പര്‍വതനിരയില്‍ കുടുങ്ങിയ സഞ്ചാരിയെ എയര്‍വിംഗ് രക്ഷിച്ചു

Posted on: February 26, 2018 9:21 pm | Last updated: February 26, 2018 at 9:21 pm

റാസ് അല്‍ ഖൈമ: ജബല്‍ ജൈസില്‍ പര്‍വതാരോഹണത്തിനിടെ പരുക്കേറ്റ യൂറോപ്യന്‍ വിനോദസഞ്ചാരിയെ ആഭ്യന്തര മന്ത്രാലയ രക്ഷാദൗത്യ സംഘം രക്ഷപ്പെടുത്തി. വെള്ളിയാഴ്ചയായിരുന്നു സംഭവം. സമുദ്രനിരപ്പില്‍ നിന്ന് 1,910 മീറ്റര്‍ ഉയരത്തിലുള്ള പര്‍വതത്തിലേക്കുള്ള സഞ്ചാരത്തിനിടെയാണ് യൂറോപ്യന്‍ പൗരന് പരുക്കേറ്റത്. എയര്‍ ആംബുലന്‍സും പാരാമെഡിക്കല്‍ അംഗങ്ങളുമടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം എയര്‍ ഓപറേഷന്‍സ് മേധാവി ലെഫ്. കേണല്‍ പൈലറ്റ് സാലിം ബിന്‍ യൂഖ പറഞ്ഞു. പരുക്കേറ്റയാളെ സഖര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

മികച്ച പരിശീലകനോടൊപ്പം ആവശ്യമായ ഉപകരണങ്ങളും സംരക്ഷിത വസ്ത്രങ്ങളും ധരിച്ചാകണം പര്‍വതാരോഹണം നടത്തേണ്ടത്. അത്യാഹിതഘട്ടങ്ങളില്‍ അധികൃതരെ ബന്ധപ്പെടാനുള്ള എല്ലാ മുന്‍കരുതല്‍ സംവിധാനങ്ങളും ഒരുക്കിയാകണം മല കയറേണ്ടത്- ലെഫ്. കേണല്‍ പൈലറ്റ് സാലിം ബിന്‍ യൂഖ വ്യക്തമാക്കി.
ഈ വര്‍ഷം ജനുവരിയില്‍ ജബല്‍ ജൈസ് പര്‍വതനിരയില്‍ കുടുങ്ങിയ മറ്റൊരു യൂറോപ്യന്‍ വിനോദസഞ്ചാരിയെയും ആഭ്യന്തര മന്ത്രാലയ രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തിയിരുന്നു.