സൗമ്യനായ കര്‍ക്കശക്കാരന്‍

ആരെയും പിണക്കില്ല, മുഖം കറുപ്പിക്കില്ല. എന്ന് കരുതി പറയാനുള്ളതൊന്നും പറയാതിരിക്കുകയുമില്ല. പാര്‍ട്ടി അച്ചടക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. എല്ലാവരെയും കേള്‍ക്കും, ഉള്‍ക്കൊള്ളും. ശത്രുക്കളാണെങ്കിലും പിണക്കാതിരിക്കാന്‍ ശ്രമിക്കും. പാര്‍ട്ടിയുമായി അടുക്കാന്‍ മടിക്കുന്നവര്‍ക്കിടയില്‍ നയതന്ത്രത്തിന്റെ പാലം പണിയും. പാര്‍ട്ടിയെ തുണച്ചവരെ കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കും. അവര്‍ക്കെതിരെ ഉയരുന്ന ഭീഷണികളെ മടി കൂടാതെ നേരിടും. സംഘാടനമികവും നേതൃപാടവവും ഭരണമികവും ചേര്‍ന്നാല്‍ അത് കോടിയേരി ബാലകൃഷ്ണനാകും.
Posted on: February 26, 2018 6:05 am | Last updated: February 26, 2018 at 12:01 am

സി പി എം സെക്രട്ടറിപദത്തില്‍ ഇത് രണ്ടാം ഊഴമാണ് കോടിയേരി ബാലകൃഷ്ണന്. ആലപ്പുഴയില്‍ വെച്ച് പിണറായി വിജയന്‍ കൈമാറിയ ചെങ്കൊടിയുടെ നേതൃത്വം ഭദ്രമായി സൂക്ഷിച്ചതിനുള്ള അംഗീകാരം. ആലപ്പുഴയില്‍ നിന്ന് തൃശൂരിലെത്തുമ്പോള്‍ സാഹചര്യങ്ങളേറെ മാറിയിട്ടുണ്ട്. ഭരിക്കുന്നത് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറാണ്. അതിനാല്‍ ഭരണ നേട്ടങ്ങളുടെ ആനുകൂല്യം പാര്‍ട്ടിക്കും കിട്ടും. ഒപ്പം, കോട്ടങ്ങളുടെ കുറ്റവും. അധികാരം പിടിക്കലായിരുന്നു ആലപ്പുഴ ഏല്‍പ്പിച്ച ദൗത്യം. തൃശൂരിലെത്തുമ്പോള്‍ പാര്‍ട്ടി നിര്‍ദേശിക്കുന്നത് ഭരണത്തുടര്‍ച്ചക്ക് അരങ്ങൊരുക്കാനാണ്. ഇതാണ് കോടിയേരിക്ക് മുന്നിലെ പ്രധാന വെല്ലുവിളിയും.

പതിവ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വഴിമാറാനുള്ള ശ്രമത്തിനും കോടിയേരി തുടക്കമിട്ടിട്ടുണ്ട്. അതിന്റെ തുടര്‍ച്ചക്കാകും മുന്‍തൂക്കമെന്ന് അദ്ദേഹം അടിവരയിടുന്നു. വര്‍ഗസമരം, ബഹുജനസമരം, അവകാശ സമരം- കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തന പദാവലിയില്‍ ഇങ്ങിനെയുള്ള വാക്കുകള്‍ക്കാണ് എക്കാലത്തും മുന്‍തൂക്കം. ഇതു മാത്രമല്ല, രാഷ്ട്രീയ പ്രവര്‍ത്തനമെന്നാണ് കോടിയേരിയുടെ പക്ഷം. ജൈവകൃഷിയും സാന്ത്വന പരിചരണവും ദരിദ്രര്‍ക്കുള്ള ഭവനനിര്‍മാണവുമെല്ലാം സി പി എം ഏറ്റെടുക്കുന്നതില്‍ ഈ മാറ്റവും വ്യക്തം.
ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് പ്രായോഗികരാഷ്ട്രീയം എത്രത്തോളം വഴങ്ങുമെന്നതിനുള്ള ഉത്തരം കൂടിയാണ് കോടിയേരി ബാലകൃഷ്ണന്‍. ആരെയും പിണക്കില്ല, മുഖം കറുപ്പിക്കില്ല. എന്ന് കരുതി പറയാനുള്ളതൊന്നും പറയാതിരിക്കുകയുമില്ല. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യം തന്നെയാണ് ഇങ്ങനെയൊരു ശൈലി കോടിയേരിയില്‍ രൂപപ്പെടുത്തിയത്. പാര്‍ട്ടി അച്ചടക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല. സംഘാടനമികവും നേതൃപാടവവും ഭരണമികവും ചേര്‍ന്നാല്‍ അത് കോടിയേരി ബാലകൃഷ്ണനാകും. സൗമ്യവും പ്രസാദാത്മകവുമാണ് പെരുമാറ്റം. സംഭവബഹുലമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭൂതകാലം.

ഒന്നര പതിറ്റാണ്ട് പിണറായി വിജയന്‍ ഇരുന്ന കസേരയിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ എത്തുമ്പോള്‍ സി പി എം രാഷ്ട്രീയം എന്താകുമെന്ന് പലരും ചോദിച്ചിരുന്നു. വിഭാഗീയതയുടെ വലിയ വെല്ലുവിളിക്കാലം പിന്നിട്ട് വി എസ് തുറന്ന പോര്‍മുഖത്തേക്കായിരുന്നു കോടിയേരി സെക്രട്ടറി പദമേറ്റെടുത്തത്. ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി വി എസ് ഉയര്‍ത്തിയ വെല്ലുവിളിയെ ഒരു നയതന്ത്രജ്ഞന്റെ റോളെടുത്താണ് കോടിയേരി നേരിട്ടത്. വെല്ലുവിളിക്കാലം തന്നെയായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷം. ഈ വെല്ലുവിളിയില്‍ നിന്ന് ഇപ്പോഴും മുക്തവുമല്ല. കൊലപാതക രാഷ്ട്രീയം പാര്‍ട്ടിയെ തിരിഞ്ഞ് കുത്തുന്നതാണ് സാഹചര്യം. ഇത് മറികടക്കാന്‍ എന്തുണ്ടെന്നാണ് കോടിയേരി നേരിടുന്ന ചോദ്യവും.
സി പി എമ്മിലെ ചിരിക്കുന്ന മുഖമെന്നാണ് കോടിയേരിയുടെ വിശേഷണം. എല്ലാവരെയും കേള്‍ക്കും, ഉള്‍ക്കൊള്ളും. ശത്രുക്കളാണെങ്കിലും പിണക്കാതിരിക്കാന്‍ ശ്രമിക്കും. പാര്‍ട്ടിയുമായി അടുക്കാന്‍ മടിക്കുന്നവര്‍ക്കിടയില്‍ നയതന്ത്രത്തിന്റെ പാലം പണിയും. പാര്‍ട്ടിയെ തുണച്ചവരെ കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കും. അവര്‍ക്കെതിരെ ഉയരുന്ന ഭീഷണികളെ മടി കൂടാതെ നേരിടും. കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലാണ് കോടിയേരി പോളിറ്റ് ബ്യൂറോയിലെത്തുന്നത്. സ്വന്തം ഗ്രാമത്തിലെ ബ്രാഞ്ച് കമ്മിറ്റിയില്‍ അംഗമായാണ് തുടങ്ങിയത്. 1988ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാനസമിതിയിലെത്തി. സംസ്ഥാന സെക്രട്ടറിയായതും ആലപ്പുഴയില്‍ വെച്ച് തന്നെ.

പാര്‍ലമെന്ററി രംഗത്തും കോടിയേരിയുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു. മികച്ച പാര്‍ലിമെന്റേറിയനെന്ന് പേരെടുത്തു. 1982ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. തുടര്‍ന്ന്, 87, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശ്ശേരിയില്‍ നിന്ന് നിയമസഭയിലെത്തി. 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവ്. 2006ലെ എല്‍ ഡി എഫ് സര്‍ക്കാറില്‍ ആഭ്യന്തരം, ടൂറിസം മന്ത്രി. പോലീസിന്റെ ആധുനികവത്കരണം മുതല്‍ ജയില്‍ നവീകരണം, സ്റ്റുഡന്റ്‌സ് പോലീസ്, ജനമൈത്രി പദ്ധതിയെല്ലാം കോടിയേരിയുടെ ഭരണനേട്ടം.
തലശ്ശേരി കോടിയേരിയില്‍ കല്ലറ തലായി എല്‍ പി സ്‌കൂള്‍ അധ്യാപകനായിരുന്ന കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരയണി അമ്മയുടെയും മകനായി 1953 നവംബര്‍ 16ന് ജനനം. കോടിയേരി ബേസിക് സ്‌കൂള്‍, ഓണിയന്‍ ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മാഹി മഹാത്മഗാന്ധി കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. കെ എസ് എഫ് പ്രവര്‍ത്തകനായിരുന്ന കോടിയേരി കോളജ് യൂനിയന്‍ ചെയര്‍മാനായി. പതിനേഴാം വയസില്‍ സ്വന്തം ഗ്രാമത്തിലെ ബ്രാഞ്ചില്‍ അംഗത്വം സ്വീകരിച്ചു സി പി എമ്മിലെത്തി. ബ്രാഞ്ച് സെക്രട്ടറിയും പിന്നീട് ലോക്കല്‍സെക്രട്ടറിയും തലശ്ശേരി മുനിസിപ്പല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാസെക്രട്ടറിയുമായി. പിന്നീട് തട്ടകം തിരുവനന്തപുരമായി.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ബിരുദ പഠനം നടത്തവെ 1973ല്‍ എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായി. അഖിലേന്ത്യ ജോയിന്റ്‌സെക്ട്രറിയായി. 1980 മുതല്‍ 82 വരെ ഡി വൈ എഫ് ഐയുടെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി. 1990ലാണ് സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയാകുന്നത്. കൂത്ത് പറമ്പ് വെടിവെപ്പ് ഉള്‍പ്പെടെ കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ ഘട്ടത്തിലായിരുന്നു കണ്ണൂരിലെ പാര്‍ട്ടിയെ നയിച്ചത്. തലശ്ശേരി ലോറി ഡ്രൈവേഴ്‌സ് ആന്റ് ക്ലീനേഴ്‌സ് യൂനിയന്‍, തലശ്ശേരി വോല്‍കാഡ് ബ്രദേഴ്‌സ് വര്‍ക്കേഴ്‌സ് യൂനിയന്‍, തലശ്ശേരി ചെത്തുതൊഴിലാളി യൂനിയന്‍ (സി ഐ ടി യു) ഏരിയാ സെക്രട്ടറി, കേരള കര്‍ഷക സംഘം ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
സി പി എം നേതാവും തലശ്ശേരി എം എല്‍ എയുമായിരുന്ന എം വി രാജഗോപാലിന്റെ മകള്‍ എസ് ആര്‍ വിനോദിനിയാണ് ഭാര്യ. ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും മക്കള്‍. ഡോ. അഖിലയും റിനിറ്റയുമാണ് മരുമക്കള്‍.