ലീഗ് നേതൃത്വവുമായി മാണിയുടെ രഹസ്യ കൂടിക്കാഴ്ച

Posted on: February 24, 2018 11:55 pm | Last updated: February 24, 2018 at 11:55 pm

കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വവും വാദപ്രതിവാദങ്ങളും തുടരുന്നതിനിടെ ലീഗ് നേതൃത്വവുമായി കെ എം മാണിയുടെ രഹസ്യ കൂടിക്കാഴ്ച. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുമായും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമായാണ് മാണി ചര്‍ച്ച നടത്തിയത്. സി പി എം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് മാണിയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

മുസ്‌ലിംലീഗ് നേതാവ് ഇ അഹമ്മദ് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് മാണി കഴിഞ്ഞ ദിവസം കോഴിക്കോട്ട് എത്തിയത്. തൃശൂരില്‍ സി പി എം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം നേരെ കോഴിക്കോട്ടേക്ക് വരികയായിരുന്നു. ഇന്നലെ ഉച്ചവരെ മകളുടെ കോവൂരിലെ വീട്ടില്‍ വിശ്രമിച്ചു. പാര്‍ട്ടിയുടെ ജില്ലാതല നേതാക്കള്‍ അവിടെ എത്തുന്നത് വിലക്കിയിരുന്നു. എന്നാല്‍ ഉച്ചയോടെ കുഞ്ഞാലിക്കുട്ടി അവിടെ എത്തി മാണിയുമായി ചര്‍ച്ച നടത്തി. സൗഹൃദ സന്ദര്‍ശനമെന്നാണ് ഔദ്യോഗിക പ്രതികരണം. എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായി വൈകുന്നേരം കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത ശേഷം മാണി നേരെ ലീഗ് ഹൗസിലേക്ക് പോകുകയായിരുന്നു. അവിടെ വെച്ചാണ് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. പി കെ കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച അഞ്ച് മിനുട്ട് നീണ്ടുനിന്നു.

കൂടിക്കാഴ്ച സംബന്ധിച്ച് ഒരു പ്രതികരണവും ഇരു നേതാക്കളും നടത്തിയില്ല. എന്നാല്‍ യു ഡി എഫ് ബന്ധം ഉപക്ഷേിച്ച കെ എം മാണിയെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് തങ്ങളുമായുള്ള കൂടിക്കാഴ്ചയെന്ന് സൂചനയുണ്ട്. പ്രശ്‌നത്തില്‍ മധ്യസ്ഥനെന്ന നിലക്ക് തങ്ങള്‍ ഇടപടാനൂം സാധ്യതയുണ്ട്.

കൂടിക്കാഴ്ചക്ക് ശേഷം ഗുജറാത്തി ഹാളില്‍ നടന്ന ഇ അഹമ്മദ് അനുസ്മരണ ചടങ്ങില്‍ പാണക്കാട് തങ്ങള്‍ക്കും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമൊപ്പം മാണിയും സംബന്ധിച്ചു. എന്നാല്‍ ഇവിടെ രാഷ്ട്രീയമൊന്നും പരാമര്‍ശിക്കപ്പെട്ടില്ല.

തൃശൂരില്‍ സി പി എം സമ്മേളനത്തില്‍ പ്രസംഗിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാണിയെ ഇടതുമുന്നണയില്‍ എടുക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മാണിക്കെതിരെയുള്ള വിമര്‍ശനം ഇന്നലെ മലപ്പുറത്ത് വീണ്ടും കാനം കനപ്പിച്ചിരുന്നു. ഇതിന് ഇന്നലെ വൈകുന്നേരം കോഴിക്കോട്ട് മാണി രൂക്ഷഭാഷയില്‍ മറുപടിയും നല്‍കി. ഈ സാഹചര്യങ്ങള്‍ക്കെല്ലാം ഇടയിലാണ് മാണി യു ഡി എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്‌ലിംലീഗിന്റെ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരിക്കുന്നത്.