Connect with us

National

ട്രൂഡെ സന്ദര്‍ശനം വിവാദത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡെയുടെ ഇന്ത്യാ സന്ദര്‍ശനം വിവാദത്തില്‍. പഞ്ചാബ് മുന്‍ മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഖലിസ്ഥാന്‍ ഭീകരനെ തനിക്കൊപ്പം വിരുന്നിന് ക്ഷണിച്ചെന്ന വിവരം പുറത്തുവന്നതാണ് ട്രൂഡെയെ വിവാദത്തിലാക്കിയത്. അതിനിടെ, ഖലിസ്ഥാന്‍ ഭീകരന്‍ ജസ്പാല്‍ അത്വാളും ജസ്റ്റിന്‍ ട്രൂഡെയുടെ ഭാര്യയും ഒരുമിച്ചുള്ള ഫോട്ടോയും പുറത്തുവന്നു.
ജസ്റ്റിന്‍ ട്രൂഡെക്ക് വേണ്ടി ന്യൂഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ നദീര്‍ പട്ടേലാണ് ഇന്നലെ രാത്രി അത്താഴ വിരുന്ന് ഒരുക്കിയത്. വിവാദമായതോടെ ക്ഷണിക്കപ്പെട്ടവരില്‍ നിന്ന് അത്വാളിനെ ഒഴിവാക്കി. ട്രൂഡെയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്ന് നദീര്‍ പട്ടേല്‍ വ്യക്തമാക്കി.

ഖലിസ്ഥാന്‍ ഭീകരവാദത്തോട് മൃദുസമീപനം പുലര്‍ത്തുന്ന കനേഡിയന്‍ സര്‍ക്കാറിന്റെ നടപടി ട്രൂഡെയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഉടനീളം നിഴലിക്കുന്നുണ്ട്. ന്യൂഡല്‍ഹിയിലെത്തി ദിവസങ്ങള്‍ പിന്നിട്ടെങ്കിലും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി ഇതുവരെ സന്നദ്ധനായിട്ടില്ല. സാധാരണ നിലയില്‍ മറ്റ് രാഷ്ട്രത്തലവന്മാരുടെ സന്ദര്‍ശനവേളയില്‍ ലഭിക്കുന്ന ഔദ്യോഗിക സ്വീകരണം പോലുമില്ലാതെയാണ് ട്രൂഡെയുടെ ഇന്ത്യന്‍ സന്ദര്‍ശനം പുരോഗമിക്കുന്നത്.
അതിനിടെയാണ് ഇന്ത്യന്‍ ആരോപണം സാധൂകരിക്കുന്ന നിലയില്‍ അദ്ദേഹത്തിന്റെ ഖലിസ്ഥാന്‍ ബന്ധം മറനീക്കി പുറത്തുവന്നത്. എന്നാല്‍, ജസ്പാല്‍ അത്വാളിനെ ഒരു ചടങ്ങിലേക്കും ക്ഷണിച്ചിട്ടില്ലെന്നും അത്താഴവിരുന്നിനുള്ള ക്ഷണത്തില്‍ നിന്ന് അയാളെ ഒഴിവാക്കിയിട്ടുണ്ടെന്നും കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ക്ഷണിക്കപ്പെട്ടവരില്‍ അത്വാള്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് അന്വേഷിക്കുമെന്നും ഓഫീസ് അറിയിച്ചു. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായതുമില്ല. കനേഡിയന്‍ പൗരത്വമുള്ള ജസ്പാല്‍ അത്വാളിന് വിസ ലഭിച്ചത് വിദേശകാര്യ മന്ത്രാലയം ഗൗരവത്തിലാണ് കാണുന്നത്.

1986ല്‍ അകാലിദള്‍ നേതാവും സംസ്ഥാന മന്ത്രിയുമായിരുന്ന മല്‍കിയത് സിംഗ് സിദ്ധുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അത്വാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ശിക്ഷിക്കപ്പെട്ടിരുന്നു. 1991ല്‍ സിഖ് ഭീകരരുടെ ആക്രമണത്തില്‍ സിദ്ധു പിന്നീട് കൊല്ലപ്പെടുകയും ചെയ്തു. ഇന്തോ-കനേഡിയന്‍ രാഷ്ട്രീയ നേതാവും കനേഡിയന്‍ പ്രവിശ്യാ മുഖ്യമന്ത്രിയുമായിരുന്ന ദോസഞ്ചിനെ മാരകമായി ആക്രമിച്ച കേസിലും അത്വാള്‍ ഉള്‍പ്പെട്ടിരുന്നു. ഇന്റര്‍നാഷനല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ (ഐ എസ് വൈ എഫ്) അംഗമായിരുന്നു ജസ്പാല്‍ അത്വാള്‍. പ്രത്യേക സിഖ് സംസ്ഥാനത്തിന് (ഖലിസ്ഥാന്‍) വേണ്ടി പ്രക്ഷോഭരംഗത്തുള്ള സംഘടനകളില്‍ ഒന്നാണ് ഐ എസ് വൈ എഫ്.
ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുക, സിഖ് വംശജര്‍ കാനഡയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സൗഹൃദപരമായി പരിഹരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ട്രൂഡെയുടെ ഇന്ത്യാ സന്ദര്‍ശനം. പഞ്ചാബില്‍ നിന്നുള്ള നിരവധി സിഖ് കുടുംബങ്ങളാണ് വര്‍ഷങ്ങളായി കാനഡയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളത്.

 

 

---- facebook comment plugin here -----

Latest