Connect with us

Kasargod

സമാധാന സന്ദേശം പകര്‍ന്ന് സ്‌കൂള്‍ മതിലില്‍ ചിത്രമെഴുത്ത്

Published

|

Last Updated

ഉദുമ: കൂറ്റന്‍ മത്സ്യത്തിന് മുകളില്‍ ഇരുന്ന് പുസ്തകം വായിക്കുന്ന വിദ്യാര്‍ഥികള്‍, പൂമ്പാറ്റയോടൊപ്പം നൃത്തം ചവിട്ടുന്ന കുട്ടികള്‍, മരചില്ലയില്‍ ഇരിക്കുന്ന പക്ഷികള്‍, കൂറ്റന്‍ ആമ, മാന്‍ എന്നിവയുടെ ചിത്രങ്ങള്‍ തങ്ങള്‍ പഠിക്കുന്ന സ്‌കൂളിന്റെ മതിലില്‍ നിറഞ്ഞപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഇത് വിസ്മയ കാഴ്ചയായി. ലോകസമാധാനത്തിന്റെ മഹത്തായ സന്ദേശം മുഴുവന്‍ ജനങ്ങളിലും എത്തിക്കുക എന്ന ജൂനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണലിന്റെ പരിപാടിയുടെ ഭാഗമായി ജെസിഐ പാലക്കുന്നാണ് ഉദുമ ഗവ. എല്‍ പി സ്‌കൂള്‍ മതിലില്‍ സമാധാന സന്ദേശത്തിന്റെ ചിത്രമെഴുത്ത് നടത്തിയത്.

“സമാധാനം സാധ്യമാണ് “എന്ന പരിപാടിയുടെ ഭാഗമായി സ്‌കൂളിന്റെ മുന്‍വശത്തെ നൂറ് മീറ്ററോളം നീളം വരുന്ന മതിലിലാണ് സമാധാനത്തിന്റെ സന്ദേശം പകരുന്ന ചിത്രരചന നടത്തിയത്. കേരള ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ചിത്ര പുരസ്‌കാര ജേതാവ് സചീന്ദ്രന്‍ കാറഡുക്ക, കേരള ലളിത കലാ അക്കാദമി അവാര്‍ഡ് ജേതാവ് വിനോദ് അമ്പലത്തറ, യുവ ചിത്രകാരന്‍ വിപിന്‍ പാലോത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചിത്രരചന നടത്തുന്നത്. ചിത്രരചന ഇന്ന് പൂര്‍ത്തിയാകും. ചിത്രരചനയുടെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരനും ശില്‍ പ്പിയുമായ മോഹനചന്ദ്രന്‍ നമ്പ്യാര്‍ നിര്‍വഹിച്ചു. ജെ സി ഐ പാലക്കുന്ന് പ്രസിഡന്റ് റഹ്മാന്‍ പൊയ്യയില്‍ അധ്യക്ഷത വഹിച്ചു.

Latest