Connect with us

Gulf

ഉപരോധം അവസാനിപ്പിക്കാന്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഇടപെടണം: ഖത്വര്‍

Published

|

Last Updated

ദോഹ: രാജ്യം നേരിടുന്ന നിയമവിരുദ്ധവും നീതിരഹിതവുമായ ഉപരോധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ഇടപെടണമെന്ന് ഖത്വര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി ആവശ്യപ്പെട്ടു. ജനീവയില്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 37ാമത് സെഷനില്‍ ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്വരി ജനതക്കുമേല്‍ നീതീകരിക്കാനാകാത്ത മനുഷ്യാവകാശം ലംഘനം അടിച്ചേല്‍പ്പിക്കുമ്പോള്‍ അതിനെതിരെ നടപടി സ്വീകരിക്കേണ്ടത് ഉത്തരവാദിത്തമാണ്. ഏകപക്ഷീയവും ബലം പ്രയോഗിച്ചുമുള്ള ഉപരോധമാണ് ഖത്വര്‍ ജനത നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശത്തിനു വേണ്ടിയുള്ള യു എന്‍ ഹൈകമ്മീഷണര്‍ മിഷന്‍ കഴിഞ്ഞ നവംബറില്‍ ഖത്വര്‍ സന്ദര്‍ശിച്ചു തയാറാക്കി പ്രസിദ്ധീകരിച്ച റി്‌പ്പോര്‍ട്ടില്‍ ഖത്വര്‍ ജനത നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഖത്വരി പൗരന്‍മാര്‍ക്കും വിദേശികള്‍ക്കുമെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ വ്യക്തതയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടത്. ഈ പ്രായങ്ങള്‍ ഓരോ ദിവസവും നേരിട്ടു കൊണ്ടിരിക്കുകയാണ്. നീതി ലഭിക്കേണ്ടത് ഖത്വറിന്റെ അവകാശമായിരിക്കേ കൗണ്‍സിലിന്റെ ഉത്തരവാദിത്തവും ്അധികാരവും ഉപയോഗപ്പെടുത്തി ഉപരോധം അവസാനിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരകള്‍ക്ക് നീതിയും നഷ്ടപരിഹാരവും ലഭിക്കേണ്ടതുണ്ട്. ഇരകളോടൊപ്പം നില്‍ക്കണമെന്നാണ് ഖത്വര്‍ ആവശ്യപ്പെടുന്നത്.