അഗ്രോ സ്‌പെയ്‌സ്: മഅ്ദിന്‍ വൈസനിയം കാര്‍ഷിക പദ്ധതിക്ക് തുടക്കമായി

Posted on: February 26, 2018 8:32 pm | Last updated: December 26, 2018 at 4:40 pm
SHARE
മഅ്ദിന്‍ അക്കാദമിയുടെ വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന അഗ്രോ സ്‌പെയ്‌സ് കാര്‍ഷിക പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കുന്നു.

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ജനകീയ കൂട്ടായ്മയില്‍ നടപ്പിലാക്കുന്ന അഗ്രോ സ്‌പെയ്‌സ് കാര്‍ഷിക പദ്ധതിക്ക് തുടക്കമായി. സംസ്ഥാന കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി സന്ദേശ പ്രഭാഷണം നടത്തി. പതിനായിരം കുടുംബങ്ങള്‍ക്കുള്ള വാഴക്കന്ന് വിതരണവും മികച്ച കര്‍ഷകര്‍ക്കുള്ള വൈസനിയം കാര്‍ഷിക അവാര്‍ഡ് ദാനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായുള്ള മട്ടുപ്പാവ് കൃഷിയുടെ  ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു.
മനസ്സുവെച്ച് മണ്ണിലേക്കിറങ്ങിയാല്‍ കേരളത്തിനു വേണ്ട പച്ചക്കറികള്‍ വിഷരഹിതമായ രീതിയില്‍ നമുക്കുതന്നെ ഉല്‍പാദിപ്പിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലയില്‍ പൊതുസംവിധാനങ്ങള്‍ക്ക് കാര്‍ഷിക രംഗത്ത് ചെയ്യാന്‍ സാധിക്കുന്നതിലുപരി ജനകീയാടിത്തറയുള്ള മഅ്ദിന്‍ അക്കാദമി പോലെയുള്ള സന്നദ്ധ സ്ഥാപനങ്ങള്‍ക്ക് ഇടപെടാന്‍ കഴിയും. സംസ്ഥാനത്ത് ഇരുപത് ലക്ഷം മെട്രിക് ടണ്‍ പച്ചക്കറികള്‍ ആവശ്യമാകുന്നിടത്ത് 6.3 ലക്ഷം മെട്രിക് ടണ്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉല്‍പാദിപ്പിച്ചിരുന്നത്. ഇത് കൂട്ടായ പ്രയത്‌നത്തിലൂടെ ഒരു വര്‍ഷംകൊണ്ട് 9.15 ലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ത്താന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത ഉറപ്പ് വരുത്തുന്നതിനും വിഷരഹിത കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി മഅ്ദിന്‍ പന്ത്രണ്ടാം വാര്‍ഷികാഘോഷമായ എന്‍കൗമിയത്തോടെ ആരംഭിച്ച കാര്‍ഷിക പദ്ധതികളുടെ തുടര്‍ച്ചയണ് വൈസനിയം ആഗ്രോസ്‌പെയ്‌സ്..വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാര്‍ഷികാവബോധം സൃഷ്ടിക്കുന്നതിന് ഇന്‍സ്റ്റിറ്റിയൂഷനല്‍ ഫാമിംഗ്  വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുമെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ബുഖാരി അറിയിച്ചു. പതിനായിരം കുട്ടികര്‍ഷകരെ വൈസനിയം സമ്മേളന കാലയളവില്‍ കാര്‍ഷിക രംഗത്തേക്ക് സജ്ജരാക്കും. ഒഴിവുസമയങ്ങള്‍ ക്രിയാത്മകമായി കാര്‍ഷിക രംഗത്ത് വിനിയോഗിക്കുന്നതിനും വിദ്യാലയത്തിലും പുരയിടത്തിലും മാതൃകാ കൃഷിത്തോട്ടം നിര്‍മ്മിക്കുന്നതിനും പരിശീലനം നല്‍കും.

വൈസനിയം കാര്‍ഷിക അവാര്‍ഡുകള്‍ തോരപ്പ മുസ്തഫ ചെമ്മങ്കടവ്, ബഷീര്‍ പട്ടാലില്‍ വള്ളിക്കാപ്പറ്റ(കൂട്ടിലങ്ങാടി), ബദ്‌റുദ്ധീന്‍ പുതാറമ്പത്ത് ഊരകം(ഊരകം), ഇബ്‌റാഹീം ചോലക്കല്‍ ഈസ്റ്റ് കോഡൂര്‍(കോഡൂര്‍), അബ്ബാസ് പി.പി ആലത്തൂര്‍പടി(മലപ്പുറം), ഏനി മുക്കില്‍ ഹൗസ് ചേങ്ങോട്ടൂര്‍ (പൊന്മള), യാസിന്‍ പൊല്ലറമ്പന്‍ പുല്ലാര (പൂക്കോട്ടൂര്‍), അബ്ദുല്‍ ഗഫൂര്‍ പറമ്പന്‍ ഇരുമ്പുഴി(ആനക്കയം) എന്നിവര്‍ക്ക് മന്ത്രി സമ്മാനിച്ചു.

ചടങ്ങില്‍ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍, പി പി സുനീര്‍( സി പി ഐ ജില്ലാ സെക്രട്ടറി), ഒ. സഹദേവന്‍ (പ്രതിപക്ഷ നേതാവ്, മലപ്പുറം നഗരസഭ), സുലൈമാന്‍ ഫൈസി കിഴിശ്ശേരി, നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍, ദുല്‍ഫുഖാറലി സഖാഫി, ഉമര്‍ പാക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ: 1, 2. മഅ്ദിന്‍ അക്കാദമിയുടെ വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന അഗ്രോ സ്‌പെയ്‌സ് കാര്‍ഷിക പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here