പ്രതിഷേധം കത്തുന്നു; മകനെ തല്ലിക്കൊന്നതാണെന്ന് അമ്മ

Posted on: February 23, 2018 9:44 am | Last updated: February 23, 2018 at 11:25 am

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി ആദിവാസി യുവാവ് മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിലെ മധുവാണ് മരിച്ചത്. മകനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നതാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും മധുവിന്റെ അമ്മ മല്ലി പറഞ്ഞു. ഒമ്പതുമാസമായി മധുവിന്റെ താമസം കാട്ടിലാണ്. അവന്‍ എങ്ങനെയെങ്കിലും ജീവിച്ചേനേയെന്നും അവര്‍ പറഞ്ഞു.

അട്ടപ്പാടി മുക്കാലിയിലാണ് സംഭവം. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. പലചരക്ക് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു. ഏറെക്കാലമായി ഈ പ്രദേശത്ത് കടകളില്‍ നിന്നും അരിയും ഭക്ഷ്യ സാധനങ്ങളും മോഷണം നടത്തുന്നത് മധുവാണെന്നാരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്.

പോലീസ് വാഹനത്തില്‍ മധുവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിനിടെ മധു ഛര്‍ദിച്ചു, പിന്നാലെ കുഴഞ്ഞു വീണ മധുവിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം മരിച്ചു. സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധമാണുയരുന്നത്.