹരിക്കപ്പെട്ടതാണ് ചെന്നൈയിന്‍ ടീമിനെ ഫൈനല്‍ വരെ കുതിപ്പിച്ചത്. ബെംഗളുരുവിന് അനുകൂലമായി ശബ്ദം ഉയര്‍ത്താന്‍ ഗ്യാലറിയില്‍ ധാരാളം പേര്‍ കാണുമെന്നറിയാം. മാത്രമല്ല, സ്വന്തം തട്ടകത്തില്‍ തോല്‍ക്കാന്‍ കൂട്ടാക്കാത്തവരാണ് ബെംഗളുരു. പക്ഷേ, ഞങ്ങള്‍ ചെന്നൈയിന്‍ എഫ് സിയാണ്. ആരെയും ഭയക്കാത്തവര്‍ – ജോണ്‍ ഗ്രിഗറി പറഞ്ഞു.

ചെന്നൈയുടെ മിസോറം സ്‌ട്രൈക്കര്‍ ജെജെ ശുഭപ്രതീക്ഷയിലാണ്. 2014-15ല്‍ മോഹന്‍ ബഗാനൊപ്പം ജെജെ ഐ ലീഗ് ഉയര്‍ത്തിയത് ബെംഗളുരുവിലായിരുന്നു. അതേ വേദിയില്‍ ഐ എസ് എല്‍ കിരീടം ഉയര്‍ത്താനാകുമെന്ന വിശ്വാസം ജെജെക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here