Connect with us

Articles

സോഷ്യല്‍ ഓഡിറ്റ്: മത-ധര്‍മ സ്ഥാപനങ്ങള്‍ക്ക് വികസന മുഖം തുറക്കുന്നു

Published

|

Last Updated

നഗരങ്ങളും ഗ്രാമങ്ങളും വലിയ മുന്നേറ്റങ്ങള്‍ക്കും മാറ്റങ്ങള്‍ക്കുമാണ് വേദിയാകുന്നത്. ഇതില്‍ നിന്നും കേരളത്തിലെ മുസ്‌ലിംകളുടെ അടിസ്ഥാന കേന്ദ്രങ്ങളായ മസ്ജിദുകളും മദ്‌റസകളും ഒഴിവല്ല. വലിയ മാറ്റങ്ങളാണ് ഇവകളിലും വന്നു ചേരുന്നത്. വികസനവും വികാസവും ലക്ഷ്യമാക്കേണ്ടത് അതുള്‍ക്കൊള്ളുന്ന ജനങ്ങളിലാണ്. ഈ തലത്തിലേക്ക് മസ്ജിദുകളും മദ്‌റസകളും മാറണം.

ഒരു കാലത്ത് മസ്ജിദുകള്‍ വലിയ വിദ്യാകേന്ദ്രങ്ങളായിരുന്നു. പൊന്നാനിയും ചാലിയവും കൊയിലാണ്ടിയും കൊടിയത്തൂരുമൊക്കെ പേരുകേട്ട വിജ്ഞാനത്തിന്റെ ഖനികളായി അന്ന് നിലകൊണ്ടു. ഇത് തിരിച്ചുപിടിക്കാന്‍ നാം പുറകോട്ട് സഞ്ചരിക്കേണ്ടതുണ്ട്. മസ്ജിദുകള്‍ കേന്ദ്രീകരിച്ച് പഠനങ്ങള്‍ നടക്കണം. ഇതാണ് മഹല്ല് സ്ഥാപന ശാക്തീകരണം മുന്നില്‍ കണ്ട് ആനന്ദകരമായ മദ്‌റസാ വിദ്യാഭ്യാസം പദ്ധതിയും, മഹല്ല് സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റും വഴി സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.

മതപഠനരംഗത്ത് സുന്നി വിദ്യാഭ്യാസബോര്‍ഡ് സമൂലമായ മാറ്റങ്ങള്‍ നടപ്പാക്കി. കുറഞ്ഞ സമയത്ത് കൂടുതല്‍ പഠിപ്പിക്കാന്‍ ലളിതവും ശാസ്ത്രീയവുമായ പഠന രീതികള്‍ പരീക്ഷിക്കപ്പെട്ടു. ഒരളവോളം വിജയം കണ്ടു. ഇതിന്റെ വഴിയില്‍ എസ് എം എ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. മദ്‌റസകളിലെ രക്ഷിതാക്കളെ പങ്കടുപ്പിച്ച് നടത്തുന്ന പാരന്റ്‌സ് അസംബ്ലി ഈ രംഗത്ത് വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്.
മഹല്ല്, സ്ഥാപന കമ്മിറ്റികള്‍ നടപ്പിലാക്കിയ പദ്ധതികളുടെ പ്രകടനങ്ങള്‍ വിലയിരുത്തുന്നതിനും, അംഗങ്ങള്‍ക്ക് അവയെ വിലയിരുത്താനുമുള്ള അവസരം നല്‍കുന്നതിനുള്ള രീതിശാസ്ത്രവും വരും കാലത്തേക്കുള്ള വികസനരേഖയുമായ സോഷ്യല്‍ ഓഡിറ്റ് നമ്മുടെ മഹല്ല് ജമാഅത്തുകളിലും മദ്‌റസാ സ്ഥാപനങ്ങളിലും നടപ്പിലാക്കുകയാണ്.

സ്ഥിരമായും കൃത്യമായും സോഷ്യല്‍ ഓഡിറ്റ് നടത്തുകയും അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുകയും ചെയ്യുന്നതിലൂടെ ഭരണ നിര്‍വഹണത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. ഉത്തരവാദിത്വവും സുതാര്യതയും വര്‍ധിപ്പിക്കുക, ജനകീയ പങ്കാളിത്തം വളര്‍ത്തിയെടുക്കുക, കൂടിയാലോചനകളും അഭിപ്രായ ഐക്യവും പ്രോത്സാഹിപ്പിക്കുക, പങ്കാളിത്തം ഉറപ്പാക്കുക, അഴിമതി രഹിതമായ ഭരണ നിര്‍വഹണം പ്രോത്സാഹിപ്പിക്കുക, കൂട്ടുത്തരവാദിത്വം അരക്കിട്ടുറപ്പിക്കുക, പരാതി പരിഹാരങ്ങളെ ഔദ്യോഗികവത്കരിക്കുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങള്‍ ഇതിനുണ്ട്. ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് സ്ഥാപനം എത്രത്തോളം വളര്‍ന്നിട്ടുണ്ടെന്ന് കണ്ടുപിടിക്കുന്നതിനും സ്ഥാപനത്തിന്റെ സാമ്പത്തിക സാമ്പത്തികേതര ലക്ഷ്യങ്ങളെ കൃത്യവും ചിട്ടയോടുകൂടിയുമുള്ള വിശകലനം വഴി കണ്ടെത്തുന്നതിനും സോഷ്യല്‍ ഓഡിറ്റ് സഹായിക്കും. പോരായ്മകള്‍ കണ്ടാല്‍ അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളും സഹായങ്ങളും സോഷ്യല്‍ ഓഡിറ്റില്‍ വരും. സദുദ്ദേശ്യത്തോടെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും സോഷ്യല്‍ ഓഡിറ്റ് നടപ്പില്‍ വരുത്തുക.

വര്‍ഷങ്ങളായി മദ്‌റസാ കെട്ടിട നിര്‍മാണങ്ങള്‍ക്ക് എസ് എം എ ധനസഹായം നല്‍കിവരുന്നു. നൂറുകണക്കിന് മദ്‌റസകള്‍ക്ക് കെട്ടിടം നിര്‍മിക്കാനും ഫര്‍ണിച്ചറുകള്‍ക്കും സഹായം നല്‍കിയതിലൂടെ ലക്ഷക്കണക്കിന് രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് തിരഞ്ഞെടുത്ത 25 സ്ഥലങ്ങളില്‍ പുതിയ മദ്‌റസാ കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം മഞ്ചേരിയില്‍ നടന്നു. ഇത് പൂര്‍ത്തിയാകുന്ന മുറക്ക് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കും.

കേരളത്തില്‍ ആദ്യമായി മദ്‌റസാ അധ്യാപകരല്ലാത്ത മുഴുവന്‍ ഉസ്താദുമാരെയും സംഘടിപ്പിച്ച് മസ്ജിദ്, ശരീഅത്ത് കോളജ്, ദഅ്‌വാ കോളജ്, അറബിക് കോളജ് എന്നിവിടങ്ങളിലെ സേവനകാലം രേഖപ്പെടുത്തി സൂക്ഷിക്കാനുള്ള സര്‍വീസ് പുസ്തകം – മസ്ജിദ് എംപ്ലോയീസ് സര്‍വീസ് രജിസ്റ്റര്‍ എസ് എം എ നടപ്പിലാക്കി. ഇതിലൂടെ ക്ഷേമനിധി ആവിഷ്‌കരിച്ച് ഈ വിഭാഗം ഉസ്താദുമാര്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ ക്ഷേമ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

നമ്മുടെ പിഞ്ചോമനകള്‍ക്ക് അക്ഷരവും അറിവും വിശ്വാസവും കോരിക്കൊടുത്ത ഉസ്താദുമാര്‍ക്ക് ജനങ്ങള്‍ നല്‍കുന്ന ആശ്വാസധനമാണ് എസ് എം എയുടെ സ്ഥിരം ക്ഷേമ പെന്‍ഷന്‍. മദ്‌റസാധ്യാപകര്‍ക്ക് പുറമെ മസ്ജിദ് ഇമാം, ഖത്വീബ്, മുഅദ്ദിന്‍, മുദര്‍രിസ് എന്നിവര്‍ക്കുകൂടി പെന്‍ഷന്‍ നല്‍കിവരുന്നു.

ഭരണഘടന പ്രകാരം ന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും അര്‍ഹതപ്പെട്ടത് നേടിക്കൊടുക്കാനും എസ് എം എ ശ്രമങ്ങള്‍ നടത്തുന്നു. മഹല്ല് ഭരണം, സ്ഥാപന സംരക്ഷണം, മഹല്ല് സംസ്‌കരണം, മസ്‌ലഹത്ത് പ്രവര്‍ത്തനം, വിദ്യാഭ്യാസ-സാമ്പത്തിക-തൊഴില്‍പരമായ നേതൃത്വം തുടങ്ങിയ നിരവധി ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിക്കാനും അതുസംബന്ധമായ പ്രമാണങ്ങളും രേഖകളും സേവനങ്ങളും കണക്കുകളും കൈകാര്യം ചെയ്യാനും മഹല്ല് ജമാഅത്ത് സെക്രട്ടറിമാര്‍ക്കും മറ്റും പരിശീലനം നല്‍കുന്നു.

കേസില്‍ പെട്ട മഹല്ല്, സ്ഥാപനങ്ങള്‍ക്ക് നിയമസഹായവും അനിവാര്യമായ ഇടങ്ങളില്‍ ധനസഹായവും നല്‍കി. വഖഫ് ബോര്‍ഡ് രജിസ്‌ട്രേഷന്‍, റിട്ടേണ്‍ സമര്‍പ്പിക്കല്‍, സൊസൈറ്റി രജിസ്‌ട്രേഷന്‍, ഭരണ സമിതി പട്ടിക സമര്‍പ്പിക്കല്‍, ഇന്‍കംടാക്‌സ് നിയമങ്ങള്‍ തുടങ്ങിയ നിയമ സഹായങ്ങള്‍ നല്‍കിവരുന്നു. സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട അവസരങ്ങളില്‍ ഇടപെട്ട് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ബാലനീതി നിയമപ്രകാരം അഗതി അനാഥ മന്ദിരങ്ങള്‍ ഭീഷണി നേരിട്ടപ്പോള്‍ ആവശ്യമായ ബോധവത്കരണങ്ങളും ഗൈഡന്‍സും എസ് എം എ നല്‍കി. എംപ്ലോയ്‌മെന്റ് ബ്യൂറോ, ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, മൈനോറിറ്റി വെല്‍െഫയര്‍ അസോസിയേഷന്‍, മസ്‌ലഹത്ത് സമിതികള്‍, സ്മാര്‍ട്ട് ട്രൈനിംഗ്, ജാഗ്രതാ സ്‌കോഡ്, ഫജ്ര്‍ ക്ലാസ്, ഹാപ്പി ഫാമിലി പ്രോഗ്രാം, ഖതീബ് ട്രൈനിംഗ്, സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ്, മദ്‌റസാ ഗ്രേഡിംഗ് തുടങ്ങിയ സംവിധാനങ്ങള്‍ നിലനിര്‍ത്തിവരുന്നു. മദ്‌റസകളുടെയും മസ്ജിദുകളുടെയും സംരക്ഷണത്തിനും പോഷണത്തിനുമായി ജനങ്ങളെ ബോധവത്കരിക്കുന്നതിനും ഫണ്ട് ശേഖരണത്തിനുമായി 2018 മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച “മദ്‌റസാദിനം” ആചരിക്കുകയാണ്. ദിനാചരണത്തിന്റെ ഭാഗമായി ജുമുഅക്ക് ശേഷം ഖത്വീബുമാര്‍ മദ്‌റസാദിനം വിശദീകരിച്ച് സംഭാവന സ്വീകരിക്കും. ഉസ്താദുമാര്‍, ഖാസിമാര്‍, മുദര്‍രിസുമാര്‍, മുഅല്ലിംകള്‍, മഹല്ല് ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ എല്ലാം ഒത്തുചേര്‍ന്ന് ഫണ്ട് ശേഖരണത്തിന് മുന്നില്‍നില്‍ക്കണം. സംസ്ഥാന കമ്മിറ്റി തയ്യാറാക്കി നല്‍കിയ സംഭാവന ശേഖരിക്കാനുള്ള കവറുകള്‍ മദ്‌റസാവിദ്യാര്‍ഥികളിലൂടെയും അല്ലാതെയും വിതരണം ചെയ്ത് മഹല്ലിലെ ഓരോ വീട്ടിലുമെത്തിക്കണം. എസ് എം എ റീജ്യണല്‍, മേഖലാ, ജില്ലാ ഭാരവാഹികള്‍ എല്ലായിടത്തും നേതൃത്വം നല്‍കണം. മദ്‌റസാദിനം വിജയിപ്പിക്കാന്‍ വേണ്ടി സംഘടനാ കുടുംബത്തിലെ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങുകയും സ്‌നേഹജനങ്ങള്‍ അവരെ തുണക്കുകയും ചെയ്യുക. നാഥന്‍ സഹായിക്കട്ടെ.
(എസ് എം എ സംഘടനാകാര്യ
സെക്രട്ടറിയാണ് ലേഖഖന്‍)

 

 

 

Latest