മെഡി. കോളജ് അത്യാഹിത വിഭാഗത്തില്‍ ചികിത്സാ കാലതാമസം പാടില്ലെന്ന് കര്‍ശന നിര്‍ദേശം

Posted on: March 16, 2018 6:12 am | Last updated: March 15, 2018 at 11:48 pm
SHARE

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സാ കാലതാമസം ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ കര്‍ശന നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജുകളിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ വിളിച്ചുകൂട്ടിയ എല്ലാ മെഡിക്കല്‍ കോളജുകളിലേയും പ്രിന്‍സിപ്പല്‍മാരുടെയും സൂപ്രണ്ടുമാരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്.

ഓരോ മെഡിക്കല്‍ കോളജിലും വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തണം. ഈ സംവിധാനം ഇല്ലാത്ത ആശുപത്രികളില്‍ വിജിലിന്‍സ് സംവിധാനവും അത്യാഹിത വിഭാഗങ്ങളില്‍ നിയമിക്കുന്ന മെഡിക്കല്‍ ഓഫിസര്‍മാര്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ അവിടെ ഉണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. അത്യാഹിത വിഭാഗങ്ങളിലെ സര്‍ജറികള്‍ ക്യൂ അടിസ്ഥാനത്തില്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. നിശ്ചയിച്ച ഒരു ശസ്ത്രക്രിയയും മാറ്റിവെക്കരുത്. അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നാല്‍ ക്യൂവിലുള്ളവരെ അതിന്റെ കാരണം അറിയിക്കണം. ഇതിനായി പ്രത്യേകം രജിസ്റ്ററും സൂക്ഷിക്കണം. പ്രിന്‍സിപ്പലും സൂപ്രണ്ടും അത്യാഹിത വിഭാഗങ്ങള്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ച് ഇക്കാര്യങ്ങള്‍ വിലയിരുത്തണം.

ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും എങ്കിലും ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് ആര്‍ക്കും ചികിത്സ നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു. പുതിയ സംവിധാനം വരുന്നതുവരെ ചെറിയ ക്രമീകരണത്തിലൂടെ ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുത്. അത്യാഹിത വിഭാഗത്തില്‍ വെച്ചുള്ള മരണങ്ങള്‍ യഥാസമയം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും അത് വിലയിരുത്തുകയും ചെയ്യണം. അത്യാഹിത വിഭാഗത്തിന്റെ മുമ്പില്‍ വാഹനത്തില്‍ കൊണ്ടുവരുന്ന രോഗിക്ക് അവിടം മുതല്‍ പരിചരണം ഉറപ്പാക്കേണ്ടതുണ്ട്. രോഗിക്ക് ചികിത്സ നല്‍കുന്നതോടൊപ്പം രോഗിയുടെ കൂടെയുള്ളവരോട് രോഗത്തെ കുറിച്ചും ചെയ്ത ചികിത്സയെക്കുറിച്ചും ഉത്തരവാദപ്പെട്ടവര്‍ വിവരം നല്‍കേണ്ടതാണ്.

അത്യാഹിത വിഭാഗത്തില്‍ ഉപയോഗിക്കുന്ന വീല്‍ ചെയറും ട്രോളിയും പൂര്‍ണമായും നല്ലതാണെന്ന് ഉറപ്പുവരുത്തണം. ആശുപത്രി ജീവനക്കാര്‍ വരുന്ന രോഗിയോടും കൂടെയുള്ളവരോടും നന്നായി പെരുമാറണം. രോഗിക്ക് എക്‌സ്‌റേ, ഇ സി ജി, മറ്റ് പരിശോധനകള്‍ മുതലായവ അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് ഒരുക്കേണ്ടതാണ്. അത്യാഹിത വിഭാഗത്തിലെ രോഗീപരിചരണവുമായി ബന്ധപ്പെട്ട് ഒരു പ്രോട്ടോകോള്‍ ഉണ്ടാക്കണം. ജീവനക്കാര്‍ പരീശീലനം ലഭിച്ചവരായിരിക്കണം. എമര്‍ജന്‍സി മെഡിസിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജുകളിലേയും ജീവനക്കാര്‍ക്ക് എയിംസില്‍ നിന്നും പരിശീലനം നല്‍കിയിരുന്നു. ഇനിയും പരിശീലനം ആവശ്യമായവര്‍ക്ക് എയിംസിന്റെ സേവനം ഉപയോഗപ്പെടുത്തും. മെഡിക്കല്‍ കോളജുകളില്‍ ഓരോ വിഭാഗത്തിന്റെയും യൂനിറ്റിന്റെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതോടൊപ്പം രോഗികളുടെ ബാഹുല്യവു മുണ്ട്. അതുകൊണ്ട് സര്‍ജറി, മെഡിസിന്‍, ഓര്‍ത്തോ, ഗൈനക്കോളജി, ന്യൂറോ വിഭാഗങ്ങളില്‍ എന്‍ട്രി കേഡര്‍ (അസി. പ്രൊഫസര്‍) തസ്തികകള്‍ സൃഷ്ടിക്കും. അത്യാഹിത വിഭാഗങ്ങളില്‍ സി സി ടിവി സ്ഥാപിക്കുകയും സമയം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും വേണം. ജീവനക്കാര്‍ യൂനിഫോമും ഐഡന്റിറ്റി കാര്‍ഡും കര്‍ശനമായി ധരിക്കേണ്ടതാണ്. മെഡിക്കല്‍ കോളജിലെ ഭരണനിര്‍വഹണം ശക്തിപ്പെടുത്തണം. ബയോമെഡിക്കല്‍ വിംഗിന്റെ സേവനം ഉറപ്പാക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംലാബീവി, ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍ യോഗത്തില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here