ധോണി തകര്‍ത്തു, റെക്കോര്‍ഡുകള്‍ ഒപ്പം പോന്നു

Posted on: February 23, 2018 6:55 am | Last updated: February 23, 2018 at 1:00 am

സെഞ്ചൂറിയന്‍: ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം ഫൈനലായി മാറും ! രണ്ടാം ട്വന്റി20 മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചതോടെയാണിത്. ആറു വിക്കറ്റിന്റെ ഗംഭീര ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 1-1. മത്സരത്തില്‍ ചില താരങ്ങള്‍ നാണക്കേട് ഏറ്റുവാങ്ങിയപ്പോള്‍ ചിലര്‍ നക്ഷത്രങ്ങളെ പോലെ വെട്ടിത്തിളങ്ങി.

ധോണിക്ക് സിക്‌സര്‍ റെക്കോര്‍ഡ്

ട്വന്റി20യില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡിന് ധോണി അര്‍ഹനായി. കഴിഞ്ഞ മല്‍സരത്തിലെ മൂന്നു സിക്‌സറോടെ ധോണിയുടെ സമ്പാദ്യം 44 സിക്‌സറുകളായി ഉയര്‍ന്നു. ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറെയാണ് (43) ധോണി പിന്തള്ളിയത്. പാകിസ്താന്റെ മുഹമ്മദ് ഷഹ്‌സാദ് (68), ന്യൂസിലന്‍ഡിന്റെ ബ്രെന്‍ഡന്‍ മക്കുല്ലം (58) എന്നിവര്‍ മാത്രമേ ഇനി ധോണിക്കു മുന്നിലുള്ളൂ.

നാലില്‍ മികച്ച കൂട്ടുകെട്ട് !
ട്വന്റി20യില്‍ നാലാം വിക്കറ്റിലെ ഏറ്റവുമുയര്‍ന്ന നാലാമത്തെ കൂട്ടുകെട്ടാണ് ധോണിയും മനീഷ് പാണ്ഡെയും ചേര്‍ന്ന് കുറിച്ചത്. ഇരുവരും 98 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. പാകിസ്താന്റെ ശുഐബ് മാലിക്ക് മിസ്ബാഹുല് ഹഖ് (119*) സഖ്യത്തിനാണ് നിലവിലെ റെക്കോര്‍ഡ്. 2007ല്‍ ആസ്‌ത്രേലിയക്കെതിരേയായിരുന്നു ഇവരുടെ റെക്കോര്‍ഡ് പ്രകടനം.

ധോണിക്ക് വേഗമേറിയ ഫിഫ്റ്റി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ട്വന്റി20യില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിക്കൊപ്പം ധോണിയെത്തി. 27 പന്തിലായിരുന്നു സെഞ്ചൂറിയനില്‍ ധോണി 50 തികച്ചത്. നേരത്തേ ആദ്യ ട്വന്റിയില്‍ ശിഖര്‍ ധവാനും ഇത്ര തന്നെ പന്തില്‍ ഫിഫ്റ്റി നേടിയിരുന്നു.

ധോണിയുടെ സൂപ്പര്‍ ഷോ..

ട്വന്റി20യില്‍ അവസാന രണ്ടോവറില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ധോണി മാറി. 28 റണ്‍സാണ് രണ്ടോവറില്‍ ധോണി നേടിയത്. 2007ല്‍ ഇംഗ്ലണ്ടിനെതിരേ രണ്ടോവറില്‍ 44 റണ്‍സ് വാരിക്കൂട്ടിയ യുവരാജ് സിംഗന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. 2016ല്‍ വിന്‍ഡീസിനെതിരേ വിരാട് കോലി അവസാന രണ്ടോവറില്‍ നേടിയ 26 റണ്‍സാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

ക്ലാസെന്റെ ക്ലാസ് ഫിഫ്റ്റി..

ട്വന്റി20യില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിയാണ് ക്ലാസെന്‍ സ്വന്തം പേരിലാക്കിയത്. 22 പന്തില്‍ അഞ്ചു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കമാണ് താരം 50 തികച്ചത്. 21 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ എബി ഡിവില്ലിയേഴ്‌സും ക്വിന്റണ്‍ ഡികോക്കും നിലവില്‍ റെക്കോര്‍ഡ് പങ്കിടുകയാണ്. എന്നാല്‍ ഇന്ത്യക്കെതിരേ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിക്ക് ക്ലാസെന്‍ അര്‍ഹനായി. 2011ല്‍ മോര്‍നെ വാന്‍ വിക്ക് (24 പന്തില്‍ 50) സ്ഥാപിച്ച റെക്കോര്‍ഡാണ് പഴങ്കഥയായത്.