വാഗ്ദാനങ്ങളില്‍ സ്ഥിരീകരണമില്ല; ബിഡിജെഎസ് എന്‍ഡിഎ വിടുന്നു

Posted on: March 10, 2018 10:43 am | Last updated: March 10, 2018 at 1:07 pm
SHARE

തിരുവനന്തപുരം: അര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ നല്‍കിയില്ലെന്ന് ആരോപിച്ച് ബിഡിജെഎസ് എന്‍ഡിഎ വിടാനൊരുങ്ങുന്നു. ബുധനാഴ്ച കണിച്ചുകുളങ്ങരയില്‍ ചേരുന്ന ബിഡിജെഎസിന്റെ അടിയന്തര യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭാ സീറ്റും ബിഡിജെഎസിന് 14 ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും നല്‍കുമെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവും നേതൃത്വത്തിന് ലഭിച്ചിട്ടില്ല. രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയവുമായി. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കുന്നതിന് സമ്മര്‍ദ തന്ത്രമെന് നിലയിലാണ് മുന്നണി വിടുന്ന കാര്യം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് വിവരം.

എന്‍ഡിഎയില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് മുന്നണി വിടുന്നതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. രണ്ട് വര്‍ഷമായി മുന്നണിക്കൊപ്പം നില്‍ക്കുന്നുവെങ്കിലും ഒരു കാര്യവുമില്ല. ഇങ്ങനെ മുന്നോട്ട് പോയിട്ട് പ്രയോജനമില്ല. മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ബിഡിജെഎസിനും പ്രാതിനിധ്യം ഉണ്ടാവും എന്നാണ് ഉറപ്പ് തന്നിരുന്നത്. പക്ഷേ, ആ വാക്ക് പാലിച്ചില്ല. ബിഡിജെഎസ് വിടുന്നതോടെ ബിജെപി കേരളത്തില്‍ ഒന്നുമല്ലാതാകുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയിലെ പ്രശ്‌നം പരിഹരിക്കുകയെന്ന നീക്കത്തിന്റെ ഭാഗമായാണ് ബിഡിജെഎസിന് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് ബിജെപി അനൗദ്യോഗികമായി അറിയിച്ചത്. പാര്‍ട്ടി രൂപവത്കരിച്ച് എന്‍ ഡി എയുടെ ഭാഗമായപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് ബി ഡി ജെ എസ് പരാതിപ്പെട്ടിരുന്നു. ബി ജെ പി പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നതിനാല്‍ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് മുമ്പ് ബി ഡി ജെ എസിനെ അനുനയിപ്പിക്കണമെന്ന് സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചായിരുന്നു തീരുമാനം. അതേസമയം, തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക് മത്സരിക്കുന്നതില്‍ വെള്ളാപ്പള്ളി നടേശന് എതിര്‍പ്പുണ്ടെന്നും വിവരമുണ്ട്.