എണ്ണം തികഞ്ഞില്ല; വിവാഹിതരെയും താലി കെട്ടിച്ച് യു പി സര്‍ക്കാറിന്റെ സമൂഹ വിവാഹം

Posted on: February 23, 2018 11:26 pm | Last updated: February 23, 2018 at 11:26 pm

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ സമൂഹ വിവാഹത്തില്‍ ആളെ തികയാത്തതിനെ തുടര്‍ന്ന് വിവാഹിതരെയും ‘കെട്ടിച്ചുവിട്ട്’ സംഘാടകര്‍. ‘മുഖ്യമന്ത്രി സമൂഹവിവാഹ പദ്ധതി’ പ്രകാരം ബഗ്പത് ജില്ലയില്‍ നടത്തിയ പരിപാടിയില്‍ 92 പേരുടെ വിവാഹമാണ് നിശ്ചയിച്ചത്.

92 പേരുടെ വിവാഹം നടത്തിയ പരിപാടിയെന്ന നിലയില്‍ ഇത് ഏറെ കൊട്ടിഘോഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം നേരത്തെ വിവാഹിതരായവരെയും എണ്ണം തികക്കാന്‍ സമൂഹവിവാഹത്തില്‍ ഉള്‍പ്പെടുത്തിയെന്ന് കണ്ടെത്തുകയായിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. പദ്ധതി പ്രകാരം വിധവകള്‍, വിവാഹമോചിതര്‍, വിധവകളുടെ പെണ്‍മക്കള്‍, ഭിന്നശേഷിക്കാരുടെ പെണ്‍കുട്ടികള്‍ തുടങ്ങിയവരുടെ വിവാഹത്തിന്റെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. യു പിയിലെ എല്ലാ ജില്ലകളിലും 101 പേരുടെ വിവാഹം നടത്താനാണ് സര്‍ക്കാറിന്റെ ലക്ഷ്യം.

അപേക്ഷകര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ പരിപാടി മാറ്റിവെക്കേണ്ടി വന്നിരുന്നു. പദ്ധതിക്ക് കീഴില്‍ പത്ത് അപേക്ഷകരെ ഉറപ്പുവരുത്തേണ്ടത് ഓരോ ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസറുടെയും കടമയാണ്. അല്ലാത്തപക്ഷം നടപടിക്ക് വിധേയമാക്കും.