Connect with us

Education

തുഞ്ചന്‍ ഗവ. കോളജില്‍ അറബിക് ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു

Published

|

Last Updated

തിരൂര്‍: മലയാളഭാഷാ പിതാവിന്റെ നാമധേയത്തിലുള്ള തിരൂര്‍ തുഞ്ചന്‍ ഗവ. കോളജില്‍ അറബിക് ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ആദ്യമായാണ് സര്‍ക്കാര്‍ കോളജില്‍ അറബിക് ഗവേഷണ കേന്ദ്രം സജ്ജമാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് ഗവേഷണ കേന്ദ്രത്തിന് അനുമതി ലഭിച്ചതെന്ന് വകുപ്പ് തലവന്‍ ഡോ. പി ടി സൈനുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗവേഷണ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കിയ ശേഷമാണ് ഗവേഷണ കേന്ദ്രത്തിനുള്ള അനുമതി ലഭിച്ചത്. തുഞ്ചന്‍ കോളജിലെ ആദ്യ റിസര്‍ച്ച് സെന്റര്‍ കൂടിയാണ് അറബിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ തയ്യാറാകുന്നത്. 1991ല്‍ കോളജിലെ പ്രഥമ ബിരുദ കോഴ്‌സായിരുന്നു അറബി. 2012ല്‍ ബിരുദാനന്തര ബിരുദ കോഴ്‌സും ആരംഭിച്ചു.

തുഞ്ചന്‍ കോളജില്‍ ഗവേഷണ കേന്ദ്രം വരുന്നതോടെ അക്കാദമിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ഗൈഡ്ഷിപ്പിന് അര്‍ഹതയുള്ള ഏഴ് അധ്യാപകരുള്ള കേരളത്തിലെ ഏക ഗവേഷണ കേന്ദ്രം കൂടിയാണ് ഇവിടെ. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിനുള്ള അവസരമുണ്ടാക്കും. അടുത്ത അധ്യയന വര്‍ഷത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കോളജ് അധികൃതര്‍ പറഞ്ഞു.
ഗവേഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉച്ചക്ക് രണ്ടിന് ഇ ടി മുഹമ്മദ് ബശീര്‍ എം പി നിര്‍വഹിക്കും. കേരള ന്യൂനപക്ഷ ക്ഷേമ വിഭാഗം മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ.എ ബി മൊയ്തീന്‍ കുട്ടിയെ ചടങ്ങില്‍ ആദരിക്കും. സര്‍വകലാശാല റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എം നാസര്‍, യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം മേധാവി ഡോ. അബ്ദുല്‍ മജീദ്, പ്രിന്‍സിപ്പല്‍ ഡോ. കെ മണി സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫസര്‍മാരായ ഡോ. പി അബ്ദുല്‍ ലത്വീഫ്, ഡോ. ജാഫര്‍ സാദിഖ് പി പി, ഡോ. മുഹമ്മദ് ചേനാടന്‍, അറബിക് അലുംനി സെക്രട്ടറി എം പി റാഫി പങ്കെടുത്തു.

 

 

 

Latest