Connect with us

International

ചാരനെതിരെ വിഷപ്രയോഗം: ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികളെ റഷ്യയും പുറത്താക്കും

Published

|

Last Updated

മോസ്‌കോ: ബ്രിട്ടനില്‍ വെച്ച് റഷ്യന്‍ ചാരനും മകള്‍ക്കും വിഷപ്രയോഗമേറ്റ സംഭവത്തില്‍ വിവാദം കത്തി നില്‍ക്കെ, ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കാന്‍ റഷ്യയും തയ്യാറെടുക്കുന്നു. സംഭവത്തിന് പിന്നില്‍ റഷ്യയാണെന്ന് ചൂണ്ടാക്കാട്ടി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടനില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് റഷ്യയും സമാനമായ പുറത്താക്കല്‍ നടപടി സ്വീകരിക്കുന്നത്. റഷ്യന്‍ മുന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കുമെതിരെ ബ്രിട്ടനില്‍ വെച്ച് വിഷപ്രയോഗമുണ്ടായ സംഭവത്തില്‍ ഉത്തരവാദി റഷ്യയാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കയും ബ്രിട്ടനും ജര്‍മനിയും ആരോപിച്ചിരുന്നു. ബ്രിട്ടന്റെ പുറത്താക്കല്‍ നടപടിയെ കഴിഞ്ഞ ദിവസം അമേരിക്ക പിന്താങ്ങുകയും ചെയ്തിരുന്നു. ബ്രിട്ടനൊപ്പം സഖ്യ രാജ്യങ്ങളും ചേര്‍ന്നതോടെ പ്രതിരോധത്തിലായ റഷ്യ, ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കി നിലപാട് ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ്. റഷ്യന്‍ ചാരനെതിരെ നടന്ന ചതിപ്രയോഗത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റഷ്യ ആവര്‍ത്തിക്കുന്നുമുണ്ട്. ബ്രിട്ടന്‍ തന്നെ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിരിക്കാം ഈ വിഷപ്രയോഗമെന്നും റഷ്യ ആരോപിക്കുന്നു.

ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും ഞങ്ങളത് ചെയ്യുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പ്രതികരിച്ചു. സംഭവത്തെ കുറിച്ച് പ്രതികരിക്കണമെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടനും അമേരിക്കയും ജര്‍മനിയും ഫ്രാന്‍സും സംയുക്തമായി റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ചതിപ്രയോഗത്തിന് പിന്നില്‍ റഷ്യയാണെന്നാണ് മനസ്സിലാകുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചിരുന്നു.