മാര്‍ച്ച് രണ്ടിന് എസ് എം എ ‘മദ്‌റസാ ദിനം’ ആചരിക്കും

Posted on: February 27, 2018 10:21 am | Last updated: February 27, 2018 at 10:21 am
‘മദ്‌റസാദിന’ സംസ്ഥാനതല ഫണ്ടുദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എസ് എം എ സംസ്ഥാന പ്രസിഡന്റ് കെ കെ അഹ്മ്മദ്കുട്ടി മുസ്‌ലിയാര്‍ക്ക് സംഭാവനക്കവര്‍ നല്‍കി നിര്‍വഹിക്കുന്നു

കോഴിക്കോട്: മദ്‌റസകളുടെയും മസ്ജിദുകളുടെയും സംരക്ഷണത്തിനും പോഷണത്തിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും ഫണ്ട് ശേഖരണത്തിനുമായി സുന്നി മാനേജ്‌മെന്റ് അസോസിയയേഷന്‍ (എസ് എം എ) മാര്‍ച്ച് രണ്ടിന് ‘മദ്‌റസാദിനം’ ആചരിക്കും.
സംസ്ഥാനത്ത് തിരഞ്ഞെടുത്ത 25 സ്ഥലങ്ങളില്‍ പുതിയ മദ്‌റസകള്‍ നിര്‍മിക്കുക, സര്‍വീസില്‍ നിന്നും വിരമിച്ച 60 വയസ്സ് കഴിഞ്ഞ ഉസ്താദുമാര്‍ക്ക് (മുഅല്ലിം, മുഅദ്ദിന്‍, മുദരിസ്, ഖത്തീബ്, ഇമാം) സ്ഥിരം ക്ഷേമ പെന്‍ഷന്‍, മസ്ജിദ് ജീവനക്കാര്‍ക്ക് സര്‍വീസ് രജിസ്റ്ററും ക്ഷേമനിധിയും, വഖ്ഫ് കേസുകള്‍ക്ക് നിയമ-ധനസഹായം, സൊസൈറ്റി-വഖഫ് ബോര്‍ഡ് ഗൈഡന്‍സ്, മഹല്ല് ഏകീകരണത്തിനും ശാക്തീകരണത്തിനുമായി ഇ-മഹല്ല് സംവിധാനവും സോഷ്യല്‍ ഓഡിറ്റും, ആനന്ദകരമായ മദ്‌റസാവിദ്യാഭ്യാസം തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നു.

‘മദ്‌റസാദിനം’ വിശദീകരിക്കുന്ന സര്‍ക്കുലര്‍, പോസ്റ്റര്‍, ബക്കറ്റ് സ്റ്റിക്കര്‍, സംഭാവന സ്വീകരിക്കാനുള്ള കവര്‍, കമ്മിറ്റിക്കുള്ള കവര്‍ എന്നിവ ജില്ല, മേഖല, റീജ്യനല്‍ കമ്മിറ്റികള്‍ മുഖേന എല്ലാ മസ്ജിദ്, മദ്‌റസ, സ്ഥാപനങ്ങളിലും ഇതിനകം എത്തിച്ചിട്ടുണ്ട്. ദിനാചരണത്തിന്റെ ഭാഗമായി ജുമുഅക്കു ശേഷം ഖത്വീബുമാര്‍ ‘മദ്‌റസാദിനം’ വിശദീകരിക്കുകയും സംഭാവന സ്വീകരിക്കുകയും ചെയ്യണം. സംഘടനാ പ്രവര്‍ത്തകര്‍ അങ്ങാടികളില്‍ ബക്കറ്റ് പിരിവ് നടത്തിയും, സംഭാവനാ കവറുകള്‍ മദ്‌റസാ വിദ്യാര്‍ഥികളിലൂടെയും മറ്റും വീടുകളില്‍ എത്തിച്ചും സംഭാവനകള്‍ സമാഹരിക്കണം.

എല്ലാ മഹല്ല്, മസ്ജിദ്, മദ്‌റസ, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, സ്ഥാപന കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും പ്രസ്ഥാന ബന്ധുക്കളും സ്‌നേഹജനങ്ങളും ‘മദ്‌റസാദിനം’ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി, എസ് എം എ സംസ്ഥാന പ്രസിഡന്റ് കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ എം എ റഹീം അഭ്യര്‍ഥിച്ചു.

‘മദ്‌റസാദിന’ സംസ്ഥാനതല ഫണ്ടുദ്ഘാടനം കാരന്തൂര്‍ മര്‍കസില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എസ് എം എ സംസ്ഥാന പ്രസിഡന്റ് കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ക്ക് സംഭാവനക്കവര്‍ നല്‍കി നിര്‍വഹിച്ചു.