Connect with us

International

ഗൗതയില്‍ നിന്ന് കൂട്ടപ്പലായനം

Published

|

Last Updated

ദമസ്‌കസ്: വിമതരുടെ ശക്തികേന്ദ്രം പിടിച്ചെടുക്കാനായി സിറിയന്‍ സൈന്യം മുന്നേറ്റം നടത്തിക്കൊണ്ടിരിക്കെ തെക്കന്‍ ഗൗതയില്‍ നിന്ന് പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു. വിമതരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തിലാണ് പതിനായിരക്കണക്കിനാളുകളുടെ പലായനം. സിറിയന്‍ സൈന്യത്തിന്റെയും സഖ്യസേനയായ റഷ്യയുടെയും നേതൃത്വത്തില്‍ വ്യോമാക്രണവും രാസായുധ ആക്രമണങ്ങളും വ്യാപകമായതായും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. കഴിഞ്ഞ 18 മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ തലസ്ഥാന നഗരത്തിന് സമീപത്തെ ഗൗതയില്‍ മാത്രം 600 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ നല്ലൊരു ശതമാനവും കുട്ടികളാണ്.

തലസ്ഥാനമായ ദമസ്‌കസിന് തെക്കുഭാഗത്തെ വിമത കേന്ദ്രങ്ങള്‍ക്ക് നേരെയാണ് സൈന്യം ആക്രമണം നടത്തുന്നത്. വിമതരുടെ അധീനതയിലുള്ള ദൗമ പിടിച്ചെടുക്കാനായി സിറിയന്‍ സൈന്യം കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. നിലവില്‍ പത്ത് ശതമാനത്തോളം മേഖലയാണ് സൈന്യം തിരിച്ചുപിടിച്ചത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപനം വകവെക്കാതെ ഇപ്പോഴും ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് യു എന്‍ വൃത്തങ്ങള്‍ അറിയിച്ചത്. യു എന്‍ രക്ഷാസമിതിയുടെ 30 ദിവസത്തെയും റഷ്യയുടെ അഞ്ച് മണിക്കൂറിന്റെയും വെടിനിര്‍ത്തല്‍ പ്രഖ്യാപനം നിലവിലുണ്ടെങ്കിലും ജനങ്ങളുടെ ദുരിത ജീവിതത്തിന് യാതൊരു ആശ്വാസവും ലഭിച്ചിട്ടില്ലെന്ന് യു എന്‍ വക്താക്കള്‍ അറിയിച്ചു. ജനങ്ങള്‍ക്കെതിരെയുള്ള കൂട്ടമായ ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിമത കേന്ദ്രങ്ങളിലുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് വേണ്ടി നടക്കുന്ന രക്ഷാപ്രവര്‍ത്തനം സര്‍ക്കാര്‍ സൈന്യം തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ദൗമയിലേക്കുള്ള യു എന്നിന്റെ സഹായ സംഘത്തെ തടഞ്ഞതായും ഭക്ഷണമടക്കമുള്ള അടിയന്തര സഹായവുമായെത്തിയ 40 ട്രക്കുകള്‍ ദൗമയിലേക്ക് പ്രവേശിക്കാനാകാതെ കുടുങ്ങിക്കിടക്കുകയാണെന്നും ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ഇവിടെ നാല് ലക്ഷത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Latest