യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പിതാവ്

Posted on: February 28, 2018 11:51 am | Last updated: February 28, 2018 at 5:05 pm

പാലക്കാട്: മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പിതാവ് സിറാജുദ്ദീന്‍. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. മുമ്പ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായിരുന്ന പ്രതികള്‍ പിന്നീട് സിപിഎമ്മിലും പിന്നീട് സിപിഐയിലുമായി ചേരുകയായിരുന്നെന്നും മുസ്‌ലിം ലീഗ് നഗരസഭ കൗണ്‍സിലര്‍ കൂടിയായ സിറാജുദ്ദീന്‍ പറഞ്ഞു.

സഫീറും കേസിലെ പ്രതികളും തമ്മില്‍ നേരത്തെ വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. അന്ന് പള്ളിക്കമ്മിറ്റി ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു. കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പോലീസും നേരത്തെ പറഞ്ഞിരുന്നു.

ഈ മാസം 25ന് രാത്രിയാണ് സഫീറിനെ (23) നഗരമധ്യത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കയറി മൂന്നംഗ സംഘം കുത്തിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍, നിയമസഭയില്‍ ഉള്‍പ്പെടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു.