Kerala
ടോം വന്നു, ടിക്കറ്റെടുത്ത് ഗാലറിയിലിരുന്ന് കളി കണ്ടു !

കോഴിക്കോട്: കേരളത്തിന്റെ മണ്ണില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം വിരുന്നെത്തിയ ദേശീയ സീനിയര്‍ വോളിബോള്‍ കാണാന്‍ അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ ടോം ജോസഫിന് ഗാലറി ടിക്കറ്റെടുക്കേണ്ട ഗതികേട് ! രാജ്യത്തിനായി നിരവധി മത്സരം കളിച്ച താരത്തിന് സ്വന്തം ജില്ലയില്‍ നടക്കുന്ന ഒരു ദേശീയ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിലുള്ള വിവാദം കത്തുന്നതിനിടെയാണ് അദ്ദേഹം ഗാലറി ടിക്കറ്റെടുത്ത് ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ മാത്രമായി മാറിയത്.
സ്വന്തം നാട്ടിലെ ഒരു മേജര്‍ ചാമ്പ്യന്‍ഷിപ്പ് കാണാന്‍ അന്താരാഷ്ട്ര താരത്തിന് പാസ് പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. തന്നെ ക്ഷണിക്കാത്തതു കൊണ്ട് കളി കാണാതിരിക്കാനാകില്ല. അതുകൊണ്ട് ഗാലറി ടിക്കറ്റെടുത്തു – ടോം മാധ്യമങ്ങള്‍ വളഞ്ഞപ്പോള്‍ പറഞ്ഞു.
കായിക അസോസിയേഷനുകളെയല്ല, തരങ്ങളെയാണ് ജനം നെഞ്ചേറ്റുന്നതെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു ടോം സ്റ്റേഡിയത്തിന് ഉള്ളിലേക്ക് കടന്നപ്പോയുണ്ടായ ആരവം. ടോം ജോസഫിന് ജയ് വിളിച്ച ഗാലറിയിലെ ജനം സംഘാടക പ്രമുഖനെ പേരെടുത്ത് വിളിച്ച് കൂക്കി വിളിക്കുകയും ചെയ്തു. കേരളം പഞ്ചാബ് മത്സരം തുടങ്ങുന്നതിനു മിനിട്ടുകള്‍ക്കു മുമ്പാണ് ടോം ഗാലറിയിലെത്തിയത്. മാധ്യമങ്ങള്‍ക്ക് പിടി കൊടുക്കാതിരിക്കാനായിരുന്നു ഇത്. എന്നാല്‍, ടിക്കറ്റ് കൗണ്ടറില്‍ കണ്ട ഉയരക്കാരനെ ആളുകള്‍ തിരിച്ചറിഞ്ഞു. ടോം എത്തിയെന്നത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ മാധ്യമങ്ങള്‍ അറിഞ്ഞതോടെ, പിന്നീട് ടോം മാത്രമായി വാര്‍ത്താതാരം.
ഒരു നോക്ക് കാണാനും മൊബൈല്‍ ഫോണില്‍ ടോമിനെ പകര്‍ത്താനും ആരാധകര്‍ തിക്കിതിരക്കി. ഗ്യാലറിയില്‍ ടോമിനായി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. എന്താണ് നടക്കുന്നതെന്ന് അറിയാതെ അന്യ സംസ്ഥാന താരങ്ങളും ഒഫീഷ്യലുകളും അമ്പരന്നു. ടോമിന്റെ ഫഌക്‌സ് ഉയര്‍ത്തിപ്പിടിച്ച് ജനം കൈവീശി. ഫോട്ടോഗ്രാഫര്‍മാരുടെ ക്യമാറകള്‍ മിന്നിമറിഞ്ഞു.
ഗ്രൗണ്ടില്‍ പരിശീലനം നടത്തുകയായിരുന്ന കേരള, പഞ്ചാബ് താരങ്ങളുടെ ശ്രദ്ധ ഒരു നിമിഷം ഗ്യാലറിയിലേക്ക് നീണ്ടു. സംഘാടകരെ വിമര്‍ശിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും ഗ്യാലറയില്‍ അലയടിച്ചു.
ടോമിനെ കണ്ട് ഗ്യാലറയില്‍ നിന്ന് ഇറങ്ങിവരാനുള്ള ആരാധകരുടെ ശ്രമം പോലീസ് ഏറെ പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ആരാധകരുടെ അമിതാവേശത്താല്‍ മത്സരം തുടങ്ങുന്നത് വരെ ഒരു നിമിഷം നീണ്ടു നിന്നു.
ആവേശ മുദ്രാവാക്യങ്ങള്‍ എല്ലാം തുടരുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ ഒരാളായി ടോം പുഞ്ചിരിക്കുന്ന മുഖവുമായി ഗ്യാലറിയിലിരുന്നു. സംഘാകരില്‍ ചിലര്‍ ടോമിനെ അനുനയിപ്പിച്ച് വേദിയിലേക്ക് ക്ഷണിക്കാനെത്തിയെങ്കിലും ടോം അത് നിരസിച്ചു. മത്സരത്തിന്റെ വിസില്‍ മുഴങ്ങിയതോടെ ഏവരും മത്സരത്തിനൊപ്പമായി.
താരങ്ങളുടെ മികച്ച പ്രകടനങ്ങള്‍ക്കൊപ്പം ആരാധകരുടെ കൈയടി ഉയര്‍ന്നു. അപ്പോഴും ടോമിനെ പുകഴ്ത്തിയുള്ള മുദ്രാവാക്യം ഉയരുന്നുണ്ടായിരുന്നു. ആദ്യ സെറ്റ് പൂര്‍ത്തിയായതോടെ ആരാധകരില്‍ ചിലര്‍ ടോമിനടുത്തെത്തി പൂമാലയും ബൊക്കയും നല്‍കി. കളി തീരുംവരെ ടോമം ഗ്യാലറിയില്‍ ഉണ്ടായിരുന്നു. മത്സരശേഷം ആരാധകരോടെല്ലാം യാത്ര ചോദിച്ച് ടോം മടങ്ങുമ്പോള്‍ നിറഞ്ഞ കൈയ്യടി. രാത്രി നടക്കുന്ന തങ്ങളുടെ മത്സരം കണ്ടിട്ട് പോയാല്‍ മതിയെന്ന് സര്‍വീസസ് കളിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും തിരക്കുള്ളതിനാല്‍ ടോം പിന്നെ വരാമെന്നറിയിച്ച് യാത്ര ചോദിച്ചു.
കേരളത്തിന്റെത് മികച്ച ടീമാണെന്നും ടീം സെറ്റായിക്കഴിഞ്ഞെന്നും പറഞ്ഞാണ് ടോം മടങ്ങിയത്.
സംഭവം വിവാദമായതോടെ സംഘാടകര്‍ ടോമിനെ ദേശീയ വോളിക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തി. എന്നാല്‍, ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും ഉണ്ടെങ്കില്‍ പ്രോഗ്രാം ചാര്‍ട്ടില്‍ പേരുണ്ടാകണ്ടെയെന്നും ടോം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി. ദേശീയ വോളിക്ക് മുന്നോടിയായി പ്രസ് ക്ലബ്ബുകളുടെ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കാന്‍ ടോമിനെ സംഘാടകര്‍ ക്ഷണിച്ചിരുന്നുവെന്ന വാദത്തെയും ടോം എതിര്‍ത്തു. തന്നെ ക്ഷണിച്ചത് കാലിക്കറ്റ് പ്രസ് ക്ലബ്ബാണ്,സംഘാടകരല്ല – ടോം പറഞ്ഞു.