നാഗാലാന്‍ഡിലും മേഘാലയയിലും ഇന്ന് വോട്ടെടുപ്പ്

Posted on: February 27, 2018 6:38 am | Last updated: February 27, 2018 at 10:16 am

ഷില്ലോംഗ്/ കൊഹിമ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്‍ഡിലും മേഘാലയയിലും ഇന്ന് വോട്ടെടുപ്പ്. മൊത്തം 60 സീറ്റുകളാണ് രണ്ടിടത്തും ഉള്ളതെങ്കിലും 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. മേഘാലയയില്‍ വില്യം നഗര്‍ മണ്ഡലത്തിലാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. ഇവിടെ എന്‍ സി പി സ്ഥാനാര്‍ഥി ജൊനാതന്‍ എന്‍ സാംഗ്മ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതോടെയാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. ഈ മാസം 18നാണ് ഐ ഇ ഡി സ്‌ഫോടനത്തില്‍ സാംഗ്മ കൊല്ലപ്പെട്ടത്. നാഗാലാന്‍ഡില്‍ വടക്കന്‍ അംഗാമി-2 മണ്ഡലത്തില്‍ നിന്ന് എന്‍ ഡി പി പി മേധാവി നൈഫിയു റിയോ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നാഗാലാന്‍ഡിലെ ഏതാനും പോളിംഗ് സ്റ്റേഷനുകളില്‍ ഒഴിച്ച് മറ്റെല്ലായിടത്തും രാവിലെ ഏഴ് മുതല്‍ നാല് വരെയാണ് വോട്ടിംഗ്. അതീവ ജാഗ്രത പുലര്‍ത്തുന്ന സ്റ്റേഷനുകളില്‍ മൂന്ന് മണിക്ക് പോളിംഗ് അവസാനിക്കും. നേരത്തേ വോട്ടെടുപ്പ് നടന്ന ത്രിപുരക്കൊപ്പം മേഘാലയയിലെയും നാഗാലാന്‍ഡിലെയും ഫലം ഈ മാസം മൂന്നിന് വരും.

ശക്തമായ പ്രചാരണമാണ് ഇരു സംസ്ഥാനങ്ങളിലും അരങ്ങേറിയത്. പ്രധാന നേതാക്കള്‍ നിരവധി തവണ ഈ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എത്തി. അസാമിലും മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും സര്‍ക്കാറുണ്ടാക്കുന്നതില്‍ വിജയിച്ച ബി ജെ പി തങ്ങളുടെ സ്വാധീനം വടക്ക് കിഴക്കന്‍ മേഖലയില്‍ ഊട്ടിയുറപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. നാഗാലാന്‍ഡില്‍ ബി ജെ പിയുടെ പ്രതീക്ഷ മുഴുവന്‍ സഖ്യ കക്ഷിയായ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ ഡി പി പി)യുടെ ചുമലിലാണ്. 40 ഇടത്തും മത്സരിക്കുന്നത് എന്‍ ഡി പി പിയാണ്. ബി ജെ പി സാന്നിധ്യം 20 ഇടത്ത് മാത്രമാണുള്ളത്്. കോണ്‍ഗ്രസാകട്ടെ 18 സീറ്റില്‍ മാത്രമേ മത്സരിക്കുന്നുള്ളൂ. നാഗാലാന്‍ഡില്‍ മൊത്തം 11,91,513 വോട്ടര്‍മാരാണ് ഉള്ളത്. 50.50 ശതമാനം പുരുഷന്‍മാരാണ്. മൊത്തം 227 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. നാഗാ പാര്‍ട്ടികള്‍ പ്രഖ്യാപിച്ച ബഹിഷ്‌കരണ ആഹ്വാനത്തിനിടെയാണ് വോട്ടെടുപ്പ്. 281 കമ്പനി സി ആര്‍ പി എഫ് ജവാന്‍മാരെ വിന്യസിച്ചിട്ടുണ്ട്.

മേഘാലയയില്‍ പത്ത് വര്‍ഷമായി കോണ്‍ഗ്രസാണ് അധികാരത്തില്‍. ഈ വിജയക്കുതിപ്പ് തകര്‍ക്കാന്‍ ആവനാഴിയിലെ അവസാനത്തെ അമ്പും പുറത്തെടുക്കുകയാണ് ബി ജെ പി. ബീഫും ക്രിസ്തീയ സഭയും ഇവിടെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. 81 ശതമാനം പേരും ബീഫ് കഴിക്കുന്ന മേഘാലയയില്‍ ബി ജെ പിയുടെ സാന്നിധ്യം ശക്തമായതോടെയാണ് കോണ്‍ഗ്രസ് ബീഫ് പ്രചാരണ ആയുധമാക്കിയത്. ബീഫ് നിരോധനവും പശു സംരക്ഷണവുമെല്ലാം ആവശ്യപ്പെടുന്ന ബി ജെ പി അധികാരത്തില്‍ വന്നാല്‍ ഭക്ഷണകാര്യത്തില്‍ ഇടപെടുമെന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. എന്നാല്‍ ക്രിസ്തീയ സഭയുടെ പേരില്‍ കോണ്‍ഗ്രസ് വര്‍ഗീയത വളര്‍ത്തുന്നുവെന്ന മറുവാദമാണ് ബി ജെ പി ഉന്നയിക്കുന്നത്. മേഘാലയയില്‍ മൊത്തം 370 സ്ഥാനാര്‍ഥികളാണ് ഗോദയിലുള്ളത്. 32 പേര്‍ സ്ത്രീകളാണ്. ഇത്തവണ 67 സമ്പൂര്‍ണ വനിതാ പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 18.4 ലക്ഷം വോട്ടര്‍മാരുണ്ട്. 3,083 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.