കിംഗ് അബ്ദുല്ല രണ്ടാമന്റെ സന്ദര്‍ശനം അന്താരാഷ്ട്ര സമാധാനത്തിന് മാറ്റുകൂട്ടും: കാന്തപുരം

സ്വന്തം ലേഖകന്‍
Posted on: February 28, 2018 11:51 pm | Last updated: March 1, 2018 at 10:25 am
2016ല്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നടന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായെത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ജോര്‍ദാന്‍ രാജാവ് ഉപഹാരം നല്‍കി സ്വീകരിക്കുന്നു (ഫയല്‍ ചിത്രം)

ജോര്‍ദാന്‍ രാജാവ് കിംഗ് അബ്ദുല്ല രണ്ടാമന്റെ ത്രിദിന ഇന്ത്യാ സന്ദര്‍ശനം അന്താരാഷ്ട്ര സമാധാന സംസ്ഥാപന ശ്രമങ്ങള്‍ക്ക് കരുത്തുപകരുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖ് അബൂബക്കര്‍ അഹ്മദ് കാന്തപുരം പറഞ്ഞു.

ഇന്ത്യയും ജോര്‍ദാനും തമ്മില്‍ ഗാഢമായ നയതന്ത്ര ബന്ധമാണ് ദീര്‍ഘകാലമായി നിലനില്‍ക്കുന്നത്. പ്രവാചക കുടുംബത്തില്‍ പിറന്ന അബ്ദുല്ല രാജാവ് സമാധാനവും ശാന്തിയും പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിന്റെ മനോഹരമായ സന്ദേശങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊണ്ടിട്ടുണ്ട്. മതത്തെ തെറ്റായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി അദ്ദേഹം എതിര്‍ക്കുന്നു. അതിനുവേണ്ടി മുസ്‌ലിം പണ്ഡിതന്മാരുടെ സമ്മേളനങ്ങളും കൂട്ടായ്മകളും ജോര്‍ദാനില്‍ വര്‍ഷംതോറും സംഘടിപ്പിച്ച് ഇസ്‌ലാമിക നേതൃത്വങ്ങള്‍ക്കിടയില്‍ യോജിപ്പിന്റെ പ്രതലങ്ങള്‍ തുറന്നുകൊടുക്കുന്നു. അന്താരാഷ്ട്ര രംഗത്ത് മുസ്‌ലിംകളും മറ്റു മതവിശ്വാസികളും തമ്മില്‍ ആരോഗ്യകരമായ ബന്ധം സജീവമാക്കുന്നതിനും ബഹുസ്വര സംസ്‌കൃതി ശക്തിപ്പെടുത്തുന്നതിനും വേണ്ടി ജോര്‍ദാന്‍ രാജാവ് രൂപം നല്‍കിയ ‘എ കോമണ്‍ വേര്‍ഡ്’ എന്ന കരാര്‍ വളരെയേറെ ലോകശ്രദ്ധ നേടിയിട്ടുണ്ട്.

ലോകത്ത് മുസ്‌ലിംകള്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിലെ ഇസ്‌ലാമിക വിശ്വാസികള്‍ സമാധാനത്തിന്റെ മാര്‍ഗത്തില്‍ നീങ്ങുന്നവരാണ്. തീവ്രവാദവും ഭീകരതയും പ്രചരിപ്പിക്കുന്നവരെ മുസ്‌ലിം പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നുവെന്നും കാന്തപുരം പറഞ്ഞു. അന്താരാഷ്ട്ര സമാധാനത്തിനും തീവ്രവാദ ചിന്തകളെ പ്രതിരോധിക്കാനും മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയിലെ ധൈഷണിക ചര്‍ച്ചകള്‍ക്കും വേണ്ടി ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദി റോയല്‍ ആലുല്‍ ബൈത് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇസ്‌ലാമിക് തോട്ടി’ലെ സജീവ അംഗമാണ് കാന്തപുരം

ഒരു ദശകത്തിനിടയില്‍ ജോര്‍ദാന്‍ രാജാവ് സംഘടിപ്പിച്ച ഇസ്‌ലാമിക പണ്ഡിത സമ്മേളനങ്ങളില്‍ 2007, 2014, 2016 വര്‍ഷങ്ങളില്‍ മൂന്ന് തവണ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത അദ്ദേഹം, ജോര്‍ദാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന സമ്മേളനത്തില്‍ അബ്ദുല്ല രാജാവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ശൈഖ് അബൂബക്കര്‍ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജോര്‍ദാന്‍ രാജാവ് ഇന്ന് ചര്‍ച്ച നടത്തും.