ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജി എന്‍ഡിഎ വിട്ടു; ഇനി മഹാസഖ്യത്തിനൊപ്പം

Posted on: February 28, 2018 2:19 pm | Last updated: February 28, 2018 at 6:21 pm

പട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) നേതാവുമായ ജിതന്‍ റാം മാഞ്ജി എന്‍ഡിഎ വിട്ടു. വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റുകള്‍ നല്‍കാത്തത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഇനി മുതല്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മാഞ്ജി പ്രഖ്യാപിച്ചു. ആര്‍ജെഡിയും കോണ്‍ഗ്രസും മാഞ്ജിയെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്തു.

ലാലുവിന്റെ മകനും ബിഹാറിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവുമായി രാവിലെ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മാഞ്ജി തീരുമാനം പ്രഖ്യാപിച്ചത്. ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന ജെഹാനാബാദില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബിജെപി ജെഡിയുവിന് അനുവാദം നല്‍കിയതാണ് മാഞ്ചിയെ ചൊടിപ്പിച്ചത്. ഇവിടെ മകനെ സ്ഥാനാര്‍ഥിയാക്കാന്‍ മാഞ്ജിക്കു താത്പര്യമുണ്ടായിരുന്നു. ജെഡിയുവിലെ അഭിരാം ശര്‍മയാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്.

ജനതാദള്‍- യു നേതാവായിരുന്ന മാഞ്ജി 2015ല്‍ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് എച്ച് എംഎം രൂപവത്കരിച്ചത്. തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയില്‍ ചേരുകയായിരുന്നു. ഇക്കാര്യം എന്‍ഡിഎ നേതാക്കളെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ജെഡിയുവിനു സീറ്റു നല്‍കാനായിരുന്നു മുന്നണി തീരുമാനം. പ്രഖ്യാപനത്തിനു മുന്നോടിയായി എച്ച്എഎം നേതാവ് ബൃഷന്‍ പട്ടേല്‍ റാഞ്ചിയിലെ ജയിലിലെത്തി ലാലുവുമായി കൂടിക്കാഴ്ച നടത്തി.