മുഖ്യമന്ത്രി പ്രഖ്യാപിച്ച മിനിമം വേതനം നല്‍കാനാകില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍

Posted on: March 5, 2018 6:36 pm | Last updated: March 5, 2018 at 7:26 pm

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച തരത്തില്‍ മിനിമം ശമ്പളം നല്‍കാനാകില്ലെന്ന് ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍. കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു.

നാളെ തുടങ്ങാനിരുന്ന കൂട്ട അവധി സമരം പിന്‍വലിച്ചതായി യുഎന്‍എ നേരത്തെ അറിയിച്ചിരുന്നു. ശമ്പളപരിഷ്‌കരണ ഉത്തരവ് ഈ മാസം തന്നെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച് ഉറപ്പ് കിട്ടിയതായി യുഎന്‍എ അറിയിച്ചിരുന്നു. പ്രതിമാസം 20,000 രൂപ ശമ്പളം ഉറപ്പുവരുത്തുമെന്നാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്.

നാളെ മുതല്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത് അനിശ്ചിതകാല സമരം നടത്താനായിരുന്നു യുഎന്‍എ തീരുമാനിച്ചിരുന്നത്. സംസ്ഥാന ലേബര്‍ കമ്മീഷണര്‍ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരത്തിനിറങ്ങാന്‍ സംഘടന തീരുമാനിച്ചത്.

സമരം ഹൈക്കോടതി ഉത്തരവിലൂടെ തടഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ആശുപത്രികളിലെ മുഴുവന്‍ നഴ്‌സുമാരും കൂട്ട അവധിയെടുത്ത് പണിമുടക്ക് നടത്തുന്നതെന്ന് യുഎന്‍എ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ മാസം അഞ്ചിന് വിധിക്കെതിരെ ഹൈക്കോടതിയില്‍ സംഘടന കക്ഷി ചേരാനും തീരുമാനിച്ചിട്ടുണ്ട്.