Connect with us

Kannur

ശുഐബ് വധം: ഇനി പ്രക്ഷോഭം നിയമസഭയില്‍

Published

|

Last Updated

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഐബിന്റെ കൊലപാതകത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം കെ സുധാകരന്‍ കലക്ടറേറ്റിനു മുമ്പില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരത്തിന്റെ രൂപം മാറ്റാന്‍ കോണ്‍ഗ്രസ് ആലോചന. സി ബി ഐ അന്വേഷണത്തോട് സര്‍ക്കാര്‍ മുഖം തിരിച്ച സാഹചര്യത്തിലാണ് സമരത്തിന്റെ മുഖം മാറ്റി സംസ്ഥാനമാകെ വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഇന്ന് നിയമസഭയില്‍ സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം സമരം എങ്ങിനെ വേണമെന്ന് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

സുധാകരന്‍ നടത്തുന്ന നിരാഹാര സമരം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനനുസരിച്ച് ഇനി മുന്നോട്ട് പോകുമെന്ന് ഡി സി സി നേതൃയോഗവും വ്യക്തമാക്കി. നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയത്തില്‍ ഇന്ന് അടിയന്തരപ്രമേയം അവതരിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ തീരുമാനം അനുകൂലമായില്ലെങ്കില്‍ നിയമസഭയുടെ പ്രവര്‍ത്തനം തന്നെ സ്തംഭിപ്പിക്കുന്ന രീതിയിലേക്ക് സമരം മാറ്റും. എട്ട് ദിവസമായി തുടരുന്ന കെ സുധാകരന്റെ നിരാഹാരസമരം കണ്ണൂരില്‍ അവസാനിപ്പിച്ച് സമരം തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള തീരുമാനവും കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളും.
നിയമസഭക്ക് പുറത്ത് എം എല്‍ എമാരുടെ അനിശ്ചിതകാല നിരാഹാര സമരമുള്‍പ്പടെ സംഘടിപ്പിക്കാനും യു ഡി എഫ് നേതൃത്വം ആലോചിക്കുന്നുണ്ട്. സര്‍ക്കാര്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ഇന്ന് ആരംഭിക്കുന്ന നിയമസഭ സ്തംഭിപ്പിക്കുമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന്‍ ഇന്നലെ സമരപ്പന്തലില്‍ വ്യക്തമാക്കി.

ഇതുവരെ നിയമസഭ കാണാത്ത തരത്തിലുള്ള ശക്തമായ പ്രക്ഷോഭത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുകയെന്ന് കഴിഞ്ഞ ദിവസം കെ മുരളീധരന്‍ എം എല്‍ എയും ചൂണ്ടിക്കാട്ടിയിച്ചുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രമല്ല, സംസ്ഥാനത്താകെ കോണ്‍ഗ്രസിനും യു ഡി എഫിനും കൂടുതല്‍ ആവേശവും ഐക്യവും പകരാന്‍ കെ സുധാകരന്റെ സമരത്തിനു കഴിഞ്ഞിട്ടുണ്ടെന്നാണ് പൊതുവെ കോണ്‍ഗ്രസ് വിലയിരുത്തല്‍.
ശുഐബിന്റെ കൊലപാതകം സി ബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി രംഗത്തെത്തിയത് സുധാകരന്‍ നടത്തുന്ന സമരത്തോടുള്ള ദേശീയ നേതൃത്വത്തോടുള്ള നിലപാടായാണ് കണക്കാക്കുന്നത്. നിലവിലെ അന്വേഷണത്തിലും അറസ്റ്റുകളിലും തൃപ്തി രേഖപ്പെടുത്തി സമരം തത്ക്കാലം അവസാനിപ്പിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുമ്പോഴാണ്, കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായമെന്ന നിലയില്‍ സമരത്തെ പിന്തുണച്ച് ആന്റണിയെത്തിയത്.
അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ണൂരിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. ശുഐബിന്റെ കുടുംബത്തിനായി കെ പി സി സി സ്വരൂപിച്ച ഫണ്ട് കൈമാറാന്‍ രാഹുല്‍ഗാന്ധിയെ കണ്ണൂരിലെത്തിക്കാനാണ് ആലോചന. അടുത്ത മാസം ആറിന് രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തുമെന്ന് കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രഖ്യാപിച്ചിട്ടുണ്ട്്.

അടുത്ത കാലത്ത് കണ്ണൂരില്‍ രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിനിരയായി, ജീവച്ഛവം പോലെ കഴിയുന്നവരുടെ കണക്കെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു സമര്‍പ്പിക്കാനും കണ്ണൂര്‍ രാഷ്ട്രീയത്തിലെ അക്രമണ രീതി ദേശീയ തലത്തില്‍ തന്നെ വലിയ പ്രചാരണമാക്കി മാറ്റാനും കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. ഇതേ വിഷയത്തില്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ നടത്തുന്ന ഉപവാസത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയും വിപുലമായ സമരമുറകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
ഇന്ന് രാവിലെ കണ്ണൂര്‍ ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂചനാ സമരമെന്ന നിലയില്‍ റോഡ് ഉപരോധിക്കും. വരും ദിവസങ്ങളില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും റോഡ് ഉപരോധം ഉള്‍പ്പടെയുള്ള സമരരീതികള്‍ കര്‍ശനമാക്കാനും ആലോചിക്കുന്നുണ്ട്. അതേസമയം ശുഐബ് വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പ്രതികളെയും സാക്ഷികള്‍ തിരിച്ചറിയുകയും മൂന്ന് പ്രതികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ സമരം തുടരേണ്ടതില്ല എന്നാണ് മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
അതിനിടെ സമരം സര്‍ക്കാറില്‍ വലിയ തോതിലുള്ള ജനകീയ സമ്മര്‍ദമായി മാറ്റാന്‍ സാധിച്ചതായി ഇന്നലെ ചേര്‍ന്ന ഡി സി സി നേതൃയോഗം വിലയിരുത്തി.

 

---- facebook comment plugin here -----

Latest