Gulf
യാത്രക്ക്രാരുടെ സാധനങ്ങള്‍ കവര്‍ന്ന ഇന്ത്യന്‍ പോര്‍ട്ടര്‍ അറസ്റ്റില്‍

ദുബൈ: രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതിനു ഇന്ത്യന്‍ പോര്‍ട്ടര്‍ക്കെതിരെ കേസ്. വിമാനത്താവളത്തിലെ ടിക്കറ്റിംഗ് ഏജന്‍സിയില്‍ പോര്‍ട്ടറായിരുന്നയാളാണ് പിടിയിലായത്. ഇയാള്‍ കരാര്‍ തൊഴിലാളിയാണ്. പ്രതിയെ ദുബൈ കോടതിയില്‍ വിചാരണ ചെയ്യും.
പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ മോഷണക്കുറ്റം ചുമത്താവുന്നതാണെന്നു കോടതി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി മൂന്നിന് എയര്‍പോര്‍ട്ടിലെ സ്റ്റാഫുകള്‍ക്കായുള്ള കവാടത്തില്‍ നിന്നാണ് സംശയകരമായ സാഹചര്യത്തില്‍ ഇയാള്‍ പിടിയിലായത്. ഒരു സ്വര്‍ണ മോതിരവും ഇയാളില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ മോതിരം വിമാനത്തില്‍ നിന്നു മോഷ്ടിച്ചതാണെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. ബാഗേജ് കൈകാര്യം ചെയ്യുക, വിമാനത്തിന്റെ അകം വൃത്തിയാക്കുക തുടങ്ങിയവയാണ് പോര്‍ട്ടര്‍മാരുടെ പ്രധാന ജോലികള്‍.
പ്രതിയുടെ താമസ സ്ഥലം പരിശോധിച്ചപ്പോള്‍ ഒരു മൊബൈല്‍ ഫോണ്‍, സ്വര്‍ണ കമ്മലുകള്‍, വിവിധ രാഷ്ട്രങ്ങളിലെ കറന്‍സികള്‍ എന്നിവ കണ്ടെത്തിയിരുന്നു. ശുചിമുറിക്കകത്താണ് മോഷണ വസ്തുക്കള്‍ പ്രതി സൂക്ഷിച്ചിരുന്നത്. ജോലിക്കിടെയാണ് സാധനങ്ങള്‍ മോഷ്ടിച്ചതെന്നു പ്രതി കുറ്റസമ്മതം നടത്തിയതായും പോലീസ് കോടതിയില്‍ അറിയിച്ചു.