കര്‍ണാടകയെ ഇളക്കിമറിക്കാന്‍ രാഹുല്‍; രണ്ടാം ഘട്ട പ്രചാരണം ഇന്ന് മുതല്‍

Posted on: February 24, 2018 9:09 am | Last updated: February 24, 2018 at 12:16 pm

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം. ബെല്‍ഗാം, വിജയപുര (ബിജാപ്പൂര്‍), ബെഗല്‍ക്കോട്ട്, ദര്‍വാഡ് ജില്ലകളിലാണ് പര്യടനം നടത്തുന്നത്. ഇന്ന് ഉച്ചക്ക് ഒന്നിന് ബെല്‍ഗാമിലെ അതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ സംസാരിക്കും.

3.15ന് ബീജാപ്പൂര്‍ ജില്ലയിലെ തികോട്ടയില്‍ നടക്കുന്ന സ്ത്രീ ശക്തി സാമവേശ് എന്ന പേരിലുള്ള വനിതാ റാലിയെ അഭിസംബോധന ചെയ്യും. ബീജാപ്പൂരിലെ മറ്റു രണ്ട് പരിപാടികളില്‍ കൂടി രാഹുല്‍ സംസാരിക്കും.

മുംബൈ- കര്‍ണാടക മേഖലകളില്‍ പെടുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് രാഹുലിന്റെ രണ്ടാംഘട്ട പര്യടനം. മൂന്ന് ദിവസമാണ് തിരഞ്ഞെടുപ്പ് പര്യടനം. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച പ്രത്യേക ബസിലാണ് രാഹുലിന്റെ പ്രചാരണം. ക്ഷേത്രങ്ങളും സന്യാസി മഠങ്ങളും സന്ദര്‍ശിക്കും. റോഡ് ഷോകളും ഉണ്ടാവും.