യമനിലെ സംഘര്‍ഷം: സഊദിയും ഹൂത്തികളും രഹസ്യ ചര്‍ച്ച നടത്തിയെന്ന്

  • ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് സഊദി
  • പ്രതികരണം അറിയിക്കാതെ ഹൂത്തികള്‍
Posted on: March 17, 2018 6:08 am | Last updated: March 16, 2018 at 10:48 pm

ആദന്‍: മൂന്ന് വര്‍ഷമായി യമനില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ സഊദി അറേബ്യയും ഹൂതികളും തമ്മില്‍ രഹസ്യ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്. യമനിലെ രാഷ്ട്രീയവൃത്തങ്ങളെ ഉദ്ദരിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. യമനില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ മൂലം ആ രാജ്യം ലോകത്തെ തന്നെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ നീക്കം. യമനിലെ അഴിമതി നിറഞ്ഞ രാഷ്ട്രീയക്കാര്‍ക്കെതിരെയാണ് പോരാട്ടം നടത്തുന്നതെന്നാണ് ഹൂത്തികളുടെ വാദം. എന്നാല്‍ ഇറാന്‍ പിന്തുണയോടെ മേഖലയില്‍ സംഘര്‍ഷം വളര്‍ത്താനാണ് ഹൂത്തികള്‍ ശ്രമിക്കുന്നതെന്ന് സഊദിയും ആരോപിക്കുന്നു. ഇറാനില്‍ നിന്ന് ഒരു വിധത്തിലുള്ള സഹായവും തങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് നേരത്തെ ഹൂത്തികള്‍ വ്യക്തമാക്കിയിരുന്നു.

സംഘര്‍ഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഹൂത്തി വക്താവ് മുഹമ്മദ് അബ്ദുസ്സലാം ഒമാനിലെ സഊദി ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ചക്കെത്തിയിരിക്കുകയാണെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ യമനിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഹൂത്തികള്‍ക്കും സഊദി സര്‍ക്കാറിനും ഇടയില്‍ മറ്റൊരു രാജ്യത്തിന്റെയും മധ്യസ്ഥ ശ്രമങ്ങളില്ലാതെ തന്നെ ചര്‍ച്ച പുരോഗമിക്കുകയാണ്. രണ്ട് വിഭാഗവും ഇപ്പോള്‍ സമഗ്രമായ ഒരു കരാറിലെത്താന്‍ താത്പര്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഹൂത്തികളുമായി എന്തെങ്കിലും ചര്‍ച്ച നടത്തിയെന്ന കാര്യം സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങളുടെ ഉദ്യോഗസ്ഥന്‍ നിഷേധിച്ചു. പുറത്തുവന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ഹൂത്തി വിഭാഗവും ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ല.

യമനില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ, ഈ വര്‍ഷം മാത്രം ഇവിടെ 40,000ത്തിലധികം കുട്ടികള്‍ പട്ടിണി കിടന്ന് മരിച്ചതായി സന്നദ്ധ സംഘടനകള്‍ വെളിപ്പെടുത്തിയിരുന്നു.