‘നീതി ലഭിക്കില്ലെന്ന് ഉറപ്പായി; ഇനി ആരോടും പരാതിപ്പെടാനില്ല’ – മരിച്ച സുഗതന്റെ മകന്‍ പറയുന്നു

Posted on: March 14, 2018 10:29 am | Last updated: March 14, 2018 at 10:33 am

കൊല്ലം: പുനലൂരില്‍ പ്രവാസി സുഗതന്റെ മരണവുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് മകന്‍ സുനില്‍ ആരോപിച്ചു. തെളിവില്ലെന്ന് പറഞ്ഞാണ് പോലീസ് കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നത്. നീതി ലഭിക്കില്ലെന്ന് ഉറപ്പായെന്നും ഇനി ആരോടും പരാതിപ്പെടാനില്ലെന്നും സുനില്‍ വ്യക്തമാക്കി.

സുഗതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയ മൂന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് പുനലൂര്‍ ടൗണില്‍ വെച്ച് കഴിഞ്ഞ ദിവസം സ്വീകരണം നല്‍കിയത് വിവാദമായിരുന്നു. കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ് ഉള്‍പ്പെയുള്ളവര്‍ക്കാണ് സ്വീകരണം നല്‍കിയത്. വര്‍ക് ഷോപ്പ് നിര്‍മാണം തടഞ്ഞതിലും എഐവൈഎഫ് സ്ഥലത്തു കൊടികുത്തിയതിലും മനംനൊന്താണ് സുഗതന്‍ വര്‍ക് ഷോപ്പ് നിര്‍മാണ സ്ഥലത്ത് ആത്മഹത്യ ചെയ്തത്.

പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ സുഗതന്‍ വര്‍ക്‌ഷോപ് നിര്‍മാണത്തിനായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഷെഡ് കെട്ടിയിരുന്നു. ഈ സ്ഥലം വയല്‍നികത്തല്‍ ആരോപിച്ചാണ് എഐവൈഎഫ് കൊടികുത്തിയത്. സിപിഐയുടെ യുവജനസംഘടനയുടെ ദ്രോഹം സഹിക്കവയ്യാതെയാണ് അച്ഛന്‍ ആത്മഹത്യ ചെയ്തതെന്ന് സുജിത്ത് നേരത്തെ പറഞ്ഞിരുന്നു. സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തത്.