Connect with us

Articles

ചില ചൂടേറിയ വര്‍ത്തമാനങ്ങള്‍

Published

|

Last Updated

രാജ്യത്ത് ഏറ്റവും ചൂടേറിയ പത്ത് സ്ഥലങ്ങളിലൊന്നായി തൃശൂരും ഇടം നേടിയിരിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ അന്തരീക്ഷ ഊഷ്മാവിന്റെ അടിസ്ഥാനത്തില്‍ ഒരു സ്വകാര്യ കാലാവസ്ഥാ ഏജന്‍സി തയ്യാറാക്കിയ പട്ടികയിലാണ് തൃശൂര്‍ കയറിപ്പറ്റിയത്. മാര്‍ച്ച് ആദ്യം തന്നെ ചൂടിന് ഇത്രയേറെ കാഠിന്യം സംസ്ഥാനത്ത് അനുഭവപ്പെട്ടുതുടങ്ങിയ സാഹചര്യത്തില്‍ വരാനിരിക്കുന്ന രണ്ട് മാസത്തെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. മുമ്പൊന്നും അനുഭവിച്ചിട്ടില്ലാത്തത്രയും ഭയാനകമായ ചൂടാണ് നേരിടേണ്ടിവരിക.
മുന്‍ വര്‍ഷത്തെക്കാള്‍ നേരത്തെ ഇത്തവണ വേനല്‍ എത്തിയതോടെ ചൂടും ജലക്ഷാമവും കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഫെബ്രുവരി 28ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ടതിനെക്കാള്‍ രണ്ട് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിക്കുമെന്നാണ് പറയുന്നത്. ഇതിനാല്‍ സൂര്യാതപവും വര്‍ധിക്കും. ജീവജാലങ്ങളുടെ ആരോഗ്യത്തിന് പുറമെ കൃഷിയെയും ചൂട് പ്രതിസന്ധിയിലാക്കും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട നാല് വര്‍ഷങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം. അതിലും കാഠിന്യമേറിയ ചൂടാണ് ഇത്തവണ എതിരിടേണ്ടത്. താപനില ക്രമാതീതമായി ഉയരുന്നതാണ് സൂര്യാതപത്തിന് ഇടയാക്കുന്നത്. സാധാരണ സംസ്ഥാനത്ത് ഏപ്രില്‍, മെയ് മാസമാണ് സൂര്യാതപം അനുഭവപ്പെടാറുള്ളതെങ്കിലും ഇത്തവണ മാര്‍ച്ച് മുതല്‍ സൂര്യാതപം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരിയില്‍ തന്നെ രാജ്യത്തെ മിക്ക നഗരങ്ങളിലും സാധാരണ അനുഭവപ്പെടുന്നതിനെക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് അധിക താപനിലയാണ് രേഖപ്പെടുത്തിയതെന്നത് ആശങ്കാജനകമാണ്.
പാലക്കാട് ജില്ലയാണ് സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന സ്ഥലം. ഫെബ്രുവരി അവസാന വാരത്തില്‍ തന്നെ പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഫെബ്രുവരി 27ന് പാലക്കാട്ടെ മുണ്ടൂരില്‍ രേഖപ്പെടുത്തിയത് 40 ഡിഗ്രി സെല്‍ഷ്യസാണ്. സംസ്ഥാനത്ത് ചൂട് 40 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകുന്നത് മാര്‍ച്ച് അവസാനത്തോടെയാണെന്ന ധാരണകളൊക്കെ ഇനി പഴങ്കഥ. വടക്കന്‍ ജില്ലകളില്‍ ഇത്തവണ ചൂട് ക്രമാതീതമായി ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെള്ളം കുടി കുറക്കേണ്ട
വേനല്‍ കാലത്ത് വെള്ളം കുടി കുറച്ചാല്‍ നിര്‍ജലീകരണം വരാനിടയുണ്ട്. ഇഷ്ടം പോലെ വെള്ളം കുടിക്കണം. ദാഹിച്ചില്ലെങ്കിലും കുടി വെള്ളത്തിന്റെ അളവ് കുറക്കരുത്. ചുരുങ്ങിയത് രണ്ടര ലിറ്റര്‍ വെള്ളം. കായികാധ്വാനമുള്ള ജോലി ചെയ്യുന്നവര്‍ കുടിവെള്ളത്തിന്റെ അളവ് ഇതിലും വര്‍ധിപ്പിക്കണം. പ്രായപൂര്‍ത്തിയായ മനുഷ്യന്റെ ശരീരത്തില്‍ 65 ശതമാനം തന്മാത്രയും വെള്ളമാണെന്നാണ് ശാസ്ത്രം പറയുന്നത്. ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ മൂത്രസംബന്ധമായ അസുഖങ്ങള്‍ കൂടും. ഇത്തരം അസുഖങ്ങള്‍ കൂടുന്നത് വേനല്‍ക്കാലത്താണ്.
തിളപ്പിച്ചാറിയ വെള്ളമാണ് ഏറ്റവും ഉചിതം. അല്ലെങ്കില്‍ അണുവിമുക്തി വരുത്തിയതോ ഫില്‍ട്ടര്‍ ചെയ്തതോ ആയ വെള്ളവും ഉപയോഗിക്കാം. കുട്ടികള്‍ കൃത്യമായ രീതിയില്‍ വെള്ളം കുടിക്കുന്നുണ്ടോയെന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. വേനല്‍ അവധിക്കാലമായതിനാല്‍ വെള്ളം കുടിക്കാനൊന്നും കുട്ടികള്‍ക്ക് സമയം ലഭിക്കണമെന്നില്ല. കളറുകള്‍ ചേര്‍ത്ത് വില്‍ക്കപ്പെടുന്ന പാനീയങ്ങള്‍ ഒരു കാരണവശാലും കുട്ടികള്‍ക്ക് വാങ്ങി നല്‍കരുത്. യാത്രക്കൊരുങ്ങുമ്പോള്‍ വീട്ടില്‍ നിന്ന് വെള്ളം കൊണ്ടുപോകാന്‍ ശ്രദ്ധിക്കണം. അമിതദാഹം, മൂത്രം കുറയുക, ഛര്‍ദി, രക്തസമ്മര്‍ദം കുറയുക, നാവു വരളുക എന്നിവയാണ് നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍.

കരുണ വേണം; പക്ഷി മൃഗാദികളോടും
കടുത്ത വേനല്‍ മനുഷ്യരെപ്പോലെ പക്ഷി മൃഗാദികളെയും ദുരിതത്തിലേക്ക് നയിക്കും. കുടിവെള്ളം പോലും ആവശ്യത്തിന് ലഭിക്കാതെ വറുതിയുടെ നാളുകളാണ് മനുഷ്യേതര ജീവികളെ കാത്തിരിക്കുന്നത്. മനുഷ്യരിലെന്ന പോലെ നിര്‍ജലീകരണം മൃഗങ്ങളിലും കണ്ടുവരുന്നതായാണ് മൃഗ സംരക്ഷണ വകുപ്പ് പറയുന്നത്. മൃഗങ്ങളുടെ മരണത്തിന് വരെ ഇത് കാരണമാകും. ജീവന്റെ അടിസ്ഥാനം തന്നെ ജലമായതിനാല്‍ സകല ജീവജാലങ്ങള്‍ക്കും കുടി വെള്ളം അത്യാവശ്യമാണ്.
കനത്ത ചൂടിന്റെ പ്രത്യാഘാതത്തില്‍ നിന്ന് സഹജീവികളെ രക്ഷിക്കാന്‍ നമുക്കും പലതും ചെയ്യാനാകും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും എളുപ്പമുള്ളതും കുടിവെള്ളം നല്‍കുകയെന്നതാണ്. ദാഹിച്ച് വലഞ്ഞ് ചാകാറായ നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ മാത്രം സ്വര്‍ഗാവകാശിയായ ഒരു ദുര്‍നടപ്പുകാരിയുടെ ചരിത്രം ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.
താമസിക്കുന്ന വീടിന്റെയും ജോലി ചെയ്യുന്ന ഓഫീസിന്റെയും പുറത്തായി ചെറിയ പാത്രത്തില്‍ പക്ഷി മൃഗാദികള്‍ക്ക് കുടിക്കാന്‍ പറ്റുന്ന വിധത്തില്‍ വെള്ളം വെക്കുകയാണെങ്കില്‍ ഈ ചുട്ടുപൊള്ളുന്ന വേനല്‍ കാലത്ത് സഹജീവികളോട് ചെയ്യുന്ന ഏറ്റവും വലിയ കാരുണ്യമായിരിക്കുമത്. വളര്‍ത്തു മൃഗങ്ങളെ ദീര്‍ഘനേരം വെയിലത്ത് നിര്‍ത്തരുത്.
അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് കര്‍ഷകര്‍ക്കായി മൃഗ സംരക്ഷണ വകുപ്പും പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ദീര്‍ഘനേരം സൂര്യരശ്മികള്‍ ദേഹത്ത് പതിക്കുന്നത് നിര്‍ജലീകരണം ഉണ്ടാക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെ തുറസ്സായ സ്ഥലങ്ങളില്‍ തുറന്നുവിടുന്നത് ഒഴിവാക്കണം. പകല്‍ ഇടക്കിടെ ദേഹത്ത് വെള്ളം ഒഴിച്ച് കൊടുക്കുകയാണെങ്കില്‍ ആശ്വാസകരമായിരിക്കും.
വിയര്‍പ്പുഗ്രന്ഥികള്‍ പൊതുവെ കുറഞ്ഞ ജീവിയായ നായകള്‍ക്ക് അമിത ചൂട് താങ്ങാവുന്നതിലും അപ്പുറമാണ്. പക്ഷിക്കൂടുകളുടെ മേല്‍ക്കൂര ഇടക്കിടെ വെള്ളം ഒഴിച്ച് തണുപ്പിച്ചാല്‍ ചുട്ടുപൊള്ളുന്ന വേനലില്‍ നിന്ന് വളര്‍ത്തു പക്ഷികള്‍ക്കും ആശ്വാസം കിട്ടും.

സ്വീകരിക്കണം; പ്രതിരോധ മാര്‍ഗങ്ങള്‍
ജീവിത രീതിയില്‍ മാറ്റം വരുത്താതെ ചൂടിനെ പ്രതിരോധിക്കാനാകില്ല. തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ ശ്രദ്ധിക്കണം. അല്ലെങ്കില്‍ സൂര്യാതപം ഏല്‍ക്കാന്‍ സാധ്യതയേറെയാണ്. അവധിക്കാലമായാല്‍ കുട്ടികളിലും നിതാന്ത ജാഗ്രത വേണം. സൂര്യ പ്രകാശമേല്‍ക്കാനിടയുള്ള കളി സ്ഥലങ്ങളില്‍ കുട്ടികളെ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ വിടാതിരിക്കുന്നതാണ് നല്ലത്. കഠിന ചൂട് കുട്ടികളെ അപസ്മാര രൂപത്തിലും ബാധിക്കുമെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്. സാധാരണ ഗതിയില്‍ ശക്തമായ ചൂട് അനുഭവപ്പെടുന്നത് ഉച്ചക്ക് 12 മുതല്‍ രണ്ട് മണി വരെയാണ.് ഈ സമയം വിശ്രമിക്കുന്നതാണ് ഏറ്റവും നല്ലത്.
തണലുപറ്റി നടക്കുക, അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, യാത്ര ചെയ്യുമ്പോള്‍ കുടി വെള്ളം കരുതുക, ദഹിക്കാന്‍ എളുപ്പമുള്ളതും ജലാംശം കൂടുതലുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കുക എന്നിവയെല്ലാം വേനല്‍ കാലത്ത് ജീവിത ശൈലിയാക്കണം. ജലത്തിലൂടെ പകരുന്ന രോഗങ്ങളായ കോളറ, അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവയും ചിക്കന്‍പോക്‌സും വേനല്‍ കാലത്താണ് പ്രധാനമായും കണ്ടുവരുന്നത്. രോഗ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ വിദഗ്ധ ചികിത്സ തേടിയില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലായേക്കും.

Latest