ലോകത്തിലെ ഏറ്റവും ചെലവേറിയ കാവല്‍കാരനാണ് മോദിയെന്ന് കപില്‍ സിബല്‍

Posted on: February 24, 2018 7:58 pm | Last updated: February 25, 2018 at 10:00 am

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പു കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ‘ലോകത്തിലെ ചെലവേറിയ കാവല്‍ക്കാരനാണു’ മോദിയെന്നാണ് കപില്‍ സിബല്‍ ആരോപണമുന്നയിച്ചത്.

യുപിഎ ഭരണകാലത്ത് 2ജി വിഷയത്തില്‍ കോണ്‍ഗ്രസ് കോടികളുടെ അഴിമതി നടത്തിയെന്നു മോദി നിരന്തരം ദിവസവും പ്രസ്താവന നടത്താറുണ്ട്. അഴിമതി നടന്നിട്ടില്ലെന്നു പിന്നീട് കോടതി വ്യക്തമാക്കിയതോടെ അതൊരു ഊഹക്കണക്കാണെന്ന് ബോധ്യപ്പെട്ടു. അതേസമയം, വജ്രവ്യാപാരി നീരവ് മോദിയുടെ ബാങ്ക് തട്ടിപ്പും റോട്ടോമാക് ഉടമ വിക്രം കോഠാരിയുടെ ബാങ്ക് തട്ടിപ്പും രാജ്യത്തിനുണ്ടാക്കിയത്’യഥാര്‍ഥ’ നഷ്ടമാണ്. ഇക്കാര്യങ്ങളില്‍ മോദി എന്തിനാണ് നിശബ്ദനായിരിക്കുന്നത്? മുന്‍ കേന്ദ്രമന്ത്രി കൂടിയായ കപില്‍ സിബല്‍ ചോദിച്ചു.

ലോകത്തിലെ ഏറ്റവും ചെലവേറിയ കാവല്‍ക്കാരനാണ് ഇപ്പോള്‍ അദ്ദേഹം. ഈ കാലയളവില്‍ ഇത്രയേറെ പണം രാജ്യത്തു കൊള്ളയടിക്കപ്പെടുന്നത് എങ്ങനെയെന്നു മോദി വിശദീകരിക്കണം. പിഎന്‍ബി തട്ടിപ്പില്‍ മോദിയുടെ മൗനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ശക്തമായി വിമര്‍ശിച്ചിരുന്നു.