Articles
സെല്‍ഫിക്കാലത്തെ വംശഹത്യകള്‍

അട്ടപ്പാടിയിലെ മുക്കാലി ചിണ്ടക്കി കടുകുമണ്ണ ഊരില്‍ മധു ആദിവാസി യുവാവിനെ, നാട്ടുകാര്‍ എന്ന പൊതു സൗകര്യ വിളിപ്പേരില്‍ സാധൂകരിക്കപ്പെടുന്ന വിധത്തില്‍ ഒത്തുകൂടിയ ഒരു കൂട്ടം കൊലയാളികള്‍ ഇക്കഴിഞ്ഞ ദിവസം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. നിഷ്ഠൂരമായ ഈ കൊല നടന്നതിന്റെ പിറ്റേ ദിവസം, പ്രധാനപ്പെട്ടവയടക്കം എല്ലാ പത്രങ്ങളിലും; തുഛമായ പ്രതിഫലത്തിന് ജോലി ചെയ്യുന്ന പാര്‍ട് ടൈം പ്രാദേശിക പത്ര ലേഖകര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പകര്‍ത്തിയെഴുതി, വാര്‍ത്ത എന്ന പേരിലച്ചടിക്കുന്ന അറിയിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ചരമപ്പേജുകളിലും പ്രാദേശികപ്പേജുകളിലുമായി മൂലവത്കരിക്കപ്പെട്ട ഈ വാര്‍ത്തകള്‍ ഇപ്രകാരമായിരുന്നു: (1) മോഷ്ടാവെന്ന് കരുതി നാട്ടുകാര്‍ പിടികൂടിയ ആള്‍ മരിച്ചു. ചിക്കണ്ടിയില്‍ നിന്നാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയോടെ പാറമടയില്‍ മോഷണവസ്തുക്കള്‍ ഒളിപ്പിക്കുന്നതിനിടെയാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. അവിടെ നിന്ന് ഇയാളെ മുക്കാലിയിലെത്തിച്ചശേഷം പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അഗളിയിലേക്ക് കൊണ്ടു വരുമ്പോള്‍ ഇയാള്‍ മരണപ്പെട്ടതായി പറയുന്നു. രണ്ടു വര്‍ഷമായി മുക്കാലിയിലും പരിസരപ്രദേശങ്ങളിലും നടന്ന നിരവധി മോഷണങ്ങള്‍ക്കു പിന്നില്‍ ഇയാളാണെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. (2) പോലീസ് വാഹനത്തില്‍ മോഷണക്കേസ് പ്രതി മരിച്ചു. പോലീസ് വാഹനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി മരിച്ചു. അട്ടപ്പാടി മുക്കാലി ചിണ്ടക്കി ഊരില്‍ മധുവാണ്(27) മരിച്ചത്. (3) മോഷ്ടാവെന്ന് കരുതി നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ച ആദിവാസി യുവാവ് മരിച്ചു.
എന്നാലിതേ ദിവസമിറങ്ങിയ ദി ഹിന്ദു പത്രത്തിന്റെ നാലാം പേജില്‍, അഞ്ചുകോളം വാര്‍ത്തയായി കൊടുത്തിരിക്കുന്നത്, അട്ടപ്പാട്ടിയില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്നു എന്നു തന്നെയാണ്. മധുവിനെ തല്ലിക്കൊന്നത് തന്നെയെന്ന് തലക്കെട്ട് നല്‍കി സിറാജും സത്യം പറയാനുള്ള ബാധ്യത നിര്‍വഹിച്ചു. അതിനും പിറ്റേന്ന് അതായത് ഫെബ്രുവരി 24ന് കേരളത്തിലെ പ്രധാന പത്രങ്ങളിലെല്ലാം വന്നതിന് സമാനമായ വാര്‍ത്ത, തലേന്ന് തന്നെ – അതായത് നാട്ടുകാരെ മഹത്വവത്കരിക്കുന്ന വാര്‍ത്ത മലയാള പത്രങ്ങളില്‍ വന്ന അന്നു തന്നെ- ദി ഹിന്ദുവിലും സിറാജിലും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു എന്നു ചുരുക്കം.
24 ആയപ്പോഴേക്ക് ലീഡ് വാര്‍ത്തകളും വെണ്ടക്ക/വഴുതനങ്ങ തലക്കെട്ടുകളും മുഖപ്രസംഗങ്ങളും സാംസ്‌കാരിക നായികാനായകന്‍മാരുടെ എഡിറ്റ് പേജ് ലേഖനങ്ങളും ഹര്‍ത്താലുകളും രാഷ്ട്രീയ നേതാക്കളുടെ വിലാപ- പ്രതിഷേധ പ്രസ്താവനകളുമെല്ലാം പുറത്തു വന്നു. സാമൂഹിക മാധ്യമങ്ങളാകട്ടെ ആകെ തിളച്ചു മറിയുകയാണ്. മധുവിനെ തല്ലിക്കൊല്ലുന്നതിനോടൊപ്പം തങ്ങള്‍ എന്ന മട്ടില്‍ കൊലയാളികളില്‍ ചിലര്‍ എടുത്ത സെല്‍ഫികള്‍ ഇതിനകം തന്നെ വൈറലായി മാറിയിട്ടുമുണ്ട്. ഈ സെല്‍ഫിയെടുത്ത കൊലയാളികളെ മുട്ടന്‍ തെറി വിളിച്ചും കൊലവിളി നടത്തിയും തിരിച്ചാക്രമിക്കുന്ന പോസ്റ്റുകളും കമന്റുകളും സജീവമാണ്. ഈ ഘട്ടത്തില്‍, മനുഷ്യാവകാശക്കാരായും ആദിവാസി പ്രേമികളായും പ്രത്യക്ഷപ്പെട്ട് ആക്രമോത്സുകവും അശ്ലീലവുമായ ഭാഷയില്‍ പ്രത്യാക്രമിക്കുന്നവരുടെ മനഃസ്ഥിതിയും മധുവിനെ കൊലപ്പെടുത്തിയ നാട്ടുകാരുടെ മനഃസ്ഥിതിയും തമ്മില്‍ സത്യത്തില്‍ യാതൊരു വ്യത്യാസവുമില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
നവമാധ്യമങ്ങളിലൂടെ പങ്കു വെക്കപ്പെടുന്നതും കൂട്ടായ്മകളാല്‍ ആഘോഷിക്കപ്പെടുന്നതുമായ സെല്‍ഫികളും ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കിയ ട്രോളുകളുമെല്ലാം ഇത്തരം അക്രമവാസനയെ പതിന്‍മടങ്ങ് വര്‍ധിപ്പിക്കുകയും കൊണ്ടാടുകയും ചെയ്യുന്നുണ്ടെന്ന കാര്യവും ഇതോടൊപ്പം പരാമര്‍ശിക്കേണ്ടതുണ്ട്. ഫേസ്ബുക്കിലുള്ള ഫാന്‍ ഫൈറ്റ് ക്ലബ്ബ് എന്ന ഏറ്റവും വൃത്തികെട്ടതും അശ്ലീലഭരിതവും നിഗൂഢവുമായ ഗ്രൂപ്പില്‍ ഏതാണ്ട് അറുപത്തയ്യായിരത്തിലധികം അംഗങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. (https://www.deccanchronicle.com/nation/curretnaffairs/240218/perv–etsrtaketosharedemeaningt rolslinfacebookgroup.html). കറുത്ത തൊലി നിറമുള്ളവന്‍ കൊല്ലപ്പെട്ടാല്‍ അതിനെ അങ്ങേയറ്റം ഹീനമായ തരത്തില്‍ കളിയാക്കി ട്രോളിടുന്നവരും പരിഹസിക്കുന്നവരുമാണ് ഈ ഗ്രൂപ്പിലുള്ളത്. ചില വൃത്തികെട്ട സിനിമകളുടെ കമ്പോള വിജയങ്ങള്‍ക്കു പിന്നില്‍ ഈ ഗ്രൂപ്പിലെ ചര്‍ച്ചകളാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അത്തരം സിനിമകളുടെ സംവിധായകരും അശ്ലീല കമന്റുകളിട്ടുകൊണ്ട് ഇതില്‍ ചര്‍ച്ച കൊഴുപ്പിക്കാറുണ്ട്. കലാഭവന്‍ മണിയുടെ ദാരുണ മരണത്തിനു ശേഷവും അദ്ദേഹത്തിന്റെ തൊലിനിറത്തെ രൂക്ഷമായി പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഈ ഗ്രൂപ്പില്‍ വന്നിരുന്നു. സ്‌കൂള്‍ അധ്യാപകരടക്കമുള്ള മാന്യ മധ്യവര്‍ഗക്കാരാണ് ഈ ഗ്രൂപ്പിന്റെ അഡ്മിനിസ്റ്റ്രേറ്റര്‍മാര്‍. വ്യാജ ഐഡികളിലൂടെയാണ് ധാരാളം പേര്‍ ഈ ഗ്രൂപ്പിലെ ചര്‍ച്ചകളില്‍ പങ്കെടുത്തു വരുന്നത്.
ഫേസ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്ത് ഇടക്കിടെ പൂട്ടിച്ചും സൈബര്‍ പോലീസ് കേസെടുത്തും മാത്രം ഈ പ്രവണത അവസാനിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. തന്റെ സിനിമകളിലഭിനയിക്കുന്ന നടികളെ വാക്പ്രയോഗങ്ങള്‍ കൊണ്ട് ബലാത്സംഗം ചെയ്യുകയും അശ്ലീലവത്കരിക്കുകയും ചെയ്യുന്നതില്‍ സംവിധായകന്‍ തന്നെ കൂട്ടു നില്‍ക്കുന്ന സാഹചര്യങ്ങളും എഫ് എഫ് സിയില്‍ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സംവിധായകര്‍, മതവൈരമടക്കമുള്ള കുതന്ത്രങ്ങളിലൂടെ തങ്ങളുടെ തരം താണ സിനിമകളുടെ കമ്പോള വിജയത്തിനനുകൂലമായ സഹതാപ തരംഗവും വ്യാജ-ആവിഷ്‌കാര സ്വാതന്ത്ര്യ വിവാദവും മറ്റുമുണ്ടാക്കുന്ന ഘട്ടങ്ങളും ഈയടുത്തുണ്ടായി. അട്ടപ്പാടിക്കെന്ത് ലുലുമാള്‍ എന്ന്, ബ്ലോഗുകളിലൂടെ പ്രസിദ്ധനായ ഒരു സൂപ്പര്‍ താരം നടത്തിയ സിനിമാ സംഭാഷണത്തിന്റെ മറു പതിപ്പുകള്‍ എഫ് എഫ് സിയില്‍ കാണാം. കൊച്ചി മെട്രോ കണ്ടോടുന്ന വയനാടന്‍ കാട്ടുവാസികള്‍, ഓട്‌ങ്കെടാ പെരിയ അട്ട തൊരത്തുത് ചാമ്യേ എന്ന് നിലവിളിക്കുന്നതായും മറ്റും ട്രോളിറക്കിയിട്ടുണ്ട്. വയനാട്ടില്‍ നിന്ന് ഒരാള്‍ എന്റെ വകയിലുള്ള ഒരു സഹോദരിയുടെ വിവാഹത്തിന് വന്നപ്പോള്‍, സദ്യ വിളമ്പാന്‍ ഇല വെച്ച ഉടനെ അതെടുത്തു ഭക്ഷിച്ചു എന്നും മറ്റൊരു വയനാടന്‍ എന്റെ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ അയാളുടെ മടിക്കെട്ടില്‍ ഒരു ചത്ത എലിയെയും കൂറയെയും സൂക്ഷിച്ചിരുന്നു; എന്തിനാണിതെന്നു ചോദിച്ചപ്പോള്‍ തിന്നാനാണ് എന്നായിരുന്നു മറുപടി എന്നുമെല്ലാമാണ് എഫ് എഫ് സിയില്‍ ചിരി ഉയര്‍ത്താനുള്ള പോസ്റ്റുകള്‍. ഒരു വയനാടന്‍ പെണ്ണു കാണാനെത്തിയപ്പോള്‍ പെണ്ണിനെ കണ്ടപ്പോള്‍, “ഇത് എന്ന പെണ്ണ് ചാമിയേ” എന്നും തൊട്ടുടനെ ഒരു കുരങ്ങിനെ കണ്ടപ്പോള്‍ “ഇവ രാസാത്തി ചാമിയേ” എന്നും പറയുന്നു.
എഫ് എഫ് സിയുടെ നടത്തിപ്പുകാരടക്കമുള്ള പലരും മധുവിനെ ഹീനമായി തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ കവിതകള്‍ പോസ്റ്റു ചെയ്യുന്നുമുണ്ടെന്നതു മറ്റൊരു ഇരട്ടത്താപ്പ്. എഫ് എഫ് സി അഡ്മിന്‍മാരിലൊരാള്‍ പുതിയ തലമുറയിലെ പ്രമുഖ സിനിമാ നിരൂപകനായി നടിക്കുന്നയാളാണ്. കുറ്റവാളികള്‍ സിനിമാ സംവിധായകരും നിരൂപകരുമായി മുഖംമൂടിയണിഞ്ഞ് സമൂഹത്തില്‍ സ്ഥാനം പിടിക്കുന്ന അത്യപകടകരമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭാവുകത്വ വിനാശത്തിന്റെ ഗതി, കുറ്റകൃത്യത്തിലാണെത്തുകയെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ് പുറത്തു വന്നിരിക്കുന്നത്.