നൂതനാശയ മാസാചരണം; ദുബൈ കസ്റ്റംസിന് നവീന പദ്ധതികള്‍

Posted on: February 23, 2018 9:33 pm | Last updated: February 23, 2018 at 9:33 pm

ദുബൈ: നൂതനാശയ മാസാചരണത്തിന്റെ ഭാഗമായി ദുബൈ കസ്റ്റംസ് അധികൃതര്‍ നവീന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ബഡ്സ് ഓഫ് ദി ഫ്യൂച്ചര്‍ എന്ന പദ്ധതിക്ക് കീഴില്‍ കുട്ടികള്‍ക്കായുള്ള പരിചരണ കേന്ദ്രം അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള കഥകളും അവതരണങ്ങളും സാങ്കേതിക തികവോടെ ഒരുക്കിയിട്ടുള്ളതാണ് പരിചരണ കേന്ദ്രം. തൊഴിലാളികള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പരസ്പരം കൈമാറുന്നതിനുള്ള വേദി വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയോടെയാണ് ഒരുക്കിയിട്ടുള്ളത്.

തൊഴിലാളികള്‍ക്ക് നൂതനാശയ ആശയങ്ങള്‍ കൈമാറ്റം ചെയ്ത് തങ്ങളുടെ തൊഴില്‍ മേഖലയെ സമ്പുഷ്ടമാക്കുന്നതിന് മികച്ച അവസരമൊരുക്കുകയാണ്. സമ്പദ്ഘടനയുടെ നട്ടെല്ലാണ് തൊഴില്‍ ശക്തി. അവരെ നൂതനാശയ പദ്ധതിയുടെ ഭാഗമായി ചേര്‍ക്കുന്നത് അത്യന്താപേക്ഷിതമാണ്. തൊഴില്‍ മേഖലയില്‍ നിന്ന് ലഭിക്കുന്ന ആശയങ്ങള്‍ പുതിയ പദ്ധതികളുടെ മികവിന് വേഗത കൈവരിക്കാനാകുമെന്നും നൂതനാശയ പദ്ധതികളുടെ ഭാഗമായി തൊഴിലാളികള്‍ക്കേര്‍പെടുത്തുന്ന പദ്ധതികള്‍ വിശദീകരിച്ചു കൊണ്ട് ഡി പി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും പോര്‍ട്‌സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍ കോര്‍പറേഷന്‍ ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സുലൈം പറഞ്ഞു. യു എ ഇയുടെ നൂതനാശയ മാസാചരണം മികച്ചതായ ആശയങ്ങളാണ് രാജ്യത്തെ സാമ്പത്തിക രംഗത്തിന് കൈമാറുക. യു എ ഇ സെന്റേനിയല്‍ പ്ലാന്‍ 2071, ദുബൈ 10 എക്‌സ് എന്നിവയുടെ ആശയങ്ങള്‍ നടപ്പിലാക്കുന്നത്തോടെ രാജ്യം ഉന്നതമായ രീതിയില്‍ സാമ്പത്തികാപിവൃതി നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴില്‍ മേഖലയില്‍ കൂടുതല്‍ നൂതനമായ ആശയങ്ങളും വിദ്യകളും സമന്വയിപ്പിച്ച് തൊഴില്‍ പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു.
ദുബൈ കസ്റ്റംസിന്റെ കീഴില്‍ എയര്‍പോര്‍ട്ടുകള്‍, ഫ്രീ സോണ്‍, രാജ്യത്തേക്ക് കര മാര്‍ഗമുള്ള എന്‍ട്രി പോയിന്റുകളിലെ കസ്റ്റംസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ദുബൈ കസ്റ്റംസിന്റെ നൂതന സാങ്കേതിക വിദ്യകളിലൂന്നിയ പരിശോധനാ സമ്പ്രദായങ്ങളുടെ ചിത്ര ശേഖരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ കസ്റ്റംസ് തലങ്ങളുടെ വാര്‍ത്താ വിശേഷങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്നതിനും പ്രത്യേകമായ ന്യൂസ് വാലറ്റ് സംവിധാനവും ഒരുക്കുന്നുണ്ട്. ഇതിലൂടെ വിവിധ കസ്റ്റംസ് സംവിധാനങ്ങള്‍ക്ക് മുന്നറിയിപ്പുകളും പുതിയ പദ്ധതികളും ലോകത്തോട് പങ്കുവെക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.