Connect with us

Gulf

കുഞ്ഞുങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ മാറി

Published

|

Last Updated

എഴുത്തുകാരന്‍ രവീന്ദര്‍ സിംഗ് (ഇടത്തുനിന്ന് രണ്ടാമത്) മീറ്റ് ദ ഓഥര്‍ പരിപാടിയില്‍

അജ്മാന്‍: കുഞ്ഞുങ്ങള്‍ മുമ്പെന്നെത്തേക്കാളും നേരത്തെ മുതിര്‍ന്നവരാകുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും പരമ്പരാഗത കാഴ്ചപ്പാടുകള്‍ക്കു അവരെ സ്വാധീനിക്കാന്‍ കഴിയണമെന്നില്ലെന്നും യുവതലമുറയിലെ ശ്രദ്ധേയ എഴുത്തുകാരന്‍ രവീന്ദര്‍ സിംഗ്. ദുബൈയില്‍ തന്റെ ഒന്‍പതാമത്തെ പുസ്തകം പ്രകാശനം ചെയ്യാനെത്തിയ സിംഗ് ഹാബിറ്റാറ്റ് സ്‌കൂളില്‍ “മീറ്റ് ദ ഓഥര്‍” പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ഓരോ കുട്ടിയുടെ ഉള്ളിലും എഴുത്തുകാരനുണ്ട്. അവരിലെല്ലാം ആര്‍ദ്ര വികാരങ്ങളുമുണ്ട്. ഭാവനയുടെ ഒരു ചെറിയ വിത്ത് വിതക്കുക മാത്രമാണ് സ്‌കൂളുകളും അധ്യാപകരും ചെയ്യേണ്ടത്. അത് കാലക്രമേണ വന്‍മരമായി വളര്‍ന്നുകൊള്ളുമെന്ന് സിംഗ് പറഞ്ഞു. ഇരുപത് ലക്ഷത്തിലധികവും കോപ്പികള്‍ വിറ്റഴിഞ്ഞ “ഐ ടൂ ഹാഡ് എ ലവ് സ്റ്റോറി”, “കാന്‍ ലവ് ഹാപ്പന്‍ ടൈ്വസ്; തുടങ്ങിയ കൃതികളുടെ കര്‍ത്താവായ രവീന്ദര്‍ ഇന്ത്യയില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ്.

സ്വന്തം ജീവിതാനുഭവം പകര്‍ത്തിയ “ഐ ടൂ ഹാഡ് എ ലവ് സ്റ്റോറി” എന്ന പുസ്തകം 15 പ്രസാധകര്‍ മടക്കി അയച്ചതാണെന്നു സിംഗ് ഓര്‍മിച്ചു. ജീവിതത്തില്‍ ഒരു നോവല്‍ പോലും വായിക്കാത്ത ഒരാള്‍ എങ്ങനെ എഴുത്തുകാരന്‍ ആകും എന്ന് ഒരു ഘട്ടത്തില്‍ താന്‍ പോലും സ്വയം ചോദിച്ചിരുന്നു. പക്ഷെ ഓര്‍മകളുടെ ഒരു വലിയ ഭാണ്ഡക്കെട്ടു ചുമക്കാനുണ്ടായിരുന്ന തനിക്കു തിരിച്ചടികള്‍ ഒരിക്കലും വിഷയമായില്ല. ഒരുകാലത്തു തന്നെ മടക്കി അയച്ച പ്രസാധകര്‍ ഇന്ന് അടുത്ത പുസ്തകത്തിനായി തന്റെ മുമ്പില്‍ കാത്തുകെട്ടി കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദൈവം തിരിച്ചെടുത്ത പ്രണയിനിയുടെ ഓര്‍മകള്‍ ദൈവത്തോടുള്ള കലഹം പോലെയാണ് താന്‍ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നത്. സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍ ആയിട്ടാണ് ജീവിതം തുടങ്ങിയ രവീന്ദര്‍ സിങ് എന്ന പഞ്ചാബി യുവാവ് പ്രണയ കഥകളുടെ തമ്പുരാന്‍ ആയി മാറിയ ജീവിതമാണ് അദ്ദേഹം വരച്ചു കാട്ടിയത്. നിശ്ചയ ദാര്‍ഢ്യം തന്നെയാണ് തിരിച്ചടികളെ വിജയമാക്കി മാറ്റുന്നതെന്നു അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.

പ്രിന്‍സിപ്പല്‍ സഞ്ജീവ് കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ അശോക് തിവാരി, തന്യ ഭക്ഷി തുടങ്ങിയവര്‍ സിംഗിനെ സ്‌കൂളില്‍ സ്വീകരിച്ചു. വന്ദന ശര്‍മ സ്വാഗതം പറഞ്ഞു. സൗമ്യ സച്ചിന്‍ ഈണമിട്ട സ്വാഗതഗാനം പാടി വിദ്യാര്‍ഥികള്‍ സിംഗിനെ വരവേറ്റു.